സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ നിരൂപണം എഴുതിയതിന് പിന്നാലെ മുസ്‌ലിം ലീഗ് പിന്തുണക്കാരുടെ സൈബര്‍ ആക്രമണത്തിന് ഇരയായ സുരാജ് വെഞ്ഞാറമ്മൂട് വിശദീകരണവുമായി രംഗത്ത്. മലപ്പുറത്തിന്റെ സ്നേഹവും, ഫുട്ബോളും ലാളനയും എല്ലാ അർത്ഥത്തിലും കാണിച്ചു തന്ന ഒരു സിനിമ എന്ന് മാത്രമാണ് താന്‍ എഴുതിയ നിരൂപണത്തിൽ ഉദ്ദേശിച്ചതെന്ന് സുരാജ് പറഞ്ഞു. മലപ്പുറത്തിന്റെ സ്നേഹവും കരുത്തും എല്ലാമാണ് മുസ്‌ലിം ലീഗും കുഞ്ഞാലിക്കുട്ടി സാഹിബും എന്ന് സുരാജ് പറഞ്ഞു. സുഡാനി എന്ന സിനിമയിലൂടെ മലപ്പുറത്തിന്റെ സ്നേഹവും മറ്റൊരു ജീവനോടുള്ള കരുതലും വേറെ ഒരു ആംഗിളിൽ പ്രേക്ഷകർക്ക് കാണിച്ചു സുഡാനി ഫ്രം നൈജീരിയ എന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

താൻ എഴുതിയതിൽ ഏതെങ്കിലും രീതിയിൽ ആർക്കെങ്കിലും മനഃപ്രയാസം നേരിട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നതായും സുരാജ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. കഴിഞ്ഞ ദിവസം സിനിമ കണ്ടതിന് പിന്നാലെ സുരാജ് എഴുതിയ നിരൂപണത്തിന്റെ പേരിലായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. ‘ലീഗും കുഞ്ഞാലിക്കുട്ടിയും കോണി ചിഹ്നവും ഒന്നും ഇല്ലാത്ത കൊതിപ്പിക്കുന്ന യഥാർത്ഥ മലപ്പുറത്തിന്റെ ഭംഗി. അങ്ങനെ എല്ലാം കൊണ്ടും ഒരു ആസ്വാദകന്റെ മനസ്സ് നിറക്കുന്ന, കണ്ണ് നിറക്കുന്ന ഒരു ബഹളവും ഇല്ലാത്ത ഒരു കൊച്ചു ഗംഭീര സിനിമ’, ഇതായിരുന്നു നിരൂപണത്തില്‍ സുരാജ് എഴുതിയിരുന്നത്. എന്നാല്‍ വിമര്‍ശനം ഉയര്‍ന്നതോടെ സുരാജ് നിരൂപണത്തില്‍ തിരുത്ത് വരുത്തിയിട്ടുണ്ട്.

സുരാജിന്റെ ഫെയ്സ്ബുക്ക് നിരൂപണം,

ഒരു മനുഷ്യനു മറ്റൊരു മനുഷ്യനോട്‌ തോന്നുന്ന അനിർവ്വചനീയമായ ഒരു കരുതലും ബന്ധവും സ്നേഹവും അതിലുപരി എന്തൊക്കെയോ ഉണ്ട്‌.. അതിന്‌ ഭാഷയും ദേശവും മതവും നിറവും ഒന്നും.. ഒന്നും തന്നെ ഒരു പ്രശ്നമല്ല.. പലപ്പോഴും മറ്റുള്ളവരുടെ പ്രശ്നങ്ങൾ കേൾക്കുമ്പോൾ ആണ്‌ നമ്മുടെയൊന്നും ഒരു പ്രശ്നമേ അല്ല എന്ന് തോന്നിപ്പോവുക…ഒരുപാട് വട്ടം ഇത്രയും പ്രായത്തിനിടക്ക് അനുഭവിച്ചറിഞ്ഞതാണ് ഇത്, ഈ അടുത്ത് ഒന്നും ഒരു സിനിമ കണ്ടിട്ട് എനിക്ക് കണ്ണ് നിറഞ്ഞിട്ടില്ല, ഇടക്ക് പറയാറുണ്ട് രോമം എഴുന്നേറ്റു നിന്ന് എന്ന്, അതുപോലെ ഒന്ന് ഞാൻ ഇന്നലെ അനുഭവിച്ചറിഞ്ഞു.. ഒരുപാട് യാത്രകളിൽ ഒരുപാട് സുഡാനികളെ കണ്ടിട്ടുണ്ട്. അന്ന് എല്ലാരേം പോലെ ഞാനും വിളിച്ചിട്ടുണ്ട് സുടു എന്ന്. ഒരുപക്ഷെ ഇതേപോലെ ഒരുപാട് വേദനകൾ കടിച്ചമർത്തിയാവും ആ പാവങ്ങൾ ജീവിക്കുന്നത്. സുഡാനി ഫ്രം നൈജീരിയ എന്ന അതിമനോഹര സിനിമ അടിവരയിടുന്നത്‌ ഇതിനെയെല്ലാമാണ്‌‌..

സൗബിൻ നീ മജീദ് ആയി ജീവിക്കുക ആയിരുന്നു, ഒരു നാടൻ മലപ്പുറംകാരനായി എന്താ കൂടുതൽ പറയാ…
സ്നേഹം ആഘോഷമാക്കുന്ന ഒരു സിനിമ.. എല്ലാവരുടേയും മികച്ച പെർഫോമൻസ്‌. ലീഗും കുഞ്ഞാലിക്കുട്ടിയും കോണി ചിഹ്നവും ഒന്നും ഇല്ലാത്ത കൊതിപ്പിക്കുന്ന യഥാർത്ഥ മലപ്പുറത്തിന്റെ ഭംഗി.. അങ്ങനെ എല്ലാം കൊണ്ടും ഒരു ആസ്വാദകന്റെ മനസ്സ് നിറക്കുന്ന, കണ്ണ് നിറക്കുന്ന ഒരു ബഹളവും ഇല്ലാത്ത ഒരു കൊച്ചു ഗംഭീര സിനിമ..

ഇവരെ കുറിച്ച് പറയാതെ ഇരിക്കാൻ വയ്യ, ആ രണ്ടു ഉമ്മമാർ… ഇത്രയും കാലം എവിടെയായിരുന്നു… ഒരു ശതമാനം പോലും അഭിനയിക്കാതെ ലാളനയും സ്നേഹവും ദേഷ്യവും എല്ലാം നിങ്ങളിലൂടെ പ്രേക്ഷകരിലേക്ക് വന്ന്… ഒരുപക്ഷെ ഈ സിനിമയുടെ യഥാർത്ഥ അവകാശികൾ നിങ്ങൾ ആണ് ഉമ്മമാരെ. പിന്നെ അബ്ദുള്ളക്കാനെ കുറിച്ച് പറയാതെ വയ്യ…

“ഫാദർ “എന്ന് പറയുമ്പോൾ, ആവർത്തിക്കുമ്പോൾ ആ കണ്ണിലെ തിളക്കം.
സുഡുവിനോടുള്ള കൈ വീശി കാട്ടൽ.
മിക്ചർ പെറുക്കി തിന്നുള്ള ചായകുടി.

ഒടുക്കം കൊതുക് പാറുന്ന ആ ATM കൗണ്ടറിന് മുന്നിലെ ഇരുത്തം. ‘അറബിക്കഥ’യിൽ കൂടെ അഭിനയിച്ച ആളാണ്.
ഇപ്പോഴും ‘സുഡാനി’യിൽ എന്നെ ഹോണ്ട് ചെയ്യുന്നത് ഈ ‘പുത്യാപ്ല’യാണ്
കെ.ടി.സി.അബ്ദുള്ളക്കാ,
നിങ്ങളെന്തൊരു മനുഷ്യനാണ്!

ഒരുപാട് കൂട്ടുകാരുടെ സഹകരണം ഈ സിനിമയ്ക്ക് പിന്നിലുണ്ട്, ഷൈജു ഖാലിദ് താങ്കൾ ക്യാമറ കണ്ണിലൂടെ അല്ല ഈ ചിത്രം പകർത്തിയത് പ്രേക്ഷകരുടെ കണ്ണിലൂടെ ആണ്… സമീർ താഹിർ സക്കരിയ എന്ന സംവിധായകനെ ജീനിയസിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിനു ബിഗ് സല്യൂട്ട്…

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook