ആദിത്യൻ ചന്ദ്രശേഖറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എങ്കിലും ചന്ദ്രികേ’.നിരഞ്ജന അനൂപ്, ബേസിൽ ജോസഫ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 10ന് ചിത്രം തിയേറ്ററുകളിലെത്തും. പ്രമേഷന്റെ ഭാഗമായി പങ്കെടുത്ത അഭിമുഖത്തിൽ സുരാജ് വെഞ്ഞാറമൂട് പറഞ്ഞ രസകരമായ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
നടി കാവ്യ മാധവന്റെ പിറന്നാളിനു സുരാജ് നൽകിയ ഒരു വെറൈറ്റി സമ്മാനത്തെക്കുറിച്ചുള്ള കഥയാണ് വൈറലാകുന്നത്.
“ഞങ്ങൾ വരാണസിയിൽ ഷൂട്ട് ചെയ്യുന്ന സമയം അന്ന് കാവ്യയുടെ പിറന്നാളായിരുന്നു. ഹോട്ടലിൽ അന്ന് പിറന്നാളാഘോഷം നടക്കും, ഞാനാണെങ്കിൽ സമ്മാനമൊന്നും വാങ്ങിയിട്ടില്ല. ഒടുവിൽ സുരേഷ് കൃഷ്‌ണയുടെ ഡമ്പലെടുത്ത് വർണ്ണ കടലാസിൽ പൊതിഞ്ഞ് കൊടുത്തു. അത് കിട്ടിയപ്പോൾ കാവ്യയ്ക്ക് വളരെ സന്തോഷമായി കാരണം കൂട്ടത്തിലെ ഏറ്റവും വലിയ സമ്മാനാമായിരുന്നത്” സുരാജ് പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു. നാലാം നിലയിലുള്ള മുറിയിലേക്ക് കാവ്യയും അച്ഛൻ മാധവും ആ ഭാരമേറിയ സമ്മാനം ബുദ്ധിമുട്ടി കൊണ്ടു പോയത് സുരാജ് ഓർക്കുന്നുണ്ട്.പിറ്റേന്ന് നടൻ സുരേഷ് കൃഷ്‌ണ ആ ഡമ്പലിനെക്കുറിച്ച് ചോദിച്ചതായും താരം ഓർക്കുന്നു.
ബാഷ് മുഹമ്മദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘എന്നാലും ന്റെളിയാ’ എന്ന ചിത്രത്തിലാണ് സുരാജ് അവസാനമായി അഭിനയിച്ചത്. സിദ്ദിഖ്, ലെന, ഗായത്രി അരുൺ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജനുവരി 6ന് തിയേറ്ററിലെത്തിയ ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.