കോമഡി വേഷങ്ങളും സീരിയസ് വേഷങ്ങളും ഒരുപോലെ ചെയ്ത നടനെന്ന രീതിയിൽ തന്റെ മുദ്ര പതിപ്പിച്ചിട്ടുള്ള അഭിനേതാവാണ് സുരാജ് വെഞ്ഞാറമൂട്. ഏതുതരം വേഷം കൊടുത്താലും അതെല്ലാം സൂക്ഷ്മതയോടെ അവതരിപ്പിക്കുന്ന സുരാജ് സംവിധായകരുടെ നടനാണ്. ദശമൂലം ദാമു പോലുള്ള കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ച സുരാജ് ‘കുട്ടൻപിള്ളയുടെ ശിവരാത്രി’, ‘ഫൈനൽസ്’, ‘വികൃതി’ ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’, ‘ജനഗണമന’ എന്നീ ചിത്രങ്ങളിലൊക്കെ എത്തി നിൽക്കുമ്പോഴേക്കും ഒരു നടൻ എന്ന രീതിയിൽ ഒരുപാട് വളർന്നിരിക്കുന്നു എന്നതാണ് വാസ്തവം. തന്നിലെ പ്രതിഭയെ തേച്ചു മിനുക്കി കൊണ്ടാണ് സുരാജിന്റെ പ്രയാണം. ‘എന്നാലും ന്റെളിയാ’ എന്ന ചിത്രത്തിലൂടെ വീണ്ടും കോമഡി കഥാപാത്രത്തിലേക്കെത്തിയിരിക്കുകയാണ് സുരാജ്.
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഒരു ഓർമചിത്രമാണ് സുരാജ് ഇപ്പോൾ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. സ്റ്റേജ് ഷോകളിലൂടെയാണ് സുരാജ് കലാ മേഖലയിലേക്ക് എത്തുന്നത്. ആ സമയത്ത് വെഞ്ഞാറമൂടുള്ള പരിപാടികൾക്ക് ലൈറ്റ് ആൻഡ് സൗണ്ട് വർക്കുകൾ ചെയ്തിരുന്ന വ്യക്തിയുടെ ചിത്രമാണ് സുരാജ് ഷെയർ ചെയ്തത്.
“എന്റെ തുടക്ക കാലത്ത് എന്നെയും എന്റെ ശബ്ദത്തെയും പുറം ലോകം കണ്ടത്, കേട്ടത്.. പ്രിയപ്പെട്ട അബുക്കയുടെ ലൈറ്റ് ആൻഡ് സൗണ്ടിലൂടെയാണ്. വെഞ്ഞാറമൂടിന്റെ വെളിച്ചവും ശബ്ദവുമായ അബുക്കക്ക് ആദരാഞ്ജലികൾ” എന്നാണ് സുരാജ് കുറിച്ചത്. കുറിപ്പിനൊപ്പം പഴയ ചിത്രവും സുരാജ് പങ്കുവച്ചു. കലാകാരന്മാർ വളർന്നു വരുന്നത് ഇത്തരം ആളുകളിലൂടെയാണെന്നും, അവരെ സുരാജ് ഓർത്തത് നിങ്ങളുടെ നല്ല മനസ്സു കൊണ്ടാണെന്നുമണ് ആരാധകർ പറയുന്നത്.
‘മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ്’, ‘എന്നാലും ന്റെളിയാ’ എന്നിവയാണ് സുരാജിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങൾ. വിനീത് ശ്രീനിവാസൻ കേന്ദ്രകഥാപാത്രമായി എത്തിയ ‘മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ്’ മികച്ച പ്രതികരണങ്ങൾ നേടിയിരുന്നു. അഭിനവ് സുന്ദർ നായക് ആണ് ചിത്രത്തിന്റെ സംവിധായകൻ. ആദിത്യൻ ചന്ദ്രശേഖറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘എങ്കിലും ചന്ദ്രികേ’ ആണ് സുരാജിന്റെ പുതിയ ചിത്രം.