പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ നിർമാതാവ് കൂടിയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ നിർമാതാക്കളിൽ ഒരാളാണ് സുപ്രിയ. പൃഥ്വിരാജും സുപ്രിയയും ചേർന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനിക്ക് തുടക്കം കുറിച്ചത്. കമ്പനിയുടെ ആദ്യ നിർമാണ സംരംഭമായിരുന്നു ‘9’. രണ്ടാമത്തെ ചിത്രമായ ‘ഡ്രൈവിങ് ലൈസൻസ്’ ഇന്നു തിയേറ്ററുകളിലെത്തി.
മലയാള സിനിമയിലെ പവർ കപ്പിളാണ് ഇരുവരുമെന്നാണ് പറയാറുളളത്. പക്ഷേ തങ്ങൾക്കിടയിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ് സുപ്രിയ. ”ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പൃഥ്വിയുടെ നിരവധി തീരുമാനങ്ങളോട് എനിക്ക് യോജിപ്പില്ല, തിരിച്ചും അങ്ങനെയാണ്. എന്നാൽ ഞങ്ങൾ ഒരുമിച്ച് അല്ലെങ്കിൽ ഞങ്ങളുടെ വ്യത്യാസങ്ങൾ രമ്യമായി പരിഹരിക്കാൻ കഴിയുന്ന ഒരു പാതയിലൂടെ പോകാൻ ശ്രമിക്കുന്നു. ഒരു നിർമാതാവ് എന്ന നിലയിൽ പൃഥ്വി ചിന്തിക്കാത്തതാണ് എന്റെ പ്രധാന പ്രശ്നം. ഷൂട്ടിങ് തുടങ്ങുമ്പോൾ അദ്ദേഹം ഒരു നടൻ മാത്രമായി മാറും. അപ്പോൾ കൂടുതൽ പണം ചെലവാകും. അദ്ദേഹം നിർമാതാവിന്റെ ചുമതല കൂടി കാട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇതെന്റെ സ്വർഥത മാത്രമാണെന്നറിയാം. ഒരു പ്രൊഫഷണൽ എന്ന നിലയിൽ അദ്ദേഹം ചെയ്യുന്നത് ശരിയാണ്. അദ്ദേഹം ഒരു നടനാണ്, ചെലവിനെക്കുറിച്ച് അദ്ദേഹത്തിന് ചിന്തിക്കാനാവില്ല. ഞാനൊരു നിർമാതാവാണ്. സിനിമയെ ബാധിക്കാതെ എങ്ങനെ ചെലവ് കുറയ്ക്കാമെന്നാണ് ഞാൻ ചിന്തിക്കുക” സുപ്രിയ പറഞ്ഞു.
Read Also: താടിക്കാരൻ മടങ്ങിയെത്തി; പൃഥ്വിയെ കണ്ട സന്തോഷം പങ്കുവച്ച് സുപ്രിയ
പൃഥ്വിക്കൊപ്പം വർക്ക് ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ അത് എളുപ്പമല്ലെന്നും പക്ഷേ ബുദ്ധിമുട്ടുള്ള കാര്യവുമല്ലെന്നുമായിരുന്നു സുപ്രിയ പറഞ്ഞത്. സിനിമയിൽനിന്നും പൃഥ്വിരാജ് മൂന്നുമാസം ഇടവേളയെടുക്കുന്നതിനെക്കുറിച്ചും സുപ്രിയ അഭിമുഖത്തിൽ പറഞ്ഞു.
”2007 മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം. ഞങ്ങൾ വിവാഹിതരായശേഷമുളള വർഷങ്ങളിലും അദ്ദേഹം മൂന്ന് മാസം അവധിയെടുക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഞാനും അല്ലിയും വളരെ സന്തോഷത്തിലാണ്. വീട്ടിൽ ദാദയെ കാണുന്നത് അവൾക്ക് പതിവല്ല. അതിനാൽ തന്നെ അവളെപ്പോഴും ദാദ ഇന്നിവിടെ താമസിക്കുമോ അതോ പോകുമോയെന്ന് ചോദിക്കുന്നുണ്ട്. പൃഥ്വിക്ക് ഇതൊരു അവധിക്കാലമല്ല. ആടുജീവിതം സിനിമയ്ക്കുവേണ്ടിയുളള തയ്യാറെടുപ്പാണ്. ശരീര ഭാരം കുറയ്ക്കേണ്ടതുണ്ട്. മാനസികമായി ഒരുങ്ങേണ്ടതുണ്ട്. ഇതൊക്കെയാണെങ്കിലും മൂന്നു മാസം അദ്ദേഹത്തെ വീട്ടിൽ കിട്ടുന്നത് സന്തോഷമുളള കാര്യമാണ്.”
ജീവിതത്തിൽ പൃഥ്വിക്ക് മൂന്നു കാര്യങ്ങളോടാണ് ഇഷ്ടമുളളതെന്നും സുപ്രിയ വെളിപ്പെടുത്തി. സിനിമ, കാർ, ക്രിക്കറ്റ്. സിനിമയാണ് അദ്ദേഹത്തിന്റെ ആദ്യ പ്രണയമെന്നും സുപ്രിയ പറഞ്ഞു.