മലയാളത്തിലെ പവർ കപ്പിളാണ് സുപ്രിയയും പൃഥ്വിരാജും എന്നാണ് പറയാറുള്ളത്. പരസ്പരം ബഹുമാനിക്കുന്ന വളർച്ചയിൽ പങ്കുവഹിക്കുന്ന ഭാര്യാ ഭർത്താക്കന്മാർ. ഇടയ്ക്കിടെ തങ്ങളുടെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ആടുജീവിതത്തിനായി താടി വളർത്തിയ ശേഷം പൃഥ്വിയെ സുപ്രിയ താടിക്കാരൻ എന്നാണ് വിളിക്കുന്നത്. ഇക്കുറി തന്റെ താടിക്കാരനൊപ്പമുള്ള മനോഹരമായൊരു ചിത്രമാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്.
‘ആടുജീവിതം’ സിനിമയിലെ നജീബ് എന്ന കഥാപാത്രമായി മാറാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ് ഇപ്പോൾ. രണ്ട് ഷെഡ്യൂളുകൾ പൂർത്തിയാക്കി കഴിഞ്ഞ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിനു വേണ്ടി മെലിയുകയാണ് താരമിപ്പോൾ. ‘അയ്യപ്പനും കോശിയും’ എന്ന സിനിമ പൂർത്തിയാക്കിയ പൃഥ്വി ഇതിനായി മൂന്നു മാസത്തേക്ക് സിനിമയിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ്. തന്റെ ജീവിതത്തിൽ ഏറ്റവും ആഗ്രഹത്തോടെ കാണുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ പരിശീലനം കൂടിയാണ് ഈ ഇടവേളയെന്നാണ് പൃഥ്വിരാജ് ഇതുമായി ബന്ധപ്പെട്ട് പറഞ്ഞത്.
ഒരു മാസം പൂർത്തിയാകും മുൻപ് തന്നെ അമ്പരപ്പിക്കുന്ന രീതിയിലുള്ള മാറ്റമാണ് പൃഥ്വിരാജിൽ കാണാൻ സാധിക്കുക. കഴിഞ്ഞ ദിവസം ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ പ്രിവ്യൂവിന് എത്തിയ പൃഥ്വിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
Read More: ‘ആടു ജീവിത’ത്തിനായി മെലിഞ്ഞ് പൃഥ്വിരാജ്; ചിത്രങ്ങൾ
മലയാളസിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായിരിക്കും ‘ആടുജീവിതം’ എന്നാണ് കരുതപ്പെടുന്നത്. കെ.യു.മോഹനനാണ് ക്യാമറ. പ്രവാസി വ്യവസായി കെ.ജി.എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. ബ്ലെസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. സിനിമയുടെ കൊമേഴ്സ്യൽ മൂല്യം കൂടി പരിഗണിച്ച് തിരക്കഥയിൽ അൽപ്പം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ‘കാഴ്ച’, ‘തന്മാത്ര’, ‘പ്രണയം’ തുടങ്ങിയ സിനിമകളിൽ സംവിധായകൻ കാഴ്ചവച്ച ‘ബ്ലെസി ടച്ച്’ ഈ സിനിമയിലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.