ഇന്ന് ഡിസംബർ 30. 2019 അവസാനിക്കാൻ ഇനി ഒരു ദിവസം കൂടി ബാക്കി. ഈ വർഷം പൃഥ്വിരാജിനും സുപ്രിയയ്ക്കും ഒരൊന്നൊന്നര വർഷം തന്നെയായിരുന്നു. ഇതേക്കുറിച്ചാണ് സുപ്രിയ സോഷ്യൽ മീഡിയയിൽ എഴുതിയിരിക്കുന്നത്. മാത്രമല്ല, ഇരുവരും ഒരു ചെറിയ അവധിക്കാലം ആഘോഷിക്കാൻ വിദേശത്തേക്ക് പോയിരിക്കുകയാണ്.

“എന്തൊരു വർഷമായിരുന്നു ഇത് ഞങ്ങൾക്ക്! ഞങ്ങൾ നയനിൽ ആരംഭിച്ചു, ലൂസിഫർ പുറത്തിറക്കി, ഡ്രൈവിംഗ് ലൈസൻസിൽ അവസാനിച്ചു! ഇതിലെല്ലാം നിങ്ങൾ എല്ലാവരും ഞങ്ങളോടൊപ്പമുണ്ടായിരുന്നു, വളരെയധികം സ്നേഹത്തോടെ ഞങ്ങളെ പിന്തുണച്ചു! എല്ലായെപ്പോഴും കൃതജ്ഞതയും സ്നേഹവും! നിങ്ങൾക്കെല്ലാവർക്കും ഞങ്ങൾ സന്തോഷകരമായ അവധിദിനങ്ങൾ നേരുന്നു! 2020 ൽ കാണാം,” എന്നാണ് സുപ്രിയ കുറിച്ചത്.

പൃഥ്വിരാജിന്റെ വകയുമുണ്ട് എല്ലാവർക്കും സന്തോഷം നിറഞ്ഞ ഒരു അവധിക്കാലം. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ നിർമാണ സംരംഭമായിരുന്നു നയൻ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലൂസിഫറും. രണ്ട് ചിത്രങ്ങളും 2019ലാണ് പുറത്തിറങ്ങിയത്. നയൻ ബോക്സ് ഓഫീസിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിച്ചില്ലെങ്കിലും ലൂസിഫർ മലയാള സിനിമയിൽ തന്നെ പല റെക്കോർഡുകളുമാണ് തിരുത്തിയത്. മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബ്ബിൽ പ്രവേശിക്കുന്ന ചിത്രമെന്ന റെക്കോർഡും ലൂസിഫർ സ്വന്തമാക്കി.

Read More: അല്ലിമോളും സുപ്രിയയും കാത്തിരിക്കുന്നു; സിനിമയ്ക്ക് മൂന്ന് മാസം ഇടവേളയിട്ട് പൃഥ്വിരാജ്

കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേ, ശങ്കർ രാമകൃഷ്ണന്റെ പതിനെട്ടാം പടി എന്നിവയായിരുന്നു പൃഥ്വിയുടെ മറ്റ് രണ്ട് ചിത്രങ്ങൾ. ഏറ്റവും ഒടുവിൽ റിലീസായത് ഡ്രൈവിങ് ലൈസൻസ്. മികച്ച എന്റർടെയ്നർ എന്ന പ്രേക്ഷകാഭിപ്രായം നേടി ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു.

അയ്യപ്പനും കോശിയും എന്ന സിനിമയുടെ ചിത്രീകരണം അവസാനിച്ചതിന് പിന്നാലെ അടുത്ത മൂന്ന് മാസത്തേക്ക് താൻ സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നു എന്ന് പൃഥ്വി അറിയിച്ചിരുന്നു. തന്റെ ജീവിതത്തിൽ ഏറ്റവും ആഗ്രഹത്തോടെ കാണുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ പരിശീലനം കൂടിയാണ് ഈ ഇടവേളയെന്ന് പൃഥ്വിരാജ് പറയുന്നു. എന്നാൽ, സിനിമയുമായി ബന്ധപ്പെട്ട് തൽക്കാലത്തേക്ക് ഒന്നിലും പങ്കാളിയാകില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook