പൃഥ്വിരാജിന്റെ ഭാര്യ എന്ന മേൽവിലാസത്തിനപ്പുറം മലയാളസിനിമയിൽ തന്റേതായൊരിടം കണ്ടെത്തിയ വ്യക്തിത്വമാണ് സുപ്രിയ മേനോൻ. നിർമ്മാതാവ് എന്ന നിലയിൽ സജീവമാണ് സുപ്രിയ ഇന്ന്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് സുപ്രിയ. മനോഹരമായൊരു ഓർമയെ കുറിച്ച് പറയുന്ന സുപ്രിയയുടെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹത്തലേന്ന് അച്ഛനും പ്രിയ സുഹൃത്തിനുമൊപ്പം ഡാൻസ് ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് കുറിപ്പിനൊപ്പം സുപ്രിയ ഷെയർ ചെയ്തിരിക്കുന്നത്.
“വിവാഹത്തലേന്ന് എന്റെ ഡാഡിക്കും എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ലദാ സിംഗിനുമൊപ്പം ഡാൻസ് ചെയ്ത് ടെൻഷൻ അകറ്റുന്നു! ജീവിതമെന്നു പേരുള്ള ഈ യാത്രയ്ക്കിടയിൽ എന്നെ താങ്ങി നിർത്തിയ രണ്ടു പുരുഷന്മാർ! ഒരാൾ ഭൗതിക മണ്ഡലത്തിൽ നിന്ന് പോയി, പക്ഷേ എന്റെ വഴികാട്ടിയായ നക്ഷത്രമായി തുടരുന്നു, മറ്റൊരാൾ എല്ലായ്പ്പോഴും എനിക്ക് കരുത്തായും സഹോദരനായും തുടരുന്നു,” സുപ്രിയ കുറിച്ചു.
2021 നവംബർ 14 നായിരുന്നു സുപ്രിയയുടെ അച്ഛൻ വിജയ് കുമാർ മേനോൻെറ മരണം. അച്ഛന്റെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് സുപ്രിയ ഷെയർ ചെയ്ത വൈകാരികമായ കുറിപ്പും ശ്രദ്ധ നേടിയിരുന്നു.
“അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് ഇന്നേയ്ക്കു ഒരു വർഷമായി.എൻെറ ജീവിതത്തിൽ ഇത്രയേറെ കണ്ണുനീർ ഞാൻ പൊഴിച്ചിട്ടില്ലെന്നു വേണം പറയാൻ. എന്റെ സ്പീഡ് ഡയൽ ലിസ്റ്റിന്റെ മുകളിലുള്ള അച്ഛൻെറ നമ്പർ ഡയൽ ചെയ്യുന്നതിൽ നിന്ന് വിരലുകളെ എങ്ങനെ തടയാമെന്നു ഞാൻ ഇതുവരെ പഠിച്ചിട്ടില്ല.ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത അച്ഛൻെറ വീഡിയോകളും ചിത്രങ്ങളും തേടി ഒരു വർഷം മുഴുവൻ എൻെറ ഫോൺ ഗാലറി തിരഞ്ഞുകൊണ്ടേയിരുന്നു. അച്ഛൻെറ ശബ്ദം കേൾക്കുകയോ, ഒന്നു കെട്ടിപ്പിടിക്കുകയോ ചെയ്യാത്ത ഒരു വർഷം. നമ്മൾ സംസാരിക്കുകയോ കാണുകയോ ചെയ്യാത്ത ഏറ്റവും ദൈർഘ്യമേറിയ സമയമായിരിക്കുമിത്. നിങ്ങളെക്കുറിച്ച് ആലോചിക്കാതെ ഒരു ദിവസം പോലും കടന്നു പോയിട്ടില്ല,” സുപ്രിയ കുറിച്ചു.
തനിക്കും അമ്മയ്ക്കും ഏറെ പ്രയാസകരമായ വർഷമായിരുന്നു ഇതെന്നും മുന്നോട്ടുളള ജീവിതം ഓർത്ത് ഭയം തോന്നിയെന്നും സുപ്രിയ പറയുന്നു. എന്നാൽ തടസ്സങ്ങളെല്ലാം നേരിടുമെന്നും കാരണം തൻെറ സിരകളിലൊഴുകുന്നത് അച്ഛൻെറ രക്തമാണെന്നും സുപ്രിയ കൂട്ടിച്ചേർത്തു.
പതിമൂന്നു വർഷത്തോളം കാൻസറിനോടു പോരാടിയ ശേഷമാണ് അദ്ദേഹം ലോകത്തോടു വിടപറഞ്ഞത്. അച്ഛനെ ഓർത്തു കൊണ്ടുളള കുറിപ്പുകൾ സുപ്രിയ തൻെറ സോഷ്യൽ മീഡിയയിൽ ഇടയ്ക്കു പങ്കുവയ്ക്കാറുണ്ട്.