സഹായമഭ്യർത്ഥിച്ച് തനിക്കു മുന്നിലെത്തുന്നവരെയും കഷ്ടപ്പാടുകൾ അനുഭവിക്കുന്നവരെയും സഹായിക്കാൻ എന്നും മടികൂടാതെ രംഗത്ത് എത്താറുള്ള താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപു തന്നെ നിരവധി സന്നദ്ധപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടലുകൾ നടത്തിയിട്ടുള്ള വ്യക്തികൂടിയാണ് താരം. കനിവിന്റെ കരങ്ങളുമായി പുല്ലൂറ്റ് സ്വദേശിയായ ഭിന്നശേഷിക്കാരന് ആശ്വാസം പകർന്നിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോൾ.
പുല്ലൂറ്റ് സ്വദേശിയായ അനീഷിന് ഒരു കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്നതിനായി ഫെഡറൽ ബാങ്കിൽ നിന്നും രണ്ടരലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാൽ അനീഷിന്റെ അക്കൗണ്ടിലേക്ക് വന്ന ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ തുക ബാങ്ക് വായ്പയിലേക്കായി വരവു വെച്ചു. ഇക്കാര്യം ഫേസ്ബുക്കിലൂടെ അനീഷ് അറിയിച്ചതിനെ തുടർന്നാണ് സുരേഷ് ഗോപി ഇടപ്പെട്ടത്. അനീഷിന്റെ വായ്പ കുടിശികയായ ഒരു 1,50,000 രൂപയും പലിശയും സുരേഷ് ഗോപി അടച്ചു തീർക്കുകയായിരുന്നു.
കേരളത്തിൽ ഏറ്റവുമധികം കോവിഡ് ബാധിതരുള്ള കാസർഗോഡ് ജില്ലയ്ക്ക് അടുത്തിടെ സുരേഷ് ഗോപി വെന്റിലേറ്റർ നൽകുകയും ചെയ്തിരുന്നു. അച്ഛൻ ചെയ്യുന്ന പല നല്ല കാര്യങ്ങളും സംസാരിക്കപ്പെടാതെ പോകുന്നുവെന്ന് പറഞ്ഞ് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു. ഇരുപത്തിയഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മൂന്നു വെന്റിലേറ്ററുകളും മൊബൈൽ എക്സേ യൂണിറ്റുമാണ് സുരേഷ്ഗോപി കാസർഗോഡിന് നൽകിയത്.
Read more: ഇകഴ്ത്തലുകളിൽ തളരാത്ത നിങ്ങൾ അഭിമാനമാണ് അച്ഛാ; സുരേഷ് ഗോപിയെ കുറിച്ച് മകൻ ഗോകുൽ