സുരേഷ് ഗോപിയുടെ ഒരു പ്രസംഗം കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും അത്തരക്കാരുടെ സർവ്വനാശത്തിനായി താൻ പ്രാർത്ഥിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. ശിവരാത്രിയോടനുബന്ധിച്ച് ആലുവ ശിവ ക്ഷേത്രത്തിലെത്തിയതാണ് താരം.ഇതിനെതിരെ അനവധി ആളുകൾ രംഗത്തെത്തിയിരുന്നു. എന്നാൽ താൻ പറഞ്ഞതിന്റെ പൂർണരൂപമല്ല വീഡിയോയിലുള്ളതെന്നും വാക്കുകൾ വളച്ചൊടിക്കപ്പെട്ടുവെന്നുമാണ് താരം പറയുന്നത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സുരേഷ് ഗോപി ഈ കാര്യം പറഞ്ഞത്.
“എന്റെ പ്രസംഗത്തിന്റെ ചില ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുന്നതായി ശ്രദ്ധയിൽപ്പെട്ടു. പക്ഷെ അത് എഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതു നിങ്ങളുടെ കൂടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് തോന്നിയതു കൊണ്ടാണ് ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്. അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ ചിന്തകളെ ഞാൻ ഒരിക്കലും ബഹുമാനിക്കാതിരുന്നിട്ടില്ല ഇനി അങ്ങനെ ചെയ്യുകയുമില്ല. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. ചിലരുടെ ദുഷ് ചിന്തകളുടെ ഫലമായിട്ടാണ് ഈ വീഡിയോ എഡിറ്റ് ചെയ്‌ത് അങ്ങനെ പോസ്റ്റ് ചെയ്‌തത്. ഭരണഘടന അംഗീകരിച്ച മതത്തിന്റെ വിശ്വാസ പ്രമാണങ്ങളെ തകർക്കാൻ നോക്കുന്നവരെ കുറിച്ചാണ് ഞാൻ സംസാരിച്ചത്. ശബരിമല വിഷയത്തെക്കുറിച്ചും എന്റെ മതത്തിനെതിരെ വന്ന രാഷ്ട്രീയ പ്രശ്‌നങ്ങളെ പറ്റിയുമാണ് ഞാൻ പറഞ്ഞത്. രാഷ്ട്രീയ ലാഭത്തിനു വേണ്ടി ആരും എന്റെ വാക്കുകൾ വളച്ചൊടിക്കാൻ ശ്രമിക്കണ്ട. ഞാൻ പറഞ്ഞ കാര്യങ്ങൾ രാഷ്ട്രീയം കലർത്തിയിട്ടില്ല, ഇനി ഒരിക്കലും അങ്ങനെ ചെയ്യുകയുമില്ല.” സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചു.
വിശ്വാസികളുടെ മാത്രം വോട്ട് മതിയെന്നു പറയാൻ ധൈര്യമുണ്ടോ എന്നാണ് താരത്തിനെതിരെ ഉയർന്ന വിമർശനം. എഴുത്തുകാരൻ എൻ എസ് മാധവൻ താരത്തിനെതിരെ സോഷ്യൽ മീഡിയിൽ ട്വീറ്റ് ചെയ്‌തിരുന്നു.
“അവിശ്വാസികളോട് എനിക്ക് ഒട്ടും സ്നേഹമില്ല. അവരുടെ സർവ്വനാശത്തിനു വേണ്ടി ശ്രീകോവിലിനു മുൻപിൽ നിന്ന് പ്രാർത്ഥിക്കണം. മതത്തെയും മത സ്ഥാപനത്തെയും വിശ്വാസത്തെയും എതിർക്കുന്നവർക്ക് സമാധാനത്തോടെ ജീവിക്കാനുള്ള ഒരു അന്തരീക്ഷം ഒരുക്കി നൽകരുത്. വിശ്വാസികളുടെ അതിർത്തിയിലേക്ക് നുഴഞ്ഞു കയറാൻ ആരും ശ്രമിക്കരുത്. ഞങ്ങൾ സർവ്വ ലോകത്തിനു വേണ്ടി പ്രാർത്ഥിച്ച് സമാധാനത്തോടെ പോകാൻ ആഗ്രഹിക്കുന്നു” സുരേഷ് ഗോപി പ്രസംഗത്തിൽ പറഞ്ഞ വാക്കുകളിങ്ങനെ.