ചണ്ഡിഗഡ്: പത്മാവതി സിനിമ റിലീസിനെതിരെ വിവാദം ഉടലെടുത്ത സാഹചര്യത്തിൽ ദീപിക പദുക്കോണിന്റെ തലയറുക്കാൻ ആഹ്വാനം ചെയ്ത ബിജെപി നേതാവ് രാജിവച്ചു. ഹരിയാനയിലലെ ബിജെപി ചീഫ് മീഡിയ കോർഡിനേറ്റർ സൂരജ് പാൽ അമുവാണ് രാജിവച്ചത്. വധഭീഷണിയെ തുടർന്ന് വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് രാജി.

സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയുടെയും ദീപിക പദുക്കോണിന്റെയും തലയറുക്കാനാണ് ഇദ്ദേഹം ആഹ്വാനം ചെയ്തത്. പത്ത് കോടി രൂപയായിരുന്നു വാഗ്‌ദാനം. ഇതിന് പുറമേ രൺവീർ സിങ്ങിന്റെ കാല് തല്ലിയൊടിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

സംഭവം വിവാദമായതോടെ ബിജെപി സംസ്ഥാന ഘടകം ഇദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പത്മാവതിക്കെതിരെ പ്രതിഷേധം നയിക്കുന്ന കര്‍ണിസേനയുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ റദ്ദാക്കിയതു മൂലമാണു രാജിയെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബരാലയ്ക്കു അയച്ച രാജിക്കത്തില്‍ അമു പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ