Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

ജന്മദിനത്തിൽ സുരേഷ് ഗോപിയുടെ സമ്മാനം; അട്ടപ്പാടിയിലെ വിദ്യാര്‍ഥികള്‍ക്കായി 15 ടിവികൾ നൽകി

സുരേഷ് ഗോപിയുടെ 61-ാം ജന്മദിനമാണിന്ന്

മലയാളത്തിന്റെ ആക്ഷൻ കിങ് സുരേഷ് ഗോപിക്ക് ഇന്ന് 61-ാം ജന്മദിനം. പ്രിയതാരത്തിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ. അച്ഛന് ആശംസകൾ നേരുകയാണ് മകനും നടനുമായ ഗോകുൽ സുരേഷ്.

“അച്ഛാ, നിങ്ങളെനിക്ക് ദൈവതുല്യനും നിറയെ നൊസ്റ്റാൾജിയ നിറഞ്ഞ ഓർമകളും സമ്മാനിക്കുന്ന ആളാണ്. സ്ക്രീനിലൂടെ ആളുകളുടെ ഹൃദയം കീഴടക്കുകയും വീട്ടിൽ ഒരു സൂപ്പർ ഡാഡിയായിരിക്കുകയും ചെയ്യുന്നത് മാജിക്കലാണ്,” ഗോകുൽ പറയുന്നു.

മോഹൻലാൽ, മമ്മൂട്ടി, ബിജുമേനോൻ, സലിം കുമാർ, ദുൽഖർ സൽമാൻ എന്നു തുടങ്ങി സിനിമാരംഗത്തു നിന്നും ഏറെ പേരാണ് താരത്തിന് ആശംസകളുമായി രംഗത്തുവന്നിരിക്കുന്നത്.

സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്‌ത ‘കാവൽ’ എന്ന സിനിമയുടെ ആദ്യ ടീസറും ജന്മദിനത്തോട് അനുബന്ധിച്ച് ഇന്ന് പുറത്തിറക്കിയിരുന്നു. സുരേഷ് ഗോപിയുടെ ജന്മദിന സമ്മാനമായി പുറത്തിറക്കിയ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സുരേഷ് ഗോപിയുടെ 250-ാം സിനിമയുടെ മോഷൻ പോസ്റ്ററും താരത്തിന്റെ ജന്മദിനമായ ഇന്ന് പുറത്തിറക്കും. മമ്മൂട്ടിയെ നായകനാക്കി ‘കസബ’ സംവിധാനം ചെയ്‌ത നിഥിന്റെ രണ്ടാം സിനിമയാണ് ‘കാവൽ’. ഒരു തകർപ്പൻ മാസ് ചിത്രമായിരിക്കും ‘കാവൽ’ എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ടോമിച്ചൻ മുളകുപാടമാണ് സുരേഷ് ഗോപിയുടെ 250-ാം സിനിമ നിർമിക്കുന്നത്. നവാഗതനായ മാത്യു തോമസാണ് സംവിധാനം.

അതേസമയം, പാവപ്പെട്ട കുട്ടികളെ സഹായിച്ചാണ് ഇത്തവണ സുരേഷ് ഗോപി തന്റെ ജന്മദിനം ആഘോഷിച്ചത്. ജന്മദിനത്തിൽ ഓണ്‍ലൈന്‍ പഠനം മുടങ്ങിയ അട്ടപ്പാടിയിലെ വിദ്യാര്‍ഥികള്‍ക്കായി സുരേഷ്‌ ഗോപിയുടെ വക 50 ഇഞ്ചിന്റെ 15 ടിവികള്‍ നൽകി. പുതൂര്‍ പഞ്ചായത്തിലെ മേലെ അബ്ബണ്ണൂരില്‍ നടന്ന ചടങ്ങില്‍ ബിജെപി ജില്ലാധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് ആദ്യ ടിവി കൈമാറി. സുരേഷ് ഗോപി ഫാന്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വിനോദ് അധ്യക്ഷനായി. കമ്മ്യൂണിറ്റി സെന്ററുകൾ, അങ്കണവാടികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് 15 ടിവികള്‍ നല്‍കുന്നത്. ഇന്നും നാളെയുമായി മുഴുവന്‍ ടിവികളും എത്തിക്കും.

Read Also: അച്ഛന്റെ കൈകളിൽ ചിരിയോടെ ഗോകുൽ; കുടുംബചിത്രങ്ങൾ പങ്കുവച്ച് സുരേഷ് ഗോപി

1959 ജൂൺ 26 ന് കൊല്ലം ജില്ലയിലാണ് സുരേഷ് ഗോപി ജനിച്ചത്. 1965 ൽ ‘ഓടയിൽ നിന്ന്’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു. 1986 ൽ മോഹൻലാൽ ചിത്രം ‘രാജാവിന്റെ മകനി’ൽ സുരേഷ് ഗോപി വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടി ചിത്രം ‘പൂവിനു പുതിയൊരു പൂന്തെന്നലിലും’ സുരേഷ് ഗോപി വില്ലൻ വേഷം അവതരിപ്പിച്ചു.

1994 ൽ പുറത്തിറങ്ങിയ ‘കമ്മീഷണർ’ സുരേഷ് ഗോപിയുടെ ഗ്രാഫ് ഉയത്തി. പിന്നീട് നായകനായി നിരവധി സിനിമകളിൽ അഭിനയിച്ചു. പൊലീസ് വേഷങ്ങളിൽ സുരേഷ് ഗോപി തിളങ്ങാൻ തുടങ്ങി. മലയാള സിനിമയുടെ ‘ആക്ഷൻ കിങ്’ എന്ന വിശേഷണവും സുരേഷ് ഗോപിക്ക് ലഭിച്ചു.

തലസ്ഥാനം, 1921, ഏകലവ്യൻ, ഒരു വടക്കൻ വീരഗാഥ, മണിച്ചിത്രത്താഴ്, കാശ്‌മീരം, യുവതുർക്കി, ലേലം, ഗുരു, വാഴുന്നോർ, സമ്മർ ഇൻ ബത്‌ലഹേം, രക്തസാക്ഷികൾ സിന്ദാബാദ്, എഫ്ഐആർ, ക്രെെം ഫയൽ, സത്യമേവ ജയതേ, തെങ്കാശിപ്പട്ടണം, ഭരത്ചന്ദ്രൻ ഐപിഎസ്, ദി ടെെഗർ, ചിന്താമണി കൊലക്കേസ് തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ നായകനായി. 1997 ൽ ‘കളിയാട്ടം’ എന്ന സിനിമയിലെ അഭിനയത്തിനു മികച്ച നടനുള്ള ദേശീയ അവാർഡ് നേടി.

Read Also: കനിവായി സുരേഷ് ഗോപി വീണ്ടും; ഭിന്നശേഷിക്കാരന്റെ ബാങ്ക് വായ്പ അടച്ചു തീർത്തു

നിലവിൽ രാജ്യസഭാ എംപിയാണ്. 2016 ലാണ് സുരേഷ് ഗോപിക്ക് രാജ്യസഭ അംഗത്വം ലഭിക്കുന്നത്. ബിജെപി നേതാവ് കൂടിയായ സുരേഷ് ഗോപി 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’ എന്ന ജനപ്രിയ റിയാലിറ്റി ഷോയുടെ അവതാരകൻ കൂടിയാണ് സുരേഷ് ഗോപി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Suresh gopi 61 happy birthday kaval film teaser

Next Story
സുശാന്തിന്റെ അവസാന ചിത്രം റിലീസിന്, പ്രിയ വാര്യർ വീണ്ടും നായികയാകുന്നു; ഇന്നത്തെ സിനിമ വാർത്തകൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com