കറുത്തമ്മ എന്ന പേരു കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുക നിത്യഹരിത നായിക ഷീലയുടെ മുഖമാണ്. കറുത്തമ്മയേയും ചെമ്മീനിലെ ഗൃഹാതുരത്വമുണർത്തുന്ന പാട്ടും വീണ്ടും ഓർമ്മിപ്പിക്കുകയാണ് നടി സുരഭി ലക്ഷ്മി. ഒരു ന്യൂയോർക്ക് യാത്രയ്ക്കിടെ നടി ഷീല്ക്ക് ഒപ്പമുള്ള ഒരു രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സുരഭി. ‘ചെമ്മീനി’ലെ പണ്ടൊരു മുക്കുവൻ മുത്തിനു പോയി എന്ന ഗാനമാണ് വീഡിയോയ്ക്ക് ബാക്ക് ഗ്രൗണ്ടായി സുരഭി നൽകിയിരിക്കുന്നത്. ചിരിച്ചുല്ലസിച്ചു നീങ്ങുന്ന സുരഭിയേയും ഷീലാമ്മയേയുമാണ് വീഡിയോയിൽ കാണുക.
രണ്ടു തലമുറകളിലെ അഭിനേത്രികൾ ചേർന്ന് രസകരമാക്കിയ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.
മലയാളസിനിമയിലെ ഒരു കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന അഭിനേത്രിയാണ് ഷീല. അറുപതുകളിൽ സിനിമയിൽ അഭിനയിച്ചു തുടങ്ങി രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ സമാനതകളില്ലാത്ത താരസാന്നിധ്യമായി മാറിയ അഭിനേത്രി. അതുപോലെ തന്നെ മലയാളസിനിമയുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു ചിത്രമായിരുന്നു, 1965-ൽ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം നേടിയ ചെമ്മീനും. ഷീലാമ്മയേയും ആ നൊസ്റ്റാൾജിക് പാട്ടും വീഡിയോയിലൂടെ ഓർമ്മിപ്പിച്ചതിന് സുരഭിയോട് നന്ദി പറയുകയാണ് ആരാധകർ.
Read more: ‘താമരശ്ശേരി ചുരം..’ പപ്പുവിന്റെ കിടിലന്‍ ഡയലോഗുമായി സുരഭി
ലോക്ക്‌ഡൗൺ കാലത്ത് നരിക്കുനിയിലെ വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കുകയാണ് സുരഭി. ലോക്ക്‌ഡൗൺ കാലത്തെ അനുഭവങ്ങളും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സുരഭി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സുരഭി പങ്കുവച്ച ചില ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.
Read more: ഒരു കൈ നോക്കിയാലോയെന്ന് ഷീല; ആ അഭിനയം നിനക്ക് വഴങ്ങില്ലെന്നു ശാരദ