സുരാജ് വെഞ്ഞാറമൂടും സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രമായെത്തിയ ‘ആൻഡ്രാേയിഡ് കുഞ്ഞപ്പൻ’ എന്ന ചിത്രത്തിൽ കുഞ്ഞപ്പൻ എന്ന ടൈറ്റിൽ വേഷത്തെ അവതരിപ്പിച്ച സൂരജ് തേലക്കാടിന്റെ പിറന്നാളാണ് ഇന്ന്. സൂരജിന് ആശംസകൾ നേരുകയാണ് സുരാജ് വെഞ്ഞാറമൂട് ഇപ്പോൾ.
നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വർഷം ഏറെ ജനപ്രീതി നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. ബോളിവുഡ് സിനിമയിൽ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ് ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’.
Read more: ‘ശശികല’യെ ഓർക്കാത്ത ഒരോണം പോലും എനിക്കില്ല: സുരാജ് വെഞ്ഞാറമൂട്
ഒരു ഹ്യൂമനോയിഡിന്റെ കാഴ്ചപ്പാടിലൂടെ ബന്ധങ്ങളെക്കുറിച്ചുള്ള രസകരമായ കഥ പറഞ്ഞ ചിത്രത്തിലെ സുരാജിന്റെയും ഹ്യൂമനോയിഡായി എത്തിയ സൂരജ് തേലക്കാടിന്റെയും കോമ്പിനേഷൻ സീനുകൾ പ്രെക്ഷകരെ ഏറെ രസിപ്പിച്ച ഒന്നായിരുന്നു. ചിത്രത്തിൽ കുഞ്ഞപ്പനായി എത്തിയത് ആര് എന്ന കാര്യം അണിയറപ്രവർത്തകർ ഏറെനാൾ സർപ്രൈസായി സൂക്ഷിച്ചതിനു ശേഷമാണ് തുറന്നു പറഞ്ഞത്.
സൂരജിനെ ഹ്യൂമനോയിഡാക്കി മാറ്റുന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.
പെരിന്തൽമണ്ണ സ്വദേശിയാണ് സൂരജ് തേലക്കാട്. പഠനകാലത്ത് കലോത്സവ വേദികളിൽ തിളങ്ങിയ സൂരജ് പിന്നീട് കോമഡി പരിപാടികളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവരുകയായിരുന്നു.
ചാർളി, ഉദാഹരണം സുജാത, വിമാനം, അഡാർ ലവ് തുടങ്ങി നിരവധി ചിത്രങ്ങളിലും സൂരജ് അഭിനയിച്ചിട്ടുണ്ട്. 24 വയസുകാരനായ സൂരജിന്റെ ഉയരം110 സെ.മീ ആണ്.