തെരഞ്ഞെടുപ്പില്‍ പരാജിതനായതിനെ തുടര്‍ന്ന് മത്സരിച്ച തൃശൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് സുരേഷ് ഗോപി.
‘തൃശൂരിന് എന്റെ നന്ദി! എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി! നൽകാത്തവർക്കും നന്ദി!
ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്നേഹം മാത്രം!,’ സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.
എല്‍ ഡി എഫിന്റെ ബാലചന്ദ്രന്‍, യു ഡി ഫിന്റെ പത്മജ വേണുഗോപാല്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപി എന്നിവര്‍ തമ്മിലുള്ള ശക്തമായ ത്രികോണ മത്സരമായിരുന്നു തൃശൂര്‍ മണ്ഡലത്തില്‍. 1,215 വോട്ടിന്റെ ലീഡില്‍ പി ബാലചന്ദ്രന്‍ ജയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും എൻ ഡി എയ്ക്ക് നേടാനായില്ല. അഞ്ചു മണ്ഡലങ്ങളിൽ മാത്രമാണ് മുന്നണിക്ക് ഇത്തവണ വോട്ടുനില വർദ്ധിപ്പിക്കാനായത്. അതിൽ പകുതിയിൽ കൂടുതൽ വോട്ടും ലഭിച്ചത് സുരേഷ് ഗോപി മത്സരിച്ച തൃശൂർ മണ്ഡലത്തിൽ നിന്നാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ചതിനേക്കാൾ 15,709 വോട്ടുകളാണ് ഇത്തവണ അധികം നേടിയത്.