കണ്ണൂരിന്റെ പശ്ചാത്തലത്തിൽ ഫുട്ബോളും രാഷ്ട്രീയവും പ്രമേയമാക്കി നവാഗതനായ ഹേമന്ത് ജി.നായർ സംവിധാനം ചെയ്യുന്ന ‘ഹിഗ്വിറ്റ’ അണിയറയിൽ ഒരുങ്ങുകയാണ്. സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയ്യപ്പദാസ് എന്ന കഥാപാത്രമായി ധ്യാനും പന്ന്യന്നൂർ മുകുന്ദൻ എന്ന രാഷ്ട്രീയ നേതാവായി സുരാജും എത്തുന്നു.

ഇതൊരു രാഷ്ട്രീയ ചിത്രമാണെന്നും എന്നാൽ സമാന്തരമായി ഫുട്ബോളിന്റെ കഥ കൂടി ഉള്ളതിനാൽ ‘ഹിഗ്വിറ്റ’ എന്ന് പേരിട്ടതാണെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംവിധായകൻ പറയുന്നു. കഴിഞ്ഞ അഞ്ച് വർഷമായി താൻ തിരക്കഥയുടെ പണിപ്പുരയിലായിരുന്നുവെന്നും തുടക്കം മുതൽ പന്ന്യന്നൂർ മുകുന്ദൻ എന്ന കഥാപാത്രത്തിന് സുരാജിന്റെ മുഖമായിരുന്നുവെന്നും സംവിധായകൻ.

“കഴിഞ്ഞ നാല്-അഞ്ച് വർഷമായി ഞാൻ തിരക്കഥയുടെ പണിപ്പുരയിലായിരുന്നു. തുടക്കം മുതലേ സുരാജ് വെഞ്ഞാറമൂട് എന്റെ മനസിൽ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിലേക്ക് എത്തിപ്പെടാൻ കുറച്ചധികം സമയമെടുത്തു. ആ സമയത്ത് അദ്ദേഹത്തിന്റെ പല ഹിറ്റ് സിനിമകളും പുറത്തിറങ്ങിയിട്ടില്ല. ഇന്നത്തേതു പോലെ ഒരു സ്റ്റാർ വാല്യൂ ഉള്ള നടനല്ല അന്നദ്ദേഹം. ആ ഘട്ടത്തിൽ ഒരു നിർമാതാവിനെ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം ഒത്തുവന്നു. അങ്ങനെ ഞങ്ങൾ സിനിമ ആരംഭിച്ചു.”

Read More: വിഷം തുപ്പുന്ന വ്യക്തി; ബലാത്സംഗത്തെ ന്യായീകരിച്ച ആൾക്കെതിരെ പാർവതി

ചിത്രീകരണ സമയത്ത് ഒരിക്കൽ പോലും താൻ കഥാപാത്രത്തെ അല്ലാതെ, സുരാജ് വെഞ്ഞാറമൂട് എന്ന നടനെ കണ്ടിട്ടില്ലെന്നും അഭിമുഖത്തിൽ ഹേമന്ത് പറയുന്നു.

“തുറന്നുപറഞ്ഞാൽ, ചിത്രീകരണത്തിന്റെ ഒരു ഘട്ടത്തിലും ഞാൻ സുരാജ് വെഞ്ഞാറമൂടിനെ കണ്ടില്ല. അത് ഉച്ചഭക്ഷണ സമയമായാലും ഇടവേളയിലായാലും അല്ലെങ്കിൽ യാത്രയിലായാലും, കഥാപാത്രത്തിനൊപ്പം തന്നെ തുടരാനായിരുന്നു സുരാജേട്ടന്റെ തീരുമാനം. കഥാപാത്രത്തെക്കുറിച്ച് കൂടുതൽ അറിയാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. അപ്പോൾ മുതലേ അദ്ദേഹം കഥാപാത്രമായി ജീവിക്കുകയായിരുന്നു. ഞങ്ങൾ കട്ട് പറയുന്ന നിമിഷം വരെ സുരാജ് വെഞ്ഞാറമൂട് പന്നിയന്നൂർ മുകുന്ദനായിരുന്നു.”

സെക്കൻഡ് ഹാഫ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതരായ സജിത് അമ്മ, ബോബി തര്യൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. അവരില്ലായിരുന്നെങ്കിൽ ചിത്രം സാധ്യമാകുമായിരുന്നില്ലെന്ന് ഹേമന്ത് ജി.നായർ പറയുന്നു. “അവരാണ് സിനിമയുടെ നട്ടെല്ല്. സിനിമ നിർമ്മിക്കാനുള്ള യാതൊരു പദ്ധതിയും അവർക്കില്ലായിരുന്നു. എന്നാൽ ശരിയായ കാര്യങ്ങൾ ശരിയായ സമയത്ത് ഒത്തുവരും!” സംവിധായകൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook