‘ഐ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ബാബു യോഗേശ്വരൻ സംവിധാനം ചെയ്യുന്ന ‘തമിഴരസൻ’. വിജയ് ആന്റണി പോലീസ് ഇൻസ്പെക്ടർ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘തമിഴരസനി’ൽ സിനിമയിൽ പ്രതിനായക ഛായയുള്ള ഒരു ഡോക്ടർ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. അഞ്ചു വർഷത്തിനു ശേഷമാണ് സുരേഷ് ഗോപി തമിഴ് സിനിമയിൽ അഭിനയിക്കുന്നത്.
“ഏറെ വൈകാരികതയാർന്ന ഒരു കഥാപാത്രമാണ് സുരേഷ് ഗോപിയുടേത്. പ്രതിനായകനായി തോന്നുമെങ്കിലും വിജയ് ആന്റണിക്ക് ഒപ്പം കട്ടക്കു നിൽക്കുന്ന നായക തുല്യമായ കഥാപാത്രമാണ്. കഥ കേട്ട് സംതൃപ്തനായ അദ്ദേഹം തിരക്കുകൾക്കിടയിൽ ‘തമിഴരസനു’ വേണ്ടി ദിവസങ്ങൾ നീക്കിവെച്ച് പൂർണ സഹകരണം നൽകി. ചിത്രത്തിലെ മർമ്മ പ്രധാന കഥാപാത്രമായത് കൊണ്ട് അദ്ദേഹത്തിന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിവരിക്കാനാവില്ല, ” സംവിധായകൻ ബാബു യോഗേശ്വരൻ പറയുന്നു.
വിജയ് ആന്റണി ആദ്യമായി ചെയ്യുന്ന ആക്ഷൻ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണിത്. പത്തു വയസുകാരന്റെ പിതാവയിട്ടണ് വിജയ് ആന്റണി അഭിനയിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള ആത്മ ബന്ധത്തിലൂടെ വികസിക്കുന്ന ഒരു പ്രമേയമാണ് തമിഴരസന്റെത്.
രമ്യാ നമ്പീശനാണ് ‘തമിഴരസനി’ൽ വിജയ് ആന്റണിയുടെ നായിക. ഛായാസിംഗ് , സംഗീത, കസ്തൂരി, മധുമിതാ, സോനു സുഡ്, രാധാരവി, റോബോ ഷങ്കർ യോഗി ബാബു, മുനിഷ് കാന്ത്, സെന്ദ്രായൻ, അശ്വിൻ രാജാ തുടങ്ങി വലിയൊരു താര നിര ചിത്രത്തിലുണ്ട്. സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നതും പ്രഗത്ഭർ തന്നെ. ഇളയരാജയാണ് സംഗീത സംവിധാനം. ആർ. ഡി. രാജശേഖർ ഛായാഗ്രഹണവും അനൽ അരസു സംഘട്ടന സംവിധാനവും നിർവഹിച്ചിരിക്കുന്നു. എസ് എൻ എസ് മൂവീസിന്റെ ബാനറിൽ കൗസല്യാ റാണി നിർമ്മിച്ച ഫാമിലി ആക്ഷൻ എന്റർടൈനറായ ‘തമിഴരസൻ’ ജൂലൈയിൽ പ്രദർശനത്തിനെത്തും.
അച്ഛന്റെ സിനിമയിലേക്കുള്ള മടങ്ങിവരവിൽ ഏറെ സന്തോഷവാനാണ് നടനും മകനുമായ ഗോകുൽ സുരേഷ്. ‘തമിഴരശൻ’ എന്ന ചിത്രത്തിന്റെ ചെന്നൈയിലെ ലൊക്കേഷനിൽ സുരേഷ് ഗോപിയെ കാണാൻ മകൻ ഗോകുൽ സുരേഷും ഇളയമകൾ ഭവാനിയും എത്തിയത് വാർത്തയായിരുന്നു. മകന്റെയും മകളുടെയും ലൊക്കേഷൻ സന്ദർശനത്തിന്റെ ചിത്രങ്ങളും ഹൃദയസ്പർശിയായ കുറിപ്പും സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
“ഗോകുലും ഇളയ മകൾ ഭവാനിയും തമിഴരശന്റെ ലൊക്കേഷനിൽ വന്നു. എന്റെ അടുത്തുനിന്നും അൽപ്പം അകലെ കൈകെട്ടി നിന്നു കൊണ്ട് ഗോകുൽ എന്നോട് മന്ത്രിച്ചു, ഈ ലൈറ്റുകൾക്കും ആർട്ടിസ്റ്റുകൾക്കും ടെക്നീഷ്യന്മാർക്കും ഇടയിൽ അച്ഛനെ കാണുമ്പോൾ എനിക്കേറെ സന്തോഷമുണ്ട്. എപ്പോഴും അച്ഛനെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം. ആ വാക്കുകൾ എന്നെ ഏറെ സന്തോഷിപ്പിച്ചു. പക്ഷേ ഒരു സാമൂഹ്യപ്രവർത്തകൻ എന്ന നിലയിൽ ഞാനെന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ബോധവാനാണ്. എന്തുവില കൊടുത്തും എന്റെ മാതൃരാജ്യത്തോടുള്ള എന്റെ ഉത്തരവാദിത്വങ്ങൾ ഞാൻ നിറവേറ്റും.” എന്നായിരുന്നു സുരേഷ് ഗോപി കുറിച്ചത്.
Read more: അച്ഛനെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം; സുരേഷ് ഗോപിയോട് മകൻ ഗോകുൽ
രാഷ്ട്രീയത്തിൽ സജീവമായതോടെ സിനിമയിൽ നിന്നൊരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു സുരേഷ് ഗോപി. ‘മൈ ഗോഡ്’ (2015) എന്ന ചിത്രത്തിലാണ് താരം ഒടുവിൽ അഭിനയിച്ചത്. സൂപ്പർ ഹിറ്റ് ചിത്രമായ ‘ലേല’ത്തിന്റെ രണ്ടാം ഭാഗത്തിലും അഭിനയിക്കാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ സിനിമാ കരിയറിലെ ഏറ്റവും വലിയ ജനപ്രിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘ലേലം’. വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് നിതിന്‍ രഞ്ജി പണിക്കറാണ്. രഞ്ജി പണിക്കര്‍ തിരക്കഥ എഴുതിയ ചിത്രത്തിന്റെ ആദ്യ ഭാഗം സംവിധാനം ചെയ്തത് ജോഷിയായിരുന്നു.