ഈ വർഷം മലയാള സിനിമയിൽ ഏറ്റവുമധികം ഉപയോഗിച്ച ഒരു പ്രൊമോഷൻ രീതിയാണ് ഹുക്ക്അപ്പ് സ്റ്റേപ്പുകൾ. സിനിമ പുറത്തിറങ്ങുന്നതിനു മുൻപ് ചിത്രത്തിലെ ഗാനത്തിനായി ഒരു സ്റ്റെപ്പ് ചിട്ടപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെ അതു പ്രചരിപ്പിക്കും. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്റെ പേജുകളിലൂടെയാണ് ഇത് പ്രചരണത്തിലെത്തിക്കുക. മമ്മൂട്ടി ചിത്രം ‘ഭീഷ്മപർവ’ത്തിലൂടെ ട്രെൻഡിങ്ങായ ഈ രീതി പിന്നീട് അനവധി ചിത്രങ്ങളിലും തുടർന്നു. അതിൽ ഏറ്റവും കൂടുതൽ പോപ്പുലറായത് ബേസിലും ദർശനയും ഒന്നിച്ചു ചെയ്ത ‘ജയ ജയ ജയ ജയഹേ’യിലെ സ്റ്റേപ്പ് തന്നെയായിരിക്കും.
ബാഷ് മുഹമ്മദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘എന്നാലും ന്റെളിയാ’. സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ഗായത്രി അരുൺ, ലെന എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ജനുവരി 6 നു തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രൊമോഷനായി എന്തു വ്യത്യസ്തമായി ചെയ്യാം എന്ന് ആലോചിക്കുന്ന സുരാജിന്റെയും സിദ്ദിഖിന്റെയും വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഈ വർഷം വൈറലായ ഹുക്ക് അപ്പ് സ്റ്റെപ്പുകളെക്കുറിച്ചാണ് അവർ വീഡിയോയിൽ പറയുന്നത്. ചാക്കോച്ചന്റെ ന്നാ താൻ കേസ് കൊടിലെ സ്റ്റൈപ്പും, പാലാ പള്ളി തിരു പള്ളിയും, ജയ ജയ ജയ ജയഹേയുമൊക്കെ അതിൽ ഉൾപ്പെടുന്നുണ്ട്. ഈ പ്രൊമോഷൻ എന്തായാലും പൊളിച്ചു, ഇതിൽ കൂടുതൽ പ്രൊമോഷനൊന്നും ഈ സിനിമയ്ക്ക് വേണ്ട എന്നെല്ലാമാണ് ആരാധക കമന്റുകൾ.
ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്. തമാശ ജോണറിലൊരുങ്ങുന്ന ചിത്രമാണെന്നാണ് പോസ്റ്ററുകളിൽ നിന്ന് വ്യക്തമാകുന്നത്. ഒരിടവേളയ്ക്ക് ശേഷം സുരാജ് കോമഡി വേഷത്തിലെത്തുന്ന ചിത്രമെന്നാണ് റിപ്പോർട്ടുകൾ. സുനിൽ ഇബ്രാഹിമിന്റെ സംവിധാനത്തിൽ ഒരുങ്ങിയ റോയ് ആണ് സുരാജിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സോണി ലിവിലാണ് ചിത്രം റിലീസ് ചെയ്തത്.