സിനിമയിൽനിന്നും മാറി രാഷ്ട്രീയത്തിലേക്ക് ചുവടു മാറ്റിയിരിക്കുകയാണ് നടൻ സുരേഷ് ഗോപി. അപ്പോഴും സിനിമയെ പൂർണമായി മറക്കാൻ സുരേഷ് ഗോപിക്ക് കഴിഞ്ഞിട്ടില്ല. അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച ഒരു ചിത്രം ഇതു ശരിയാണെന്നു ചൂണ്ടിക്കാട്ടും. 1998 ൽ പുറത്തിറങ്ങിയ സിബി മലയിൽ ചിത്രം സമ്മർ ഇൻ ബെത്‌ലഹേമിലെ ലൊക്കേഷനിൽനിന്നുളള ചിത്രമാണ് സുരേഷ് ഗോപി ഫെയ്സ്ബുക്ക് പേജിൽ ഷെയർ ചെയ്തിരിക്കുന്നത്. ചിത്രത്തിനൊപ്പം നൊസ്റ്റാൾജിയ എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.

ചിത്രത്തിനുതാഴെ നിരവധി കമന്റുകളാണ് വരുന്നത്. എല്ലാവർക്കും സുരേഷ് ഗോപിയോട് ചോദിക്കാനുളളത് ഒന്നുമാത്രം. ചിത്രത്തിൽ ജയറാമിന് പൂച്ചക്കൂട്ടിയെ പാർസൽ ആയി അയച്ചുകൊടുത്തതാര്? സുരേഷേട്ടാ ഇനിയെങ്കിലും താങ്കൾ ആ സത്യം തുറന്നു പറയണം. ഇതുപോലെ ഒരു സസ്പെൻസ് വേറെ ഒരു മലയാള സിനിമയിലും ഞാൻ കണ്ടിട്ടില്ലെന്നാണ് ഒരു കമന്റ്. ഉത്തരം ലഭിക്കാത്ത ഒരു ചോദ്യത്തോടെയായിരുന്നു സമ്മർ ഇൻ ബെത്‌ലഹേം ചിത്രം അവസാനിച്ചത്. അഞ്ചു പെൺകുട്ടികളിൽ ജയറാമിന് പ്രണയസമ്മാനമായി പൂച്ചക്കുട്ടിയെ അയച്ചു കൊടുത്തതാര് എന്നത് ഇന്നും ആർക്കും പിടികിട്ടിയിട്ടില്ല.

റിലീസായി 18 വർഷങ്ങൾ പിന്നിട്ടിട്ടും സമ്മർ ഇൻ ബെത്‌ലഹേം എന്ന ചിത്രം ഇപ്പോഴും മലയാളികളുടെ മനസ്സിൽ തങ്ങിനിൽപ്പുണ്ട്. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം വൻ ഹിറ്റായിരുന്നു. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു. ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗർ ആയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ