മലയാളസിനിമാലോകത്തെ പവർ കപ്പിൾസാണ് പൃഥ്വിരാജും സുപ്രിയയും. നടൻ, സംവിധായകൻ എന്നീ നിലകളിലെല്ലാം പൃഥ്വി കരിയറിൽ തിളങ്ങുമ്പോൾ, പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ സാരഥിയായി നിർമാണരംഗത്ത് സജീവമാണ് സുപ്രിയ. പൃഥ്വിരാജിന്റെയും മകൾ അല്ലിയുടേയുമെല്ലാം വിശേഷങ്ങൾ ഇടയ്ക്ക് സുപ്രിയ ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
സുപ്രിയയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് പൃഥ്വി ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. “ഈശോ ജോൺ കാറ്റാടിയ്ക്കൊപ്പം,” എന്നാണ് പൃഥ്വിയ്ക്ക് ഒപ്പമുള്ള ചിത്രത്തിന് സുപ്രിയ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോഡാഡി’ എന്ന ചിത്രത്തിൽ പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേരാണ് ഈശോ ജോൺ കാറ്റാടി. ചിത്രം ഓടിടി പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്തുവരികയാണ്.
രസകരമായ കമന്റുകളാണ് സുപ്രിയയുടെ പോസ്റ്റിന് ആരാധകർ നൽകി കൊണ്ടിരിക്കുന്നത്. “എന്നാലും എന്റെ ഈശോയുടെ മുടിയും താടിയും എന്തിയേ?”, “ഈശോയുടെ കയ്യിലിരിപ്പ് ശരിയല്ല,” എന്നിങ്ങനെ പോവുന്നു കമന്റുകൾ.
തന്റെ രണ്ടാമത്തെ സംവിധാനസംരംഭമായ ബ്രോ ഡാഡി, അടുത്തിടെ അന്തരിച്ച സുപ്രിയയുടെ പിതാവിനാണ് പൃഥ്വി സമർപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ പൃഥ്വിയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു വൈകാരിക കുറിപ്പും സുപ്രിയ പങ്കുവച്ചിരുന്നു.
“ബ്രോ ഡാഡി. അല്ലിയുടെ (അലംകൃത) പ്രിയപ്പെട്ട ബ്രോ ഡാഡിക്ക് ചിത്രം സമര്‍പ്പിക്കുന്നു. നന്ദി പൃഥ്വി. അച്ഛനുണ്ടായിരുന്നെങ്കില്‍ സിനിമ ഇഷ്ടപ്പെടുമായിരുന്നു. അദ്ദേഹമാണ് യാഥാര്‍ത്ഥ ബ്രോ ഡാഡി,” സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
നേരത്തെ മകള്‍ അലംകൃതയുടെ കവിതാ സമാഹാരവും സുപ്രിയ അച്ഛന് സമര്‍പ്പിച്ചിരുന്നു. നവംബറിലായിരുന്നു സുപ്രിയയുടെ പിതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.