മലയാളികളുടെ പ്രിയതാരം മാമുക്കോയയുടെ വേർപാടിൽ ആദരാഞ്ജലി അർപ്പിക്കുകയാണ് സിനിമാലോകം. നടിയും കോഴിക്കോട് സ്വദേശിയുമായ സുരഭി ലക്ഷ്മി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ച ഒരു രസകരമായ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മാമുക്കോയയ്‌ക്കൊപ്പമിരുന്ന് റീൽ വീഡിയോ ചെയ്യുകയാണ് സുരഭി. താരത്തിന്റെ പ്രശസ്തമായ സിനിമാ ഡയലോഗാണ് സുരഭി റീൽ ചെയ്യാനായി തിരഞ്ഞെടുത്തത്. പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഓളവും തീരവും’ എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങ് സമയത്തെടുത്ത വീഡിയോയാണ് സുരഭി ഷെയർ ചെയ്തിരിക്കുന്നത്.
“‘മാണ്ട’ ആ സീനിലെ ടൈമിങ്ങും നിഷ്കളങ്കതയും വാവിട്ടത് അബദ്ധമായി എന്നറിഞ്ഞപ്പോൾ ഉള്ള റിയാക്ഷനും, അങ്ങനെ എന്തെല്ലാം കഥകൾ, എംടി സാറിന്റെ ഓളവും തീരവും എന്ന കഥ വീണ്ടും പ്രിയദർശൻ സാർ സംവിധാനം ചെയ്തപ്പോൾ, ഞങ്ങൾക്ക് രണ്ടുപേർക്കും മനോഹരമായ രണ്ട് കഥാപാത്രങ്ങൾ ചെയ്യാനുള്ള അവസരം കിട്ടി, അതിന്റെ ഡബ്ബിങ് സമയത്ത് ഒരുപാട് നേരം ഞങ്ങൾക്ക് തമാശകൾ പറയാനും, നമ്മൾ പറയുന്നതിന് മുഴുവൻ പൊട്ടിച്ചിരിപ്പിക്കുന്ന രീതിയിൽ കൗണ്ടറുകൾ പറയുകയും , അവസാനം ഡബ്ബ് ചെയ്യാൻ കയറിയപ്പോൾ ശബ്ദം അടഞ്ഞു” സുരഭി വീഡിയോയ്‌ക്കൊപ്പം കുറിച്ചു.
ഡബ്ബിങ്ങ് സമയത്ത് ശബ്ദം അടഞ്ഞപ്പോൾ മാമുക്കോയ പറഞ്ഞ കാരണം സുരഭി അടികുറിപ്പായി കുറിച്ചിട്ടുണ്ട്. ‘”പ്രിയാ ഇതിനെല്ലാം കാരണം അതാ ആ കുത്തിരിക്കുന്ന പഹച്ചിയാണ്, ഞാൻ ഡബ്ബ് ചെയ്യുന്ന ദിവസം ഓളെ എന്തിനാ വിളിച്ചത്, രണ്ടു കോഴിക്കോട്ടുകാർ കൂടിയാ വർത്താനം നിർത്തൂല ഞാൻ നിർത്തുമ്പോ ഓള് തൊടങ്ങും, ന്റെ ഡബ്ബിങ്ങിന്റെ ട്രിക്ക് ഒക്കെ ഓള് പഠിച്ചാളല്ലോ പടച്ചോനെ ” കോഴിക്കോടൻ ഭാഷയിൽ എന്നെ കാണിച്ച് പ്രിയദർശൻ സാറിനോട് പറഞ്ഞു കളിയാക്കി.’
കോഴിക്കോടിന്റെ ഹാസ്യ സുൽത്താന് സ്നേഹത്തോടെ വിട എന്ന് കുറിച്ചാണ് സുരഭി ആദരാഞ്ജലി അർപ്പിച്ചത്.