രഞ്ജിത്-സിബി മലയിൽ കൂട്ടുകെട്ടിൽ 1998ൽ പുറത്തിറങ്ങിയ മെഗാഹിറ്റ് ചിത്രമാണ് സമ്മർ ഇൻ ബത്ലഹേം. സുരേഷ് ഗോപി, മഞ്ജു വാര്യർ, ജയറാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ മോഹൻലാൽ അതിഥി താരമായും എത്തി. സമ്മർ ഇൻ ബത്ലഹേം റിലീസ് ചെയ്ത് 23 വർഷം തികയുകന്ന സെപ്തംബർ നാലിന് ചിത്രത്തെക്കുറിച്ചും അതിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും ഓർത്തുകൊണ്ട് സുരേഷ് ഗോപിയുടെ ഒരു കുറിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു.
തന്റെ മനസ്സിനോട് ഏറ്റവും അടുത്തി നിൽക്കുന്നതും തനിക്ക് പൂർണ തൃപ്തി നൽകിയതുമായ കഥാപാത്രങ്ങളാണ് ഈ ചിത്രത്തിലെ ഡെന്നീസ് എന്ന കഥാപാത്രമെന്ന് സുരേഷ് ഗോപി കുറിച്ചു. മാന്ത്രികത കാട്ടുന്ന അനാഥനായ കോടീശ്വരനെക്കാളുപരി മനുഷ്യസ്നേഹിയായ ഡെന്നിസിനെ അവതരിപ്പിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചുവെന്നും സുരേഷ് ഗോപിയുടെ കുറിപ്പിൽ പറയുന്നു.
“മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായി മാറിയ തെണ്ടി ചെറുക്കന്റെ കഥ ഒരു മുത്തശ്ശി കഥപോലെ വിചിത്രം. എന്റെ മനസ്സിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന, എനിക്ക് പൂർണ്ണതൃപ്തി നൽകിയ ഒരു കഥാപാത്രമാണ് ബെത്‌ലഹേം ഡെന്നിസ്. മാന്ത്രികത കാട്ടുന്ന അനാഥനായ കോടീശ്വരനെക്കാളുപരി മനുഷ്യസ്നേഹിയായ ഡെന്നിസിനെ അവതരിപ്പിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു..” സുരേഷ് ഗോപി ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
1998 സെപ്തംബർ നാലിനാണ് സമ്മർ ഇൻ ബത്ലഹേം റിലീസ് ചെയ്തത്. സിബി മലയിലിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് രഞ്ജിത് ആയിരുന്നു.
Read more: ജയറാമിന് പൂച്ചക്കുട്ടിയെ അയച്ച ആ അജ്ഞാത കാമുകി ആര്?
ആമി എന്ന കഥാപാത്രമായി മഞ്ജു വാര്യരും ഡെന്നീസ്, രവിശങ്കർ എന്നീ കഥാപാത്രങ്ങളായി സുരേഷ് ഗോപിയും ജയറാമും സ്ക്രീനിലെത്തി. നിരഞ്ജൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ അതിഥി വേഷത്തിലെത്തിയത്. കലാഭവൻ മണി, ജനാർദ്ധനൻ, സുകുമാരി, രസിക, മയൂരി, ശ്രീജയ, മഞ്ജുള എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു.