മലയാള സിനിമാലോകത്തെ പവർഫുൾ കപ്പിൾസാണ് പൃഥ്വിരാജും സുപ്രിയയും. തങ്ങളുടെ നിലപാടുകൾ വ്യക്തമായി ഇരുവരും തുറന്നു പറയുന്നു എന്നത് തന്നെയാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. പൃഥ്വിരാജ് അഭിനയത്തിലും സംവിധാനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ നിർമ്മാണത്തിന്റെ ചുമതല ഏറ്റെടുക്കുന്നത് സുപ്രിയയാണ്. മകൾ അലംകൃതയുടെ കാര്യങ്ങളും മറ്റും നോക്കി നല്ലൊരു ഗൃഹനാഥയുമാകുന്നുണ്ട് സുപ്രിയ. പൊതുയിടങ്ങളിൽ തിളങ്ങി നിൽക്കുന്ന സുപ്രിയ പ്രമുഖ മാസികയായ വനിതയ്ക്ക് വേണ്ടി ഒരു കവർ ഷൂട്ട് ചെയ്തിരിക്കുകയാണ്. തനിക്ക് ഇത്തരത്തിലുളള ഷൂട്ടുകൾ അത്ര പരിചിതമല്ലെന്ന് പറയുന്ന സുപ്രിയ മകൾക്കു വേണ്ടിയാണ് ഇപ്പോൾ ഇതിനു തയാറായതെന്നും പറയുന്നുണ്ട്. ‘അവൾക്ക് തോന്നരുത് അമ്മ പുതിയ കാര്യങ്ങൾ ചെയ്യാൻ മടി കാണിച്ച ഒരാളെന്നത്’ സുപ്രിയ പറഞ്ഞു.
വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതവഴികളെയും പ്രിയപ്പെട്ടവരെക്കുറിച്ചും സുപ്രിയ പറയുന്നുണ്ട്. ഭർത്താവ് പൃഥ്വിരാജിനു നൽകിയ പിറന്നാൾ സർപ്രൈസിനെപ്പറ്റിയും സുപ്രിയ വാചാലയാകുന്നു. “ഓസ്ട്രേലിയയിൽ പഠനകാലത്തുണ്ടായിരുന്ന സുഹൃത്തായ ചുങ് വിയെക്കുറിച്ച് എന്നോട് പ്രണയിച്ചു കൊണ്ടിരുന്ന സമയത്ത് പറഞ്ഞിട്ടുണ്ട്. മുപ്പതാം പിറന്നാളിനു സർപ്രൈസ് നൽകാനായി അവനെ തപ്പിയെടുത്തു കൊണ്ടുവന്നു. പിറന്നാൾ ദിവസം കോളിങ്ബെൽ കേട്ട് പൃഥ്വി വാതിൽ തുറന്നപ്പോൾ അതാ മുന്നിൽ ചുങ് വി നിൽക്കുന്നു” സുപ്രിയ പറഞ്ഞു. ഇപ്പോൾ പിറന്നാളുകൾക്കൊന്നും പൃഥ്വി അടുത്തുണ്ടാവാറില്ലെന്നും എന്നാൾ സർപ്രൈസ് നൽകാൻ താൻ ശ്രമിക്കാറുണ്ടെന്നും സുപ്രിയ കൂട്ടിച്ചേർത്തു.
2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയുടെയും വിവാഹം. 2014ന് മകൾ അലംകൃത ജനിച്ചു.പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിൽ ശക്തമായ പിന്തുണയുമായി സുപ്രിയയുമുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുന്നതും സുപ്രിയയാണ്.