നടപ്പിലും സംസാരത്തിലും രൂപഭാവത്തിലുമൊക്കെ അച്ഛൻ സുരേഷ് ഗോപിയെ ഓർമ്മപ്പെടുത്തുന്ന ഗോകുൽ സുരേഷിനെ ജൂനിയർ ചാക്കോച്ചിയെന്നാണ് ആരാധകർ വിളിക്കുന്നത്. ‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ൽ മുണ്ടുടുത്ത് മാസ് സ്റ്റൈലിൽ ഗോകുൽ സുരേഷ് വന്നിറങ്ങുമ്പോഴും ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ സുരേഷ് ഗോപിയുടെ പഴയ കഥാപാത്രങ്ങളെയാണ് ഗോകുൽ ഓർമ്മിപ്പിച്ചത്. ഇപ്പോഴിതാ തന്റെ തനിപകർപ്പായ മകന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയാണ് നടനും എംപിയുമായ സുരേഷ്ഗോപി. തന്റെ പഴയകാലത്തെ ഫോട്ടോയ്ക്ക് ഒപ്പമാണ് മകന്റെ ഫോട്ടോയും താരം ചേർത്തുവച്ചിരിക്കുന്നത്.

നാളെ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ‘സൂത്രക്കാരൻ’ എന്ന പുതിയ ചിത്രത്തിന്റെ ഗെറ്റപ്പിലാണ് ഗോകുൽ സുരേഷ് ചിത്രത്തിൽ. എന്തായാലും അച്ഛന്റെയും മകന്റെയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. താങ്കളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണല്ലോ മകൻ എന്നൊക്കെയുള്ള കമന്റുകളുമായി ആരാധകരും സജീവമാണ്.

അച്ഛന്റെ വഴിയേ സിനിമയിലെത്തിയ ഗോകുലും അഭിനയത്തിൽ സജീവമാണിപ്പോൾ. പ്രണവ് മോഹൻലാൽ നായകനായ ‘ഇരുപത്തൊന്നാം നൂറ്റാണ്ടിൽ’ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചതിനു ശേഷം ഗോകുൽ നായകനാവുന്ന പുതിയ ചിത്രമാണ് ‘സൂത്രക്കാരൻ’. നിരഞ്ജ് മണിയൻപിള്ളയാണ് ചിത്രത്തിലെ മറ്റൊരു നായകൻ. മാസ് ഗെറ്റപ്പിലാണ് ഗോകുൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വർഷ ബൊല്ലാമ്മ നായികയാവുന്ന ചിത്രത്തിൽ ലാലു അലക്സ്, ധർമജൻ ബോൾഗാട്ടി, സ്വാസിക, കൈലാഷ്, സരയൂ, വിജയരാഘവൻ എന്നിവരാണ് മറ്റു താരങ്ങൾ. സ്മൃതി സിനിമാസിന്റെ ബാനറിൽ വിച്ചു ബാലമുരളി, ടോമി കെ വർഗ്ഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ‘തമിഴരശൻ’ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് താരമിപ്പോൾ. ബാബു യോഗ്വേശരൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ ‘തമിഴരശനി’ൽ ഒരു ഡോക്ടർ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകൻ. ‘ദാസ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാബു യോഗ്വേശരൻ ഒരുക്കുന്ന ‘തമിഴരശൻ’ ഒരു ആക്ഷൻ എന്റർടെയിനർ ആണ്. ആർ ഡി രാജശേഖർ ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഭുവൻ ശ്രീനിവാസൻ എഡിറ്റിംഗ് നിർവ്വഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം എസ് എൻ എസ് മൂവീസ് ആണ്. രമ്യാ നമ്പീശനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

രാഷ്ട്രീയത്തിൽ സജീവമായതോടെ സിനിമയിൽ നിന്നൊരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു സുരേഷ് ഗോപി. ‘മൈ ഗോഡ്’ (2015) എന്ന ചിത്രത്തിലാണ് താരം ഒടുവിൽ അഭിനയിച്ചത്. സുരേഷ് ഗോപിയുടെ തിരിച്ചുവരവിനെ കുറിച്ച് ഇടയ്ക്ക് പലവട്ടം വാർത്തകൾ വന്നിരുന്നെങ്കിലും അതൊന്നും താരം സ്ഥിതീകരിച്ചിരുന്നില്ല. സൂപ്പർ ഹിറ്റ് ചിത്രമായ ‘ലേല’ത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാവും സുരേഷ് ഗോപിയുടെ തിരിച്ചുവരവെന്നും സിനിമയിൽ സജീവമാകുന്ന മകൻ ഗോകുൽ സുരേഷും ചിത്രത്തിലുണ്ടാവുമെന്നുമൊക്കെ ഇടയ്ക്ക് വാർത്തകൾ വന്നിരുന്നു.

Read more: ചരിത്രം ആവർത്തിക്കാനുള്ളതാണ്; അന്ന് മോഹൻലാലും സുരേഷ് ഗോപിയുമെങ്കിൽ ഇന്ന് മക്കൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook