പൃഥ്വിരാജിൻെറ ഭാര്യ, നിർമ്മാതാവ് എന്നീ നിലകളിൽ മലയാളികൾക്കു സുപരിചിതയായി മാറിയ താരമാണ് സുപ്രിയ മേനോൻ.സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് സുപ്രിയ മേനോൻ.തന്റെ അച്ഛനെക്കുറിച്ചുള്ള ഓർമ്മകളെല്ലാം സുപ്രിയ അതിലൂടെ പങ്കുവയ്ക്കാറുമുണ്ട്.
ധന്യ വർമയുടെ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് അച്ഛന്റെ മരണം തന്നെ എത്രത്തോളം ബാധിച്ചെന്ന് സുപ്രിയ പറയുന്നത്. “അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് ഒരു വർഷമായി.ആലിയെ സ്ക്കൂളിൽ കൊണ്ടു പോയിരുന്നത് അച്ഛനായിരുന്നു. അവസാനമായി അവളോടാണ് അച്ഛൻ സംസാരിച്ചത്. എനിക്കും അമ്മയ്ക്കും താങ്ങാവുന്നതിലുമപ്പുറമായിരുന്നു അച്ഛന്റെ മരണം. കാൻസറാണ് അച്ഛനെ ബാധിച്ചിരിക്കുന്നതെന്ന് വളരെ വൈകിയാണ് ഞങ്ങൾ അറിഞ്ഞത്. എനിക്ക് ചെയ്യാവുന്നതിന്റെ പരമാവധി ഞാൻ ചെയ്‌തു പക്ഷെ അച്ഛനെ രക്ഷിക്കാനായില്ല” വിങ്ങിപ്പൊട്ടി കൊണ്ടാണ് സുപ്രിയ അച്ഛന്റെ മരണത്തെക്കുറിച്ച് പറഞ്ഞത്.
ആലിയോട് അച്ഛന്റെ മരണവാർത്ത പറഞ്ഞ് പൃഥ്വിരാജാണെന്നും കേട്ടയുടൻ മകൾ പൊട്ടിക്കരഞ്ഞെന്നും സുപ്രിയ പറഞ്ഞു.അച്ഛനൊപ്പമുള്ള തന്റെ ഭാവി കാലങ്ങൾ നഷ്ടമായതോർത്ത് എന്നും വേദനിക്കാറുണ്ടെന്നും സുപ്രിയ പറയുന്നു. “അച്ഛൻ സ്ഥിരമായി ധരിക്കുന്ന ഒരു ഷർട്ടുണ്ടായിരുന്നു, പഴകിയിട്ടും അതിടുന്നതിൽ ഞാൻ വഴക്കും പറഞ്ഞിട്ടുണ്ട്. പക്ഷെ ഇന്ന് അത് അരികിൽ വച്ചാണ് ഞാൻ കിടന്നുറങ്ങാറുള്ളത്” സുപ്രിയ പറഞ്ഞു. അച്ഛന്റെ വേർപാടിൽ നിന്ന് ഇതുവരെ പുറത്തു കടക്കാൻ കഴിയാത്ത സുപ്രിയ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നുണ്ട്.
2021 നവംബർ 14 നായിരുന്നു സുപ്രിയയുടെ അച്ഛൻ വിജയ് കുമാർ മേനോൻെറ മരണം. പതിമൂന്നു വർഷത്തോളം കാൻസറിനോടു പോരാടിയ ശേഷമാണ് അദ്ദേഹം ലോകത്തോടു വിടപറഞ്ഞത്.