ചൊവ്വാഴ്ച്ചയാണ് സുരേഷ് ഗോപി ആശുപത്രിയിൽ ചികിത്സ തേടി എന്ന വാർത്ത പ്രചരിച്ചത്. എന്നാൽ ഈ വാർത്ത നിഷേധിക്കുകയാണ് താരം. സോഷ്യൽ മീഡിയ പേജിലൂടെയാണ് പ്രചരിച്ചത് വ്യജ വാർത്തയാണെന്ന കാര്യം സുരേഷ് ഗോപി വ്യക്തമാക്കിയത്.
ആശുപത്രിയിലാണെന്ന തരത്തിൽ പുറത്തുവന്ന വാർത്ത തെറ്റാണെന്നും സുഖ വിവരങ്ങൾ അന്വേഷിച്ച എല്ലാവരോടും നന്ദിയും പറയുന്നുണ്ട് താരം. ഗരുഡൻ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ സുരേഷ് ഗോപി. “ഞാൻ ആശുപത്രിയാണെന്നുള്ള വാർത്ത തെറ്റാണ്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് എനിക്ക് ഒരു കുഴപ്പവുമില്ല, ആലുവ യു സി കോളേജിൽ ഗരുഡൻ എന്ന ചിത്രത്തിന്റെ ഷൂട്ടിലാണ് ഞാനിപ്പോൾ. എന്റെ വിവരം തിരക്കി സന്ദേശങ്ങൾ അയച്ച എല്ലാവർക്കും നന്ദി,” സുരേഷ് ഗോപി കുറിച്ചു.
അനവധി ആരാധകരും പോസ്റ്റിനു താഴെ വിവരം അറിഞ്ഞതിൽ സന്തോഷം അറിയിച്ചിട്ടുണ്ട്. ഒരു നായയ്‌ക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് സുരേഷ് ഗോപി പങ്കുവച്ചത്. അതു പ്രഭാകരനാണോ എന്നാണ് ആരാധകരുടെ ചോദ്യം. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ വളർത്തു നായയെ വിളിക്കുന്ന പേരാണ് പ്രഭാകരൻ എന്നത്.
അരുൺ വർമയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഗരുഡൻ.’ മിഥുൻ മാനുവൽ തിരക്കഥ എഴുതിയ ചിത്രം നിർമിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനാണ്. ബിജു മോനോൻ, അഭിരാമി, സിദ്ദീഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്.