മലയാള സിനിമയിലെ ‘പവര്‍ഫുള്‍ കപ്പിള്‍’ ആണ് പൃഥ്വിരാജും സുപ്രിയ മേനോനും. പൃഥ്വി അഭിനയത്തിലും സംവിധാനത്തിലും തിളങ്ങുമ്പോള്‍ നിര്‍മ്മാണരംഗത്ത് സജീവമാണ് സുപ്രിയ. പൃഥ്വിരാജ് പ്രൊഡക്ഷന്റെ അമരക്കാരിയാണ് സുപ്രിയ.
പൃഥ്വിയുടെയും സുപ്രിയയുടെയും ഏകമകൾ അലംകൃതയെന്ന അല്ലിയുടെ പിറന്നാളായിരുന്നു സെപ്റ്റംബർ എട്ടിന്. തിരുവോണനാളിലെത്തിയ അല്ലിയുടെ പിറന്നാൾ ആഘോഷമായാണ് പൃഥ്വിയും സുപ്രിയയും ആഘോഷിച്ചത്. മാലിദ്വീപിലായിരുന്നു അലംകൃതയുടെ പിറന്നാൾ ആഘോഷം.
തന്റെ പിറന്നാൾ അവിസ്മരണീയമാക്കിയ ദാദയ്ക്കും മമ്മയ്ക്കും അലംകൃത എഴുതിയ കത്ത് പങ്കുവച്ചിരിക്കുകയാണ് സുപ്രിയ ഇപ്പോൾ.
ഏറ്റവും മികച്ച പിറന്നാൾ എനിക്ക് തന്നതിന് നന്ദി ദാദ. പാരസെയ്‌ലിംഗ് ഗംഭീര അനുഭവമായിരുന്നു. എന്നെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോവുന്നതിനും, ഒരുപാട് കാര്യങ്ങൾ ചെയ്യാൻ അനുവദിക്കുന്നതിനും എനിക്കൊപ്പം കളിക്കുന്നതിനും സ്നേഹിക്കുന്നതും എന്റെ ദാദ ആയതിനും നന്ദി എന്നാണ് പൃഥ്വിയ്ക്കുള്ള കുറിപ്പിൽ അലംകൃത പറയുന്നത്.
“എന്നെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പ്രചോദിപ്പിക്കുന്നതിനും ആവേശം പകരുന്ന സർപ്രൈസുകൾ തരുന്നതിനും എല്ലാറ്റിലും സഹായിക്കുന്നതിനും എന്റെ മമ്മ ആയതിനും നന്ദി,” സുപ്രിയയ്ക്കായി അലംകൃത കുറിച്ചു.
“ആലിയുടെ അച്ഛനും അമ്മയുമായതിൽ ഞങ്ങൾ അനുഗ്രഹീതർ. അവളുടെ ഇത്തരം കുറിപ്പുകൾ ഞാൻ ഇഷ്ടപ്പെടുന്നു. ദാദ അവളെ വളരെയധികം കാര്യങ്ങൾക്ക് അനുവദിക്കുന്നുവെന്നും മമ്മ അനുവദിക്കുന്നില്ലെന്നും പറഞ്ഞത് ദയവായി ശ്രദ്ധിക്കുമല്ലോ,” ചിത്രങ്ങൾ ഷെയർ ചെയ്ത് സുപ്രിയ കുറിച്ചതിങ്ങനെ.
മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പൃഥ്വി സമൂഹ മാധ്യമങ്ങളില്‍ ഷെയർ ചെയ്ത കുറിപ്പും ശ്രദ്ധ നേടിയിരുന്നു. “ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററിന് എട്ടാം വര്‍ഷം. നി നിന്റെ ലോകത്തില്‍ സാഹസികമായും സ്നേഹത്തോടെയും തുടരട്ടെയെന്ന് ഡാഡയും മമ്മയും പ്രാര്‍ത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. നിന്നില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു, എന്നും നീയായിരിക്കും ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. എട്ടാം പിറന്നാള്‍ ആശംസകള്‍ അല്ലി,” പൃഥ്വിരാജ് കുറിച്ചു. “നിനക്കിന്ന് എട്ട് വയസായിരിക്കുന്നു, എനിക്കറിയാവുന്നതില്‍ ഏറ്റവും മിടുക്കിയായ കുട്ടികളില്‍ ഒരാളാണ് നി. നിന്നെയോര്‍ത്ത് ഒരുപാട് അഭിമാനം, നിന്നെ ഒത്തിരി ഇഷ്ടമാണ് കുട്ടാ. നിനക്ക് ഏറ്റവും പ്രിയപ്പെട്ട് ഡാഡി ഇല്ലാത്ത ആദ്യ പിറന്നാളാണിന്ന്. അദ്ദേഹം സ്വര്‍ഗത്തിലിരുന്ന് നിന്നെ അനുഗ്രഹിക്കുന്നുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്,” പിറന്നാള്‍ ആശംസകള്‍ അല്ലി, സുപ്രിയയുടെ ആശംസ ഇങ്ങനെ.