അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ നിന്നും അന്നപൂർണ ദേവി പറയുന്നത്

ഏപ്രില്‍ 16ന് 91 വയസ് തികയുന്ന അന്നപൂർണ ദേവിയുടെ അപൂര്‍വ്വമായ അഭിമുഖം. ലോകത്തിന്ന് ജീവിച്ചിരിക്കുന്ന ഒരേയൊരു ‘സുര്‍ബഹാര്‍’ വാദകയാണ് ഉസ്താദ് അല്ലാവുദ്ദീന്‍ ഖാന്‍റെ മകളും പണ്ഡിറ്റ്‌ രവിശങ്കറിന്‍റെ ആദ്യ ഭാര്യയുമായിരുന്ന രോഷനാരാ ഖാന്‍ എന്ന അന്നപൂർണ ദേവി

annapurna devi 5

‘സുര്‍ബഹാര്‍’ എന്ന സംഗീതോപകരണം ഉപയോഗിക്കുന്ന ഒരേയൊരു ആളേ ഇന്ന് ഭൂമിയിലുള്ളൂ. അനുഗ്രഹീത കലാകാരിയും പണ്ഡിറ്റ്‌ രവി ശങ്കറിന്‍റെ ആദ്യ ഭാര്യയും, ഉസ്താദ് അല്ലാവുദ്ദീന്‍ ഖാന്‍റെ മകളും, ഉസ്താദ് അലി അക്ബര്‍ ഖാന്‍റെ സഹോദരിയുമായ അന്നപൂർണ ദേവി. ലോകം അന്നപൂർണ ദേവിയെ കണ്ടിട്ട് വര്‍ഷങ്ങളായി.

ആറു ദശാബ്ദത്തോളമായി മുംബൈയിലെ  അപ്പാട്മെന്റില്‍ ഏകാന്ത വാസം നയിക്കുകയാണവര്‍. പ്രശസ്തിയും പുരസ്കാരങ്ങളും ആഗ്രഹിക്കാത്ത, പത്രപ്രവര്‍ത്തകരെ കാണാത്ത, എന്തിന്, ഒരു ഫോണ്‍ ചെയ്‌താല്‍ പോലും എടുക്കാത്ത, സ്വയം അടച്ചു പൂട്ടിയ വ്യക്തിത്വം. അതുകൊണ്ട് ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക സുവാന്‍ഷു ഖുരാന അവര്‍ക്കൊരു നീണ്ട കത്തെഴുതി. അന്നപൂർണ ദേവി മറുപടിയും അയച്ചു. ജീവിതത്തെക്കുറിച്ച്, മുന്‍ ഭര്‍ത്താവ് രവിശങ്കറിനെക്കുറിച്ച്, തന്‍റെ സംഗീതം റെക്കോര്‍ഡ്‌ ചെയ്യാത്തതിന്‍റെ കാരണങ്ങളെക്കുറിച്ച്, അവര്‍ ആ കത്തില്‍ വിശദമാക്കി.  ഏപ്രില്‍ 16ന് 91 വയസ് തികയുന്ന അന്നപൂർണ ദേവിയുടെ അപൂര്‍വ്വമായ അഭിമുഖം.

മുംബൈയിലെ വാര്‍ഡന്‍ റോഡിലെ ഒരു പൊക്കമുള്ള ബില്‍ഡിങ്ങിന്‍റെ ആറാം നിലയില്‍ അവരുണ്ട്. സംഗീതജ്ഞയാണെന്ന് ചിലര്‍ പറയുന്നു, അയല്‍ക്കാര്‍ക്ക് ഉറപ്പില്ല. വളരെ വിരളമായേ അവരെ കണ്ടിട്ട് കൂടിയുള്ളൂ. ആ അപ്പാർട്മെന്റിനെ പുതപ്പിക്കുന്ന നിശ്ചലത രാത്രി ഏതോ സമയത്ത് ഒന്നുലയും. ഒരു വിദഗ്ധകരം പാടാന്‍ വെമ്പി നില്‍ക്കുന്ന ഒരു സിതാറിനെ തഴുകുമ്പോളാണത്.

ലോകത്തോട്‌ പറയാനുള്ളത് അടഞ്ഞു കിടക്കുന്ന വാതിലിലെ ഒരു ബോര്‍ഡില്‍ എഴുതിയിട്ടുണ്ട്. ‘തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ ഈ വാതില്‍ തുറക്കപ്പെടില്ല. ദയവായി ബെല്‍ മൂന്ന് തവണ മാത്രം അടിക്കുക. വാതില്‍ തുറന്നില്ലെങ്കില്‍ നിങ്ങളുടെ പേരും മേല്‍വിലാസവും എഴുതി അവിടെ വയ്ക്കുക. നന്ദി. നേരിട്ട അസൗകര്യത്തിന് ഖേദമുണ്ട്.’

ഈ വാതില്‍പ്പടി വരെ എത്തിയവര്‍ ചുരുക്കമാണ്. ചില തണുത്ത പ്രഭാതങ്ങളില്‍, ചിലമ്പിച്ച പഴയ റെക്കോര്‍ഡ്‌ പ്ലയെറില്‍ അന്നപൂർണ ദേവി കൗശികി രാഗം വായിക്കുന്നത് കേട്ടവര്‍ക്ക്, അത് മറക്കാന്‍ കഴിയാത്തവര്‍ക്ക്, ‘മെഹ്ഫിലു’കളിലും ‘ബൈത്തകു’കളിലും ആളുകള്‍ താഴ്ന്ന സ്വരത്തില്‍ ബഹുമാനത്തോടെ ലോകത്തെ ഒരേയൊരു ‘സുര്‍ബഹാര്‍’ വാദകയെക്കുറിച്ച് സംസാരിച്ചത് കേട്ടിട്ടുള്ളവര്‍ക്ക്, ഇവിടം വരെ വരാതെ തരമില്ലല്ലോ.

‘മൈഹാര്‍’ ഘരാനയുടെ സ്ഥാപകനും അസാമാന്യ സംഗീത പ്രതിഭയുമായ ഉസ്താദ് അലാവുദ്ദീന്‍ ഖാന്‍റെ മകള്‍, സരോദ് വിദ്വാന്‍ അലി അക്ബര്‍ ഖാന്‍റെ സഹോദരി, പണ്ഡിറ്റ്‌ രവിശങ്കറിന്‍റെ ആദ്യ ഭാര്യ. അധികം അറിയപ്പെടാത്ത ‘സുര്‍ ബഹാര്‍’ എന്ന സംഗീത ഉപകരണത്തിലൂടെ അതുല്യമായ തന്‍റെ സംഗീത സപര്യ രേഖപ്പെടുത്തിയ, അധികം അറിയപ്പെടാന്‍ ആഗ്രഹിക്കാത്ത കലാകാരി.

അഞ്ചു ദശാബ്ദങ്ങളായി, അന്നപൂർണ ദേവി തന്‍റെ സംഗീതത്തിനെ നിശബ്ദത കൊണ്ടടച്ചിട്ട്. കച്ചേരികള്‍ക്കും റെക്കോര്‍ഡിങ്ങുകള്‍ക്കും അവധി കൊടുത്തിട്ട്. ഒന്നിനും ഉലക്കാന്‍ സാധിച്ചില്ല ആ ഏകാന്തവാസത്തെ. 1977ല്‍ ലഭിച്ച പദ്മഭൂഷന് പോലും. പുരസ്കാരം വീട്ടിലേക്ക് എത്തിക്കുകയായിരുന്നു സര്‍ക്കാര്‍. സംഗീതജ്ഞരുടെ സ്നേഹ നിര്‍ബന്ധള്‍ക്കും, വലിയ വേദികള്‍ക്കുള്ള അവസരങ്ങള്‍ക്കുമൊന്നും തന്നെ അന്നപൂർണയെ സ്വയം ഉണ്ടാക്കിയ ആ വല്മീകത്തില്‍ നിന്നും പുറത്തേക്ക് കൊണ്ട് വരാന്‍ സാധിച്ചില്ല. പരസ്യത്തില്‍ മുങ്ങുന്ന ഇന്നത്തെ  കലാലോകത്ത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത ഒന്നാണ് അന്നപൂർണ ദേവി അതിലൂടെ നേടിയെടുത്തത്.

ഒരു സംഗീതകാരന്‍റെ അടിസ്ഥാന ആവശ്യമാണ് തന്‍റെ സംഗീതത്തെ മനസിലാക്കുന്ന ആസ്വാദകര്‍, കേള്‍വിക്കാര്‍ എന്നിവര്‍. ലോകത്തില്‍ നിന്നും സ്വയം ഉള്‍വലിഞ്ഞ അന്നപൂർണ ദേവി ആ അടിസ്ഥാന ആവശ്യത്തില്‍ നിന്ന് കൂടി തന്നിലെ കലാകാരിയെ വിമുക്തയാക്കി.

അന്നപൂർണ ദേവി

അങ്ങനെയുള്ള അന്നപൂർണ ദേവിയ്ക്ക് കത്തെഴുതുമ്പോള്‍ എനിക്കറിയാമായിരുന്നു, തീര്‍ത്തും ദുഷ്‌കരമായ ഒരു കാര്യത്തിനാണ് ഞാന്‍ ശ്രമിക്കുന്നത് എന്ന്. അവരിലേക്ക്‌ എത്താന്‍ ഇ-മെയില്‍ വിലാസമില്ല, ഫാക്സ് നമ്പര്‍ ഇല്ല. അതുകൊണ്ട് അടുത്തുള്ള പോസ്റ്റ്‌ ഓഫിസിലേക്ക് നടന്നു. കൈപ്പടയില്‍ എഴുതിയ ഒരു കത്തുമായി. ലോകത്തിന് നഷ്ടമായ ഒരു കലാകാരിയെ, ലോകത്തിന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കത്തെഴുത്ത് എന്ന മാധ്യമത്തിലൂടെ എത്തിപ്പിടിക്കാനുള്ള ഒരു ശ്രമം. സഹാന ഗുപ്ത എന്ന അവരുടെ കൊച്ചു മരുമകളുമായി ഒരു വര്‍ഷത്തോളമായി ഉണ്ടായിരുന്ന എന്‍റെ ഇടപെടലിലായിരുന്നു ഒരേയൊരു പ്രതീക്ഷ.

മൂന്ന് ആഴ്ചകള്‍ക്ക് ശേഷം, ഒരു മറുപടി വരുന്നു. രാജന്‍ വതിയത് എന്ന ഒരാള്‍ എഴുതിയത്. “തീര്‍ത്തും സ്വകാര്യമായ ജീവിതം നയിക്കുന്ന ഒരാളാണ് അന്നപൂർണ ദേവി. അഭിമുഖങ്ങള്‍ അനുവദിക്കാറില്ല. എങ്കിലും സഹാന ഗുപ്ത പറഞ്ഞിട്ട് വന്നയാളായത് കൊണ്ട്, താങ്ങളുടെ ചോദ്യങ്ങള്‍ എഴുതി അയച്ചാല്‍ അവര്‍ മറുപടി തരും”.  അടച്ചിട്ട ആ വാതിലില്‍ ഒടുവില്‍ ഒരു ചെറു വിടവ് തെളിഞ്ഞു.

ലേഖനം ഇംഗ്ലീഷില്‍ വായിക്കാന്‍: Notes from behind a locked door

ചോദ്യങ്ങള്‍ എഴുതി അയച്ച്, മറുപടിയ്ക്കായി കാത്തിരുന്നു. ഒന്നര മാസം കഴിഞ്ഞപ്പോള്‍ ഒരു മഞ്ഞ കവര്‍ എന്നെ തേടി വന്നു. പദ്മഭൂഷന്‍ ഡോ. അന്നപൂർണ ദേവി എന്നെഴുതിയ ലെറ്റര്‍ ഹെഡില്‍, ആറു പേജ് നീണ്ട, വൃത്തിയായി ടൈപ്പ് ചെയ്യപ്പെട്ട വാക്കുകള്‍. ആ കറുത്ത അക്ഷരങ്ങള്‍ പോലും അവരുടെ ഉള്‍വലിയിന്‍റെ പ്രതിഫലനമായിരുന്നു. കൈപ്പടയിലൂടെ വെളിവാകുന്ന വ്യക്ത്വത്തിന്‍റെ അംശങ്ങള്‍ പോലും പുറത്തു വരാതിരിക്കാന്‍ ശ്രദ്ധിച്ചു കൊണ്ടുള്ള എഴുത്ത്.

“365 ദിവസവും ഞാന്‍ എന്‍റെ ഫ്ലാറ്റില്‍ തന്നെയുണ്ടാകും. എന്നെ ശല്യപ്പെടുത്തരുത്‌ എന്നെഴുതിയ ഒരു ബോര്‍ഡ്‌ ഞാന്‍ വാതിലില്‍ വച്ചിട്ടുണ്ട് എന്നതും സത്യമാണ്. വീടിനുള്ളില്‍ ഞാന്‍ ഒരു സാധാരണ ജീവിതമാണ് നയിക്കുന്നത്. ഇടക്ക് എപ്പോഴെങ്കിലും പുറത്തു പോകും, ആരോഗ്യ പരിശോധനകള്‍ ആവശ്യമായി വരുമ്പോള്‍.”, അവര്‍ എഴുതി.

ആലങ്കാരികമല്ലാത്ത ഭാഷയില്‍ എഴുതപ്പെട്ട വലിയ പ്രഭാവമുള്ള ചെറു വാചകങ്ങള്‍. അന്തര്‍മുഖത്വമുള്ള, ആലോചനാമഗ്നമായ ആ ‘സുര്‍ബഹാര്‍’ മീട്ടലുകള്‍ പോലെ.

 

തന്‍റെ ജീവിതത്തെക്കുറിച്ചും സംഗീതത്തെക്കുറിച്ചും ജബല്‍പൂരിനടുത്തുള്ള ‘മൈഹാര്‍’ എന്ന ജന്മദേശത്തെക്കുറിച്ചും പറയുന്നതിലെല്ലാം നിറഞ്ഞു നില്‍ക്കുന്ന ‘ബാബ’ എന്ന അച്ഛന്‍ ഉസ്താദ് അലാവുദ്ദീന്‍ ഖാന്‍.

“സ്നേഹാത്ഭുതങ്ങളോടെയും ബഹുമാനത്തോടെയുമല്ലാതെ ബാബയെ ഓര്‍ക്കാന്‍ കഴിയില്ല. അദ്ദേഹത്തിലായിരുന്നു എന്‍റെ ‘ശ്രദ്ധ’ മുഴുവന്‍. മീട്ടുന്ന ഓരോ സ്വരവും ഹൃദയത്തെ തൊടണം എന്ന് എപ്പോഴും പറയുമായിരുന്നു ബാബ. അദ്ദേഹം എന്നെ പഠിപ്പിച്ചത് ഒരു പ്രാര്‍ത്ഥന പോലെ, ധ്യാനം പോലെ ഞാന്‍ ഇന്നും തുടരുന്നുണ്ട്.”, കത്തില്‍ അവര്‍ പറഞ്ഞു.

പത്തു വയസുള്ള ഇളയ മകള്‍ രോഷനാര തൊടാതിരിക്കാന്‍ വേണ്ടി ദൂരേക്ക്‌ മാറ്റി വച്ചിരുന്നു അച്ഛനാ തംബുരു. വിവാഹത്തിന് ശേഷം കയറിച്ചെന്ന വീട്ടില്‍ പാട്ട് നിഷിദ്ധമായത് കൊണ്ട് പാടാന്‍ സാധിക്കാതെ ദുഃഖിക്കുന്ന മൂത്ത മകള്‍ ജഹാനാരയുടെ അനുഭവം ഇളയവള്‍ നേരിടാതിരിക്കാന്‍ വേണ്ടി അച്ഛന്‍ മുന്‍കൂട്ടിക്കണ്ട ഒരുപായമായിരുന്നു അത്.

“എന്നെ സംഗീതം പഠിപ്പിക്കണോ വേണ്ടയോ എന്ന് ബാബ സംശയിച്ചിരുന്നു. പക്ഷേ എന്‍റെ ദാദയെ (സഹോദരന്‍) ബാബ പഠിപ്പിക്കുന്നത് ഞാന്‍ കേള്‍ക്കുമായിരുന്നു. കേട്ടത് മറന്നുമില്ല ഒരിക്കലും. ഒരിക്കല്‍ ബാബ എന്തോ സാധനം വാങ്ങാന്‍ പുറത്തു പോയപ്പോള്‍ സരോദ് പരിശീലനം നടുത്തുകയായിരുന്ന ദാദ അതിലൊരു തെറ്റ് വരുത്തി. ഞാന്‍ തിരുത്താനും തുടങ്ങി. ബാബ പുറകില്‍ വന്നു നിന്നത് ഞാന്‍ ശ്രദ്ധിച്ചില്ല. ബാബയുടെ സാന്നിധ്യം തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ ഭയന്നു. പക്ഷേ എന്നെ വഴക്ക് പറയുന്നതിന് പകരം, ബാബ എന്നെ മുറിയിലേക്ക് വിളിച്ച് അതുവരെ തൊടാന്‍ സമ്മതിക്കാതിരുന്ന ആ തംബുരു എന്‍റെ കൈയിലേക്ക്‌ വച്ച് തന്നു. എന്‍റെ സംഗീത പഠനത്തിന്‍റെ തുടക്കം അതായിരുന്നു”, അന്നപൂർണ ദേവി ഓര്‍ക്കുന്നു.

സ്നേഹമയനായ അച്ഛനെയല്ല, ഉഗ്രകോപിയും പ്രവചനാതീതനുമായ ഗുരുവിനെയായിരുന്നു പിന്നീട് കണ്ടതെന്ന് അവര്‍ പറയുന്നു.

“കണിശക്കാരനും ശുദ്ധിനിഷ്‌ഠനും പൂർണതാവാദിയുമായിരുന്നു ഉസ്താദ് അലാവുദ്ദീന്‍ ഖാന്‍ എന്ന സംഗീതജ്ഞന്‍. പഠന സമയത്ത് ഞാന്‍ ഒരിക്കല്‍ പോലും ബാബയോട് ചോദിച്ചിട്ടില്ല, അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട രാഗങ്ങള്‍ എന്തൊക്കെയാണ് എന്ന്. അദ്ദേഹമൊട്ട് പറഞ്ഞതുമില്ല. ഉള്ള സമയം മുഴുവന്‍ പഠനവും സാധനയുമായിരുന്നു. സംഗീതത്തിന് അവരുടേതായ നിറം പകരാന്‍ ശിഷ്യരെ എപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്നു ബാബ. അതു കൊണ്ടാണ് ഒരേ സ്വരം, ബാബയും പണ്ഡിറ്റ്‌ രവിശങ്കറും വായിക്കുമ്പോള്‍ വ്യത്യസ്തമായി തോന്നുന്നത്.

 

സിതാര്‍ വാദനമാണ് അവര്‍ അച്ഛന് കീഴില്‍ പഠിച്ചു തുടങ്ങിയതെങ്കിലും അച്ഛന്‍ ഇളയ മകള്‍ക്ക് വേണ്ടി കണ്ടു വച്ചത് മറ്റൊരു വഴിയായിരുന്നു. ശിഷ്യരില്‍ അഗ്രഗണ്യനായ രവിശങ്കറിന്‍റെ വഴിക്ക് നേരെ വിപരീതമായ ഒന്ന്. അന്നപൂർണയോട് ബാബ ആവശ്യപ്പെട്ടത് സിതാറിന്‍റെ വിഷാദമഗ്നവും ധ്യാനാത്മകവുമായ പതിപ്പെന്ന് വിശേഷിപ്പിക്കാവുന്ന ‘സുര്‍ബഹാര്‍’ വായിക്കാനാണ്.

“എന്‍റെ ഗുരുവിന്‍റെ സമ്മാനമാണ് ഇത്. നീ സംഗീതത്തെ സ്നേഹിക്കുന്നത് കൊണ്ട് ഇത് കാത്തു സൂക്ഷിക്കാന്‍ നിനക്ക് കഴിയും. പക്ഷേ സംഗീത വിദഗ്‌ധരും സാധാരണക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന സിതാര്‍ വാദനം നീ നിര്‍ത്തണം. സംഗീതത്തെ സൂക്ഷ്മമായി മനസിലാക്കുകയും തീവ്രമായി ഇഷ്ടപ്പെടുകയും ചെയ്യുന്ന കൂട്ടര്‍ക്ക് മാത്രമേ ‘സുര്‍ബഹാര്‍’ ആസ്വദിക്കാന്‍ കഴിയുകയുള്ളൂ. അത് മനസിലാകാത്ത സാധാരണക്കാരന്‍ ചിലപ്പോള്‍ നിന്‍റെ നേര്‍ക്ക്‌ ചീഞ്ഞ തക്കാളിയെറിഞ്ഞേക്കാം. നിന്‍റെ തീരുമാനം എന്താണ്”, കൗമാരം വിടാത്ത അന്നപൂർണയോട് ബാബ ചോദിച്ചു.

ആ ചോദ്യത്തിന് മുന്നില്‍ താന്‍ അന്ധാളിച്ചു പോയി എന്ന് അവര്‍ പറയുന്നു. ഒടുവില്‍ ബാബയുടെ ആജ്ഞ അനുസരിച്ച അന്നപൂർണ ‘സുര്‍ബഹാര്‍’ വാദകയായി. “‘സുര്‍ബഹാര്‍’ വായിക്കുമ്പോള്‍ ഇന്നും എനിക്ക് അനുഭവിക്കാം അതിരില്ലാത്ത ആ സമര്‍പ്പണവും സ്നേഹവും സമാധാനവും.”

പഠനം നാല് വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ വാദനയില്‍ വൈദഗ്‌ധ്യം നേടി അന്നപൂർണ. ഏതാണ്ട് അതേ സമയത്താണ് നര്‍ത്തകന്‍ ഉദയ് ശങ്കര്‍ അനുജന്‍ രവിയ്ക്കായി അന്നപൂർണയെ വിവാഹമാലോചിക്കുന്നത്. രവി ശങ്കറിന് 21 ഉം അന്നപൂർണയ്ക്ക് 15 ഉം വയസായിരുന്നു അപ്പോള്‍. അക്കാലത്ത് വളരെ വിരളമായി മാത്രം കണ്ടു വന്നിരുന്ന ഹിന്ദു – മുസ്‌ലിം വിവാഹമായിരുന്നെങ്കിലും തനിക്കേറ്റവും പ്രിയപ്പെട്ട ശിഷ്യന്‍റെ കൈയ്യിലേക്ക് മകളെ കൊടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല ഉസ്താദ് അലാവുദ്ദീന്‍ ഖാന്.

രവിശങ്കറുമൊത്ത് അന്നപൂർണ ദേവി

“മുസ്‌ലിം മത വിശ്വാസിയായിരുന്നെങ്കിലും എല്ലാ മതങ്ങളേയും തുറന്ന മനസോടെ സ്വീകരിച്ചിരുന്ന ആളാണ്‌ ബാബ. ദിവസത്തില്‍ അഞ്ചു തവണ നിസ്കരിക്കും, അതുപോലെ ‘ശാരദ മാ’യെയും ധ്യാനിക്കും. ഞാന്‍ കണ്ടതില്‍ വച്ചേറ്റവും ‘സെകുലര്‍’ ആയ മനുഷ്യനാണ് ബാബ. വിവാഹത്തിന് ശേഷമല്ല ഞാന്‍ അന്നപൂർണയാകുന്നത്. പൂര്‍ണ ചന്ദ്രനുള്ള, ചായ്തി പൂർണിമ എന്ന ദിവസമാണ് ഞാന്‍ ജനിച്ചത്‌, അതുകൊണ്ട് മൈഹാറിന്‍റെ മഹാരാജാവ് ബ്രിജ്നാഥ് സിങ് എനിക്ക് നല്‍കിയ പേരാണ് അന്നപൂർണ.”, രോഷനാരാ എന്ന മുസ്‌ലിം പേരുണ്ടായിരുന്ന അവര്‍ വ്യക്തമാക്കി.

1942ല്‍ അന്നപൂർണയ്ക്കും രവിശങ്കറിനും ഒരു മകന്‍ ജനിച്ചു. ആ വിവാഹം പക്ഷേ നിലനിന്നില്ല. ഉള്‍വലിഞ്ഞ പ്രകൃതമുള്ള, യാഥാസ്ഥിതികയായ അന്നപൂർണ തന്‍റെ അച്ഛന്‍റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധ ചെലുത്തിയത്. കച്ചേരികള്‍, റെക്കോര്‍ഡിങ്ങുകള്‍ ഇതൊന്നും അവരെ ആകര്‍ഷിച്ചില്ല. അന്നപൂർണ ദേവിയുടെ ഒരേയൊരു റെക്കോര്‍ഡിങ് മാത്രമേ ഇന്നുള്ളൂ. അവര്‍ ‘മാണ്ഡ് ഖാമാജ്’ എന്ന രാഗം വായിക്കുന്നത്. അതും അവര്‍ അറിയാതെ റെക്കോര്‍ഡ്‌ ചെയ്യപ്പെട്ടത്.

 

രവിശങ്കറാകട്ടെ വേദികളില്‍ നിന്നും വേദികളിലേക്ക് പോകുന്ന, പ്രദര്‍ശനപരതയില്‍ വിശ്വസിച്ചിരുന്ന ‘ഷോമാന്‍’. ആധുനിക സംഗീതത്തിന്‍റെ, വ്യവസ്ഥിതിയില്‍ നിന്നുള്ള മാറ്റങ്ങളുടെ വക്താവ്. എന്‍റെ സംഗീതത്തിന് കേള്‍വിക്കാര്‍ ആവശ്യമില്ല എന്ന് കരുതിയ അന്നപൂർണയില്‍ നിന്നും പാടേ വ്യതസ്തനായി, അനുവാചകര്‍ക്ക് വേണ്ടി മാത്രം നിലകൊണ്ട രവിശങ്കര്‍. അന്നപൂർണ വേദികളില്‍ നിന്നും മാറി തന്നിലേക്ക് മാത്രം ഒതുങ്ങിയപ്പോള്‍ ലോകമൊട്ടാകെയുള്ള വേദികള്‍ കാംക്ഷിച്ചും കീഴടക്കിയും രവിശങ്കര്‍ ‘ഇന്റര്‍നാഷണല്‍’ ആയി. മുറിഞ്ഞു പോയ ആ വിവാഹബന്ധത്തെക്കുറിച്ച് അന്നപൂർണ ദേവി കത്തില്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല. പണ്ഡിറ്റ്‌ജിയുമായോ സംഗീതജ്ഞകളായ മക്കള്‍ അനുഷ്ക, നോറാ എന്നിവരുമായോ ഒരു ബന്ധവും പുലര്‍ത്തുന്നില്ല എന്ന് പറഞ്ഞതൊഴികെ. ‘No comment’ എന്ന രണ്ടു വാക്കുകളില്‍ ഒതുങ്ങി ആ ചേര്‍ച്ചയില്ലായ്മകള്‍.

എന്നാല്‍ അതേ ചേര്‍ച്ചയില്ലായ്മയെ മറ്റൊരു ഉത്തരത്തില്‍ അവര്‍ ഇങ്ങനെ വിശദീകരിച്ചു. “ഒരു കലാകാരന്‍റെ വ്യക്തിത്വമനുസരിച്ചിരിക്കും അയാളുടെ വൈകാരികവും സൗന്ദര്യപരവുമായ ആവിഷ്‌കരണങ്ങള്‍. അന്തര്‍മുഖനായ ഒരു കലാകാരന്‍ ആത്മപരിശോധനാപരമായ ‘സുര്‍’, ‘ആലാപ്’ എന്നിവ തിരഞ്ഞെടുക്കുമ്പോള്‍ ബഹിര്‍മ്മുഖനായ ആള്‍ക്ക് ‘ലയകരി’യിലായിരിക്കും ഒരുപക്ഷേ താൽപര്യം.”

 

എന്നാല്‍ രവിശങ്കറിനും ഭാര്യയ്ക്കും ഇടയില്‍ വിടവുണ്ടാക്കിയത് സംഗീതത്തിലെ ഈ ഭിന്നിപ്പുകളല്ല. രവിശങ്കറിന് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന വിവാഹേതര ബന്ധങ്ങളായിരുന്നു. അന്നപൂർണയുമായുള്ള വിവാഹം കഴിഞ്ഞു രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്‍റെ സഹോദരന്‍റെ ഭാര്യാ സഹോദരിയായ കമലയുമായി രവിശങ്കറിന് അടുപ്പമുണ്ടായി. അന്നപൂർണയും രവിശങ്കറും മുംബൈയിലേക്ക് താമസം മാറിയ ഉടനെയായിരുന്നു അത്. കുപിതയായ അന്നപൂർണ മകനുമൊത്ത് മൈഹാറിലേക്ക് മടങ്ങി.

ഇതിനെക്കുറിച്ച് തന്‍റെ ആത്മകഥയില്‍ രവിശങ്കര്‍ ഇങ്ങനെ പറയുന്നു. “വിവാഹത്തിന് ശേഷം ഒരാളോട് തീവ്രമായ ഇഷ്ടം തോന്നിയത് ആദ്യമായാണ്‌. അന്നപൂർണയ്ക്ക് എന്നെ എല്ലായ്പ്പോഴും സംശയമായിരുന്നു. അതുകൊണ്ട് കമലയുമായി എനിക്ക് ബന്ധമുണ്ട് എന്ന് അവര്‍ സംശയിച്ചതില്‍ പുതിയതായി ഒന്നുമില്ല. ഇത്തവണ സംശയം സത്യമായിരുന്നു എന്ന് മാത്രം.

വിവേകപൂര്‍വ്വം ആലോചിക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍. വിവേകം ഉദിച്ചപ്പോഴേക്കും പ്രണയം വഴിവിട്ടു പോയിരുന്നു. പ്രതിഭാശാലിയാണ് അന്നപൂർണ. അവളുടെ അച്ഛനെപ്പോലെ. അതുപോലെ ദേഷ്യക്കാരിയും. ദേഷ്യത്തിന് ഒട്ടും കുറവുള്ള ആളായിരുന്നില്ല ഞാനും. ചെറിയ കാര്യങ്ങള്‍ വലിയ വഴക്കില്‍ എത്തി.”

കുറച്ചു കാലങ്ങള്‍ക്ക് ശേഷം മുംബൈയിൽ ഭര്‍ത്താവിനടുത്തേക്ക് അന്നപൂർണ മടങ്ങിയെത്തിയെങ്കിലും പ്രശ്നങ്ങള്‍ ഒഴിഞ്ഞില്ല. “1956 ജനുവരി ആയപ്പോഴേക്കും ഞങ്ങളുടെ വിവാഹം പാടേ തകര്‍ന്നിരുന്നു.”, രവിശങ്കര്‍ ആത്മകഥയില്‍ എഴുതി. 1962ല്‍ അവര്‍ വിവാഹമോചിതരായി. അന്നപൂർണ ഒരു പിടി ശിഷ്യരെ പഠിപ്പിക്കലുമായി മുംബൈയിലെ ഫ്ലാറ്റിലേക്ക് ഒതുങ്ങി.

“എന്നെങ്കിലും നിനക്ക് ഒറ്റയ്ക്ക് ജീവിക്കേണ്ടി വന്നാല്‍ സംഗീതം തുണയാകുമെന്ന് ബാബ പറഞ്ഞിരിന്നു”, അന്നപൂർണ ദേവി കത്തില്‍ പറയുന്നു.

രവിശങ്കറുമൊത്ത് അന്നപൂർണ ദേവി

പണ്ഡിറ്റ്‌ രവിശങ്കറുമായി ചില വേദികള്‍ പങ്കിട്ടതൊഴിച്ചാല്‍ പൊതു പരിപാടികളില്‍ ഒന്നും തന്നെ അവര്‍ പങ്കെടുത്തില്ല. യുട്യൂബില്‍ ഉള്ള ചില വീഡിയോകള്‍ ഒഴിച്ചാല്‍ അവരുടേത് എന്ന് പറയാന്‍ റെക്കോര്‍ഡിങ്ങുകള്‍ ഒന്നും തന്നെയില്ല. അപൂര്‍വ്വം ചിലരുടെ കൈവശം ചില സ്വകാര്യ റെക്കോര്‍ഡിങ്ങുകള്‍ ഉണ്ട്.

“സ്റ്റേജില്‍ വായിക്കാന്‍ എനിക്ക് ഇഷ്ടമല്ല. എന്‍റെ സംഗീതം ഞാന്‍ ഈശ്വരന് അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയാണ്. അത് റെക്കോര്‍ഡ്‌ ചെയ്യപ്പെടുന്നതിന് ഞാന്‍ എതിരാണ്.”, അവര്‍ വ്യക്തമാക്കുന്നു.

അച്ഛനെപ്പോലെ തന്നെ ഒരു ഗുരുവായി അറിയപ്പെടാന്‍ ആണ് അന്നപൂർണയും ആഗ്രഹിച്ചത്‌. പണ്ഡിറ്റ്‌ ഹരിപ്രസാദ് ചൗരസ്യ, നിഖില്‍ ബാനര്‍ജി എന്നിവര്‍ ഉള്‍പ്പെടുന്ന ശിഷ്യസമ്പത്തിനു ഉടമയാണ് അവര്‍. “എന്‍റെ സംഗീതത്തില്‍ നിന്നും അനുവാചകരെ ഒരു തരത്തിലും മാറ്റി നിര്‍ത്തി എന്ന് എനിക്ക് തോന്നിയിട്ടില്ല. കാരണം ബാബയില്‍ നിന്നും പഠിച്ച എല്ലാം എന്‍റെ ശിഷ്യരിലേക്ക് ഒരു കുറവുമില്ലാതെ ഞാന്‍ പകര്‍ന്ന് കൊടുത്തിട്ടുണ്ട്‌.” വായ്പ്പാട്ട്, സിതാര്‍, പുല്ലാങ്കുഴല്‍, സരോദ് എന്നിവ പഠിപ്പിക്കുന്നുണ്ട് അവര്‍. ‘സുര്‍ബഹാര്‍’ ഇപ്പോള്‍ ഉണ്ടാക്കപ്പെടുന്നു പോലുമില്ലാത്തത് കാരണം അത് പഠിപ്പിക്കാന്‍ ആവുന്നില്ല.

പാതി രാത്രി കഴിയുമ്പോഴാണ് അവര്‍ പഠിപ്പിക്കാന്‍ തുടങ്ങുക. പുലരും വരെ തുടരുമത്. 57കാരനായ സരോദ് വാദകന്‍ പ്രദീപ്‌ കുമാര്‍ ബാറോട്ട് 35 വര്‍ഷത്തോളമായി അവരുടെ കീഴില്‍ സംഗീതം അഭ്യസിക്കുന്നു. “ഞാനിതിനെ ഒരു അനുഗ്രഹമായി കാണുന്നു. ‘മാ’യെപ്പോലെയുള്ള ഗുരുക്കന്മാര്‍ അധികമാര്‍ക്കും കിട്ടില്ലല്ലോ. മികച്ച സംഗീതജ്ഞ മാത്രമല്ല സ്നേഹമുള്ള, സ്വഭാവലാളിത്യമുള്ള ഒരു സ്ത്രീയുമാണവര്‍. ഗുരുവെന്ന നിലയില്‍ വളരെ കര്‍ക്കശമായി പെരുമാറുമെങ്കിലും ചില ദിവസങ്ങളില്‍ നല്ല ബംഗാളി മീന്‍ കറിയും ഉണ്ടാക്കിത്തരും.”

 

തന്‍റെ മക്കളോടൊപ്പം സമയം പങ്കിടാന്‍ ഇഷ്ടമുള്ള സ്നേഹമയിയായ വലിയമ്മായിയാണ് സഹാന ഗുപ്തയ്ക്ക് അന്നപൂർണ ദേവി.

1982ല്‍ അവര്‍ തന്‍റെ ശിഷ്യനും തന്നെക്കാള്‍ 13 വയസ് പ്രായക്കുറവുമുള്ള റൂഷി കുമാര്‍ പാണ്ഡ്യയെ  അന്നപൂർണ ദേവി വിവാഹം കഴിച്ചു. “വിവാഹത്തിന് ശേഷം എന്‍റെ എല്ലാ കാര്യങ്ങളും നോക്കുന്നത് പാണ്ഡ്യജിയാണ്. ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നതിനും കുട്ടികളെ പഠിപ്പിക്കുന്നതിനുമൊക്കെ കാരണം അദ്ദേഹമാണ്. ആ സ്നേഹം ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇത്രയും കാലം ജീവിച്ചിരിക്കുമായിരുന്നോ എന്ന് തന്നെ സംശയമാണ്.”, ആ ബന്ധത്തെക്കുറിച്ച് അവര്‍ കത്തില്‍ പറഞ്ഞതിങ്ങനെ.

ഈ അഭിമുഖം നടക്കാന്‍ കാരണക്കാരനും കൂടിയായ പാണ്ഡ്യയ്ക്ക് അന്നപൂർണ ദേവിയുമായുള്ള ബന്ധത്തെക്കുറിച്ച് പറയാനുള്ളത് ഇതാണ്.

“1974ലാണ് ഞാന്‍ അവരെ ആദ്യം കാണുന്നത്. അമേരിക്കയില്‍ അലി അക്ബര്‍ ഖാന്‍ സാഹെബിനടുക്കല്‍ നിന്നും സംഗീതം പഠിക്കുകയായിരുന്നു ഞാന്‍. ജോലി സംബന്ധമായ കാരണങ്ങളാല്‍ ഇന്ത്യയിലേക്ക് വരേണ്ടി വന്നു. എന്‍റെ പഠനം മുടങ്ങാതിരിക്കാനായി തന്‍റെ സഹോദരിയുടെ അടുക്കലേക്ക് അദ്ദേഹം എന്നെ അയയ്ക്കുകയായിരുന്നു.”, മുംബൈയിലേക്ക് വന്ന പാണ്ഡ്യ എട്ടു വര്‍ഷത്തോളം അവരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. അതിനു ശേഷമാണ് വിവാഹാഭ്യര്‍ഥന നടത്തുന്നത്.

“അത് ചോദിക്കുമ്പോള്‍ കുറച്ചു അങ്കലാപ്പുണ്ടായിരുന്നു എനിക്ക്. പക്ഷേ ഞങ്ങള്‍ രണ്ടു പേരും ഒറ്റയ്ക്കായിരുന്നു. വിവാഹം കഴിച്ചാല്‍ ഒരു പക്ഷേ എന്നെ ഇനി അവര്‍ പഠിപ്പിക്കില്ല എന്നൊരു ‘റിസ്ക്‌’ ഉണ്ടായിരുന്നു. വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു, ഇതിലൂടെ ഒരിക്കല്‍ കടന്നു പോയി വേദനിച്ചയാളാണ് ഞാന്‍ എന്ന്. നാല് ദിവസങ്ങള്‍ക്കു ശേഷം വിവാഹത്തിന് സമ്മതിച്ചു.”, വിവാഹത്തിനു ശേഷവും അവര്‍ പാണ്ഡ്യയുടെ ഗുരുവായി തുടര്‍ന്നു.

1992ല്‍ രവിശങ്കറുമായുള്ള വിവാഹത്തില്‍ അന്നപൂർണ ദേവിയ്ക്കുള്ള ഒരേയൊരു മകന്‍ ശുഭേന്ദ്ര ശങ്കര്‍ കുടല്‍ സംബന്ധമായ രോഗങ്ങളാല്‍ മരിച്ചു. ശുഭേന്ദ്ര പോകുമ്പോള്‍ അച്ഛനോ അമ്മയോ അടുത്തുണ്ടായിരുന്നില്ല. “ശുഭോയുടെ മരണം എന്നെ വല്ലാതെ ഉലച്ചു. ഒഴിവാക്കാമായിരുന്ന ഒരു ദുരന്തമായിരുന്നു അത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.” ശുഭേന്ദ്രയുടെ മക്കള്‍ സോം, കാവേരി എന്നിവര്‍ അവരുടെ അമ്മയ്ക്കൊപ്പം അമേരിക്കയില്‍ താമാസിക്കുന്നു.

“ശുഭോയുടെ മകള്‍ കാവേരി ഒരു ഭരതനാട്യം നര്‍ത്തകിയാണ്. ഇടയ്ക്ക് അവള്‍ ഇവിടെ വന്നു താമസിച്ചു. അവളുടെ സാന്നിധ്യം ഞാന്‍ ഒരു പാട് ആസ്വദിച്ചു.”, കൊച്ചു മകളെക്കുറിച്ച്‌ അന്നപൂർണ ദേവി എഴുതി.

രവിശങ്കറുമൊത്ത് അന്നപൂർണ ദേവി, കുട്ടിയായ മകന്‍ ശുഭോ അമ്മയുടെ കൈയ്യില്‍

ഇനി എപ്പോഴെങ്കിലും ‘പെര്‍ഫോം’ ചെയ്യുമോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്ന വ്യക്തമായ ഉത്തരം കിട്ടി. ഒരു പത്രപ്രവര്‍ത്തകയായിട്ടല്ല, ഒരു സംഗീതജ്ഞയായി എനിക്ക് നിങ്ങളെ കാണാന്‍ വരാന്‍ സാധിക്കുമോ എന്ന ചോദ്യത്തിനും ‘ഇല്ല’ എന്ന അതേ മറുപടി.

“ഞാന്‍ ആരെയും കാണാറില്ല, അതുകൊണ്ട് നിങ്ങളേയും കാണാന്‍ സാധിക്കില്ല. എന്നോട് ക്ഷമിക്കൂ.”

ആളുകളും ആരവങ്ങളും ഒഴിഞ്ഞ, ബാബയുടെ സംഗീതത്തില്‍ നിമഗ്നമായ ഒരു ജീവിതം. അതാണല്ലോ അന്നപൂർണ ദേവി. “എന്‍റെ കുട്ടികളെ പഠിപ്പിക്കുമ്പോഴും, സാധകം ചെയ്യുമ്പോഴും, ഇവിടെ വരുന്ന പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുമ്പോഴുമെല്ലാം ഞാന്‍ ശാന്തി അനുഭവിക്കുന്നു.”, അവര്‍ എഴുതി നിര്‍ത്തി.

മറവിയിലാണ്ട ഒരു ലോകത്തിന്‍റെ നിഴലുകള്‍  ആഭരണവും അനാവരണവുമെന്ന പോലെ എടുത്തണിഞ്ഞ കലാകാരി. ‘മൈഹാറി’ല്‍ അവര്‍ ഉപേക്ഷിച്ചു പോന്ന ദൈവങ്ങളുടെ സ്മരണയില്‍ എല്ലാ രാത്രികളിലും വിതുമ്പുന്ന ഒരു ‘സുര്‍ബഹാര്‍’. അതിനെ തലോടിയുറക്കുന്ന കൈകള്‍.

*2013ല്‍ അന്നപൂർണ ദേവിയുടെ രണ്ടാം ഭര്‍ത്താവ്
റൂഷി കുമാര്‍ പാണ്ഡ്യ അന്തരിച്ചു. 

**2010 മെയ്‌ 16ന് ഇന്ത്യന്‍ എക്സ്പ്രസില്‍ പ്രസിദ്ധീകരിച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Surbahar annapurna devi turns 91 pandit ravi shankar maihar gharana ustad allauddin khan

Next Story
ആത്മാവില്‍ മുട്ടി വിളിച്ചത് പോലെ: അരിജിത് സിങ്ങിന്‍റെ ഗാനങ്ങള്‍arijith 2 (1)
The moderation of comments is automated and not cleared manually by malayalam.indianexpress.com