അപ്രതീക്ഷിതമായി ഒരു വാഹനാപകടത്തിലാണ് നടൻ സഞ്ചാരി വിജയ് എന്ന പ്രതിഭയെ സിനിമാലോകത്തിന് നഷ്ടമായത്. 2021 ജൂൺ 15നാണ് ഒരു ബൈക്ക് അപകടത്തിൽ വിജയ് അന്തരിച്ചത്. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലൂടെ ശ്രദ്ധേയനായ വിജയ് 2015ൽ ‘നാനു അവനല്ല അവളു’ എന്ന സിനിമയിലൂടെയാണ് ദേശീയ പുരസ്കാരം സ്വന്തമാക്കിയത്.
അകാലത്തിൽ വിട പറഞ്ഞ ഇഷ്ടനടനെ ഓർക്കുകയാണ് നടിയും ദേശീയ പുരസ്കാര ജേതാവുമായ സുരഭി ലക്ഷ്മി. വിജയ്യെ കുറിച്ചുള്ള ഒരോർമ്മക്കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സുരഭി. ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടം തോന്നിയ നടനാണ് സഞ്ചാരി വിജയ് എന്ന് ഒരു അഭിമുഖത്തിനിടെ സുരഭി പറഞ്ഞിരുന്നു. ആദ്യകാഴ്ചയിൽ അല്ല, ഒരു സിനിമ കണ്ടപ്പോഴാണ് ഇഷ്ടം തോന്നിയതെന്നും ഒരിക്കലും നേരിൽ കാണാൻ സാധിച്ചിട്ടില്ലെങ്കിലും ഫോണിൽ സംസാരിക്കാൻ അവസരം ലഭിച്ചിരുന്നുവെന്നുമാണ് സുരഭി പറഞ്ഞത്.
തന്റെ പ്രിയ നടൻ അവസാനമായി അഭിനയിച്ച ‘തലദണ്ട’ ഇന്ന് റിലീസിനെത്തുമ്പോൾ ചിത്രത്തിന്റെ ആദ്യ ഷോ ബാംഗ്ലൂരിലെത്തി കണ്ടിരിക്കുകയാണ് സുരഭി.
“വിജയ് ….
നിങ്ങളീ ലോകത്തില്ലയെന്ന് വിശ്വസിക്കാൻ എനിക്കിപ്പോഴുമാവുന്നില്ല , പലപ്പോഴായി നമ്മൾ പ്ലാൻ ചെയ്ത കൂടിക്കാഴ്ച ഇങ്ങനെ ആയിരിക്കും എന്ന് ഒരിക്കലും കരുതിയില്ല,
എത്ര ബുദ്ധിമുട്ടിയാണെങ്കിലും ഇന്ന് ബാംഗ്ലൂരിൽ എത്തി ‘തലദണ്ട’ എന്ന അങ്ങയുടെ അവസാന ചിത്രത്തിന്റെ ആദ്യ ഷോ കാണണം എന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു.
കാരണം ഇന്നിവിടെ എത്തിയവരെല്ലാം നിങ്ങളുടെ പ്രിയപെട്ടവരാണ്, അവരുടെ ഇടയിലൂടെ നടന്നപ്പോൾ അവിടെ നിറയെ നിങ്ങളുള്ളതുപോലെ….
പ്രിയപ്പെട്ട വിജയ് നിങ്ങൾ എന്നെ വീണ്ടും വിസ്മയിപ്പിച്ചിരിക്കുന്നു, സഞ്ചാരി വിജയ് എന്ന നടനിൽ നിന്നും ‘നാൻ അവനല്ല അവളു’ എന്ന ചിത്രത്തിൽ മികച്ച നടനുള്ള ദേശീയ അവർഡിന് അർഹനാക്കിയ മതേശൻ, ഇപ്പോൾ ‘തലദണ്ട’യിലെ കുന്നഗൗട; ഈ രണ്ടു കഥാപാത്രത്തിലേക്കുമുള്ള അങ്ങയുടെ പകർന്നാട്ടം എന്തൊരു അത്ഭുമാണ്.
ഹോ! നെഞ്ചുപൊട്ടുന്ന വേദനയോടെ ആണ് സിനിമ കണ്ടുത്തീർത്തത്. വിജയ് എനിക്കുറപ്പുണ്ട് ഇതുമറ്റൊരു അടയാളപ്പെടുത്തലാണ്. വെല്ലുവിളിയാർന്ന ഈ കഥാപാത്രത്തെ അങ്ങേക്ക് സമ്മാനിച്ച ഡയറക്ടർ പ്രവീൺകൃപകർ സാറിനു സ്നേഹം.
എപ്പോഴും മറ്റുള്ളവരെ സഹായിക്കണം എന്നുള്ള മനസ്സായിരുന്നു നിങ്ങൾക്ക്, മരണത്തിലും അങ്ങിനെ തന്നെ, ഏഴു പേരിലൂടെ ഈ ലോകത്തു നിങ്ങൾ ജീവിച്ചിരിക്കുന്നു, ജീവിതയാത്രയില്ലെപ്പോഴെങ്കിലും അവരിലൂടെ നമുക്ക് നേരിൽ കാണാമെന്നമെന്ന പ്രതീക്ഷയോടെ,” സുരഭി കുറിച്ചതിങ്ങനെ.
ബാംഗ്ലൂരുവിലൂടെ അര്‍ദ്ധരാത്രി ബൈക്കില്‍ സഞ്ചരിച്ച വിജയ് നിയന്ത്രണം നഷ്പ്പെട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ താരത്തിന് ആദ്യം മസ്തിഷ്ക മരണം സംഭവിച്ചു. തുടർന്ന് താരത്തിന്റെ ഏഴ് അവയവങ്ങള്‍ ദാനം ചെയ്തിരുന്നു.