അടുത്തിടെ ശക്തമായ കഥാപാത്രങ്ങളിലൂടെ തുടർച്ചയായി പ്രേക്ഷകരുടെ കയ്യടി നേടുകയാണ് സുരാജ് വെഞ്ഞാറമൂട്. ‘ഫൈനൽസി’ലെ വർഗീസ് മാഷും ‘വികൃതി’യിലെ എൽദോയും അടുത്തിടെ ഏറെ അനുമോദനങ്ങൾ ഏറ്റുവാങ്ങിയ സുരാജ് കഥാപാത്രങ്ങളാണ്. ‘വികൃതി’യിൽ സംസാര ശേഷിയോ കേൾവി ശേഷിയോ ഇല്ലാത്ത എൽദോയായി സുരാജ് ജീവിക്കുകയായിരുന്നു എന്നു പറയാം. ഇപ്പോഴിതാ, ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25’ എന്ന പുതിയ ചിത്രത്തിനു വേണ്ടി വ്യത്യസ്തമായ വേഷപ്പകർച്ചയിലെത്തുകയാണ് സുരാജ് വെഞ്ഞാറമൂട്.

ഒരു വൃദ്ധന്റെ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്. മേക്കപ്പ് ആർട്ടിസ്റ് റോനെക്സ് സേവ്യർ ആണ് ചിത്രത്തിനു വേണ്ടി സുരാജിന്റെ ലുക്കൊരുക്കിയിരിക്കുന്നത്. “ഒട്ടും കൃത്രിമത്വം ഇല്ലാത്ത തികച്ചും സ്വാഭാവികമായ ഒരു രൂപമാറ്റമാണ് ഈ കഥാപാത്രത്തിന് വേണ്ടി അണിയറ പ്രവർത്തകർ ആഗ്രഹിച്ചത്. സിനിമയിലെ പ്രായം കാണിക്കാൻ മുടി മുൻ ഭാഗത്തു നിന്നും കളയേണ്ടി വന്നിരുന്നു. കഥാപാത്രത്തിന്റെ പ്രായം വെളിപ്പെടുത്തുന്ന ചുളിവുകൾ ഉണ്ടാക്കാൻ പ്രത്യേക തരം മെറ്റീരിയൽ ആണ് ഉപയോഗിച്ചത്. കാലാവസ്ഥയിലെ മാറ്റങ്ങളും അതിനോടനുബന്ധിച്ച ഈർപ്പവും എല്ലാം വെല്ലുവിളികൾ ആയിരുന്നു. ദിവസവും മണിക്കൂറുകൾ നീണ്ടു നിന്ന മേക്കപ്പ് ഇളകാതെ സൂക്ഷിക്കാൻ ഒരുപാട് മുൻകരുതലുകൾ എടുത്തിരുന്നു. സൂരജ് വെഞ്ഞാറമൂട് എന്ന നടനിലെ പ്രതിഭയെയും അർപ്പണ ബോധത്തെയും അത്ഭുതത്തോടെയല്ലാതെ നോക്കിക്കാണാൻ ആവില്ല. അത്രയും പ്രചോദനാത്മകം ആയിരുന്നു അദ്ദേഹത്തോടൊപ്പമുള്ള അനുഭവം,” മേക്കോവറിനെ കുറിച് റോനെക്സ് പറയുന്നു.

മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമിച്ചു രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റഷ്യയിലും പയ്യന്നൂരിലുമായി ഷൂട്ടിംഗ് പൂർത്തീകരിച്ച ആൻഡ്രോയിഡ് കുഞ്ഞപ്പൻ നവംബറിൽ ആണ് റിലീസിനൊരുങ്ങുന്നത്. ഒരു ഹ്യൂമനോയിഡിന്റെ കാഴ്ചപ്പാടിലൂടെ ബന്ധങ്ങളെക്കുറിച്ചുള്ള രസകരമായ കഥയാണ് ചിത്രം പറയുന്നത്. ബോളിവുഡ് സിനിമയിൽ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ് ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25’. പ്രശസ്ത ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജി ബാലും നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണനും എ സി ശ്രീഹരിയുമാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

കെന്റി സിർദോ, സൈജു കുറുപ്പ്, മാല പാർവതി, മേഘ മാത്യു എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ ഭാഗമായുണ്ട്. ജയദേവൻ ചക്കടാത് സൗണ്ട് ഡിസൈനും ജ്യോതിഷ് ശങ്കർ പ്രൊഡക്ഷൻ പ്രൊഡക്ഷൻ ഡിസൈനറുമായ ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്.

Read more: സ്വന്തം ജീവിതം സ്ക്രീനിൽ കണ്ട് കണ്ണു നിറഞ്ഞ് എൽദോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook