നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി വീണ്ടും അഭിനയിക്കുന്നു. ‘തമിഴരശൻ’ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് താരമിപ്പോൾ. ബാബു യോഗ്വേശരൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ ‘തമിഴരശനി’ൽ ഒരു ഡോക്ടർ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകൻ. ലൊക്കേഷൻ ചിത്രം തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം.
‘ദാസ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാബു യോഗ്വേശരൻ ഒരുക്കുന്ന ‘തമിഴരശൻ’ ഒരു ആക്ഷൻ എന്റർടെയിനർ ആണ്. ആർ ഡി രാജശേഖർ ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഭുവൻ ശ്രീനിവാസൻ എഡിറ്റിംഗ് നിർവ്വഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം എസ് എൻ എസ് മൂവീസ് ആണ്. രമ്യാ നമ്പീശനാണ് ചിത്രത്തില് നായികയായി എത്തുന്നത്.
രാഷ്ട്രീയത്തിൽ സജീവമായതോടെ സിനിമയിൽ നിന്നൊരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു സുരേഷ് ഗോപി. ‘മൈ ഗോഡ്’ (2015) എന്ന ചിത്രത്തിലാണ് താരം ഒടുവിൽ അഭിനയിച്ചത്. സുരേഷ് ഗോപിയുടെ തിരിച്ചുവരവിനെ കുറിച്ച് ഇടയ്ക്ക് പലവട്ടം വാർത്തകൾ വന്നിരുന്നെങ്കിലും അതൊന്നും താരം സ്ഥിതീകരിച്ചിരുന്നില്ല. സൂപ്പർ ഹിറ്റ് ചിത്രമായ ‘ലേല’ത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാവും സുരേഷ് ഗോപിയുടെ തിരിച്ചുവരവെന്നും സിനിമയിൽ സജീവമാകുന്ന മകൻ ഗോകുൽ സുരേഷും ചിത്രത്തിലുണ്ടാവുമെന്നുമൊക്കെ ഇടയ്ക്ക് വാർത്തകൾ വന്നിരുന്നു.
Read more: ചരിത്രം ആവർത്തിക്കാനുള്ളതാണ്; അന്ന് മോഹൻലാലും സുരേഷ് ഗോപിയുമെങ്കിൽ ഇന്ന് മക്കൾ
അച്ഛന്റെ വഴിയേ സിനിമയിലെത്തിയ ഗോകുലം അഭിനയത്തിൽ സജീവമാണിപ്പോൾ. പ്രണവ് മോഹൻലാൽ നായകനായ ‘ഇരുപത്തൊന്നാം നൂറ്റാണ്ടിൽ’ ശ്രദ്ധേയമായ വേഷത്തിലും ഗോകുൽ അഭിനയിച്ചിരുന്നു. ഗോകുൽ നായകനായ ‘സൂത്രക്കാരൻ’ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൽ നിരഞ്ജ് മണിയൻപിള്ളയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാസ് ഗെറ്റപ്പിലാണ് ഗോകുൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. പഴയകാല സുരേഷ് ഗോപിയെ ഓർമ്മപ്പെടുത്തുന്ന ഗോകുലിനെ ജൂനിയർ ചാക്കോച്ചി എന്നാണ് പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. വർഷ ബൊല്ലാമ്മ നായികയാവുന്ന ചിത്രത്തിൽ ലാലു അലക്സ്, ധർമജൻ ബോൾഗാട്ടി, സ്വാസിക, കൈലാഷ്, സരയൂ, വിജയരാഘവൻ എന്നിവരാണ് മറ്റു താരങ്ങൾ. സ്മൃതി സിനിമാസിന്റെ ബാനറിൽ വിച്ചു ബാലമുരളി, ടോമി കെ വർഗ്ഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാർച്ച് എട്ടിനാണ് ചിത്രത്തിന്റെ റിലീസ്.