അച്ഛന്റെ പിന്നാലെ സിനിമയിലെത്തിയ യുവനടനാണ് ഗോകുൽ സുരേഷ്. മകൻ ഗോകുലിനെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മകന്റെ സിനിമായാത്രയിൽ ഒരു തരിമ്പ് പോലും താൻ സഹായിച്ചിട്ടില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്.
“ഞാൻ എന്റെ മകൻ ഗോകുലിനെ ഒരു തരിമ്പ് പോലും സിനിമയിൽ സഹായിച്ചിട്ടില്ല. അവന് വേണ്ടി ആരോടും ചാൻസ് ചോദിച്ചിട്ടില്ല. എനിക്ക് വേണ്ടി പോലും ഞാൻ ആരോടും ചോദിച്ചിട്ടില്ല. ഗോകുലിന്റെ ഒരു സിനിമ മാത്രമാണ് തീയറ്ററിൽ പോയിരുന്ന് കണ്ടത്. അതും ഭാര്യ നിർബന്ധിച്ചിട്ടാണ്. അവന്റെ കാര്യത്തിൽ തീരെ ശ്രദ്ധിക്കാതെയിരിക്കുന്നത് കുഞ്ഞിന് മാനസികമായി പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞു. അങ്ങനെയാണ് ഇര സിനിമ കാണുന്നത്. അതുകണ്ടപ്പോൾ എനിക്ക് കുറ്റബോധം തോന്നിപ്പോയി. എന്റെ കുഞ്ഞിന്റെ ക്രിയേറ്റീവ് സൈഡ് എങ്കിലും പ്രോത്സാഹിപ്പിക്കാൻ അച്ഛൻ എന്ന രീതിയിൽ ഞാൻ ശ്രദ്ധിക്കണമായിരുന്നു എന്ന് തോന്നി,” മനോരമന്യൂസിന് നൽകിയ അഭിമുഖത്തിൽ സുരേഷ്ഗോപി പറഞ്ഞു.

ഗോകുൽ സുരേഷും അച്ഛന്റെ ഈ പ്രകൃതത്തെ കുറിച്ച് മുൻപ് അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്. “അങ്ങനെ പെട്ടെന്ന് കയറി വലിയ ആളാവേണ്ട. ഇങ്ങനെ വളര്‍ന്നാല്‍ മതി, ഞാനൊക്കെ വളര്‍ന്ന പോലെ പതിയെ വളര്‍ന്നാല്‍ മതിയെന്നായിരുന്നു’ അച്ഛന്റെ പ്രതികരണം,” എന്നാണ് മുൻപ് ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ ഗോകുൽ പറഞ്ഞത്.
‘അച്ഛന്‍ കൊണ്ട വെയിലാണ് മക്കള്‍ക്ക് കിട്ടുന്ന തണല്‍’ എന്നു പറയാറുണ്ടല്ലോ? എന്റെ അച്ഛന്‍ പക്ഷേ കുറേ ശിഖരങ്ങളൊക്കെ വെട്ടി മാറ്റി വെച്ചു, ഞാൻ വെയില്‍ കൊണ്ട് വളരാന്‍ വേണ്ടി തന്നെ. കഷ്ടപ്പാടുകള്‍ അറിഞ്ഞ് വളരണം എന്നാണ് അച്ഛന്റെ നയം. ആരും ചിരഞ്ജീവിയല്ലല്ലോ, അച്ഛനമ്മമാരുടെ തണല്‍ ഇല്ലാതാവുന്ന കാലത്തെയും അഭിമുഖീകരിക്കാന്‍ കഴിയണം, ജീവിതത്തെ നേരിടാന്‍ തയ്യാറായിരിക്കണം അതാണ് അച്ഛന്റെ ലൈന്‍. ഈ പറഞ്ഞ കാര്യങ്ങളൊന്നും അച്ഛന്‍ എപ്പോഴെങ്കിലും വാക്കാല്‍ പറഞ്ഞ കാര്യങ്ങളല്ല. എനിക്കെന്റെ അച്ഛനെ അറിയാം. അച്ഛനെ കണ്ട് ഞാന്‍ മനസ്സിലാക്കിയ കാഴ്ചപ്പാടുകള്‍ ആണിതെല്ലാം,” ഗോകുൽ പറഞ്ഞതിങ്ങനെ.