ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയുടെ ഒരു ചിത്രം നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. സുരേഷ് ഗോപി കേന്ദ്രകഥാപാത്രമാകുന്ന ‘കാവൽ’ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നതു നിതിൽ രഞ്ജി പണിക്കരാണ്. തീപ്പൊരി ആക്ഷൻ സീനുകളിൽ തിളങ്ങുന്ന ആ പഴയ സുരേഷ് ഗോപിയെ ഓർമ്മിപ്പിക്കുന്നുണ്ട് ചിത്രത്തിന്റെ ട്രെയിലർ.
ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിലാണ് താരം ഇപ്പോൾ ഉള്ളത്. താരത്തിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. തന്റെ ഇഷ്ടഭക്ഷണത്തെ കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ഗോപി വീഡിയോയിൽ.
എന്താണ് ഇഷ്ടഭക്ഷണമെന്ന നടി നൈല ഉഷയുടെ ചോദ്യത്തിന് ഒരു വെറൈറ്റി കോമ്പിനേഷനെ കുറിച്ചാണ് സുരേഷ് ഗോപി പറഞ്ഞത്. “ഇഡ്ഡലി, ചമ്മന്തി, തൈര്, നാരങ്ങാ അച്ചാർ,” എന്നാണ് താരത്തിന്റെ മറുപടി. ഇഡ്‌ലിയ്ക്ക് ഒപ്പം തൈരോ എന്ന് നൈല അത്ഭുതത്തോടെ തിരക്കുമ്പോൾ ‘നല്ല കോമ്പിനേഷനാണ് എത്രയെണ്ണത്തിന് ഞാൻ ഉരുട്ടികൊടുത്തിട്ടുണ്ട്, ജോജുവിനോട് ചോദിച്ചു നോക്കൂ,’ എന്നും സുരേഷ് ഗോപി മറുപടി പറയുന്നു.
ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥയാണ് ‘കാവൽ’ പറയുന്നത്. സുരേഷ് ഗോപിക്കൊപ്പം രൺജി പണിക്കും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമ്പാൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. നിതിന്‍ രണ്‍ജി പണിക്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
സയ ഡേവിഡ്, സുജിത്ത് ശങ്കർ, ഐ എം വിജയൻ, അലന്സിയർ, കണ്ണൻ രാജൻ പി ദേവ്, മുത്തുമണി എന്നിവരാണ് മറ്റു അഭിനേതാക്കൾ. ഗുഡ്‌വിൽ എന്റർടെയിൻമെന്റിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചത്.