മലയാളസിനിമാലോകത്തെ പവർഫുൾ കപ്പിളാണ് പൃഥ്വിരാജും സുപ്രിയയും. അഭിനയത്തിലും സംവിധാനത്തിലും പൃഥ്വി ശോഭിക്കുമ്പോൾ നിർമ്മാണരംഗത്ത് സജീവമാണ് സുപ്രിയ. ഇരുവരോടുമുള്ള സ്നേഹം മകള്‍ അലംകൃതയോടും ആരാധകര്‍ക്കുണ്ട്. അലംകൃത പൃഥ്വി ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട അല്ലി മോൾ ആണ്. അല്ലിയുടെ ചിത്രങ്ങൾ സുപ്രിയയും പൃഥ്വിരാജും അപൂർവ്വമായി മാത്രമേ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുള്ളൂ. എന്നാൽ കുഞ്ഞ് അല്ലിയുടെ വിശേഷങ്ങളും എഴുത്തുമൊക്കെ ഇടയ്ക്ക് ഇരുവരും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.
എഴുത്തിൽ മിടുക്കിയാണ് അല്ലി. കുഞ്ഞുപ്രായത്തിൽ തന്നെ അല്ലിയുടേതായി ഒരു പുസ്തകവും റിലീസ് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, അല്ലിയുടെ മനോഹരമായൊരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുകയാണ് സുപ്രിയ.
“ഈ ഭൂമിയിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി എന്റെ അമ്മയാണ്. അവൾ എന്നോട് വളരെ ദയയുള്ളവളാണ്, അവൾ എന്നെ ഒരുപാട് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നു. ഞങ്ങൾ ഒരുമിച്ച് പാചകം ചെയ്യാൻ ഇഷ്ടപ്പെടുന്നു. അവൾ എനിക്ക് രസകരമായ ക്ലാസുകൾ കണ്ടെത്തുന്നു. ഞങ്ങൾ ഒരുമിച്ച് ഗെയിമുകൾ കളിക്കുന്നു. അവൾ എന്നെ ഒരുപാട് പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്നു. ഞാൻ ഉയരമുള്ളയാളാവണമെന്ന് അവൾ ആഗ്രഹിക്കുന്നു. ഞാൻ വളരുമ്പോൾ ഒരു അതിശയിപ്പിക്കുന്ന വ്യക്തിയാവണമെന്ന് അവൾ ആഗ്രഹിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു അമ്മേ,” അല്ലിയുടെ കുറിപ്പ് ഇങ്ങനെ.
“മാതൃത്വം എളുപ്പമുള്ള കാര്യമല്ല, മിക്ക ദിവസങ്ങളിലും എല്ലാ അമ്മമാരെയും പോലെ, ഞാൻ ചെയ്യുന്നത് ശരിയാണോ എന്ന് സ്വയം സംശയിക്കുകയും കുറ്റബോധം തോന്നാറുമുണ്ട്. പക്ഷേ, അവളുടെ ഡയറിയിൽ ഇങ്ങനെയൊരു കുറിപ്പ് കാണുമ്പോൾ ഞാൻ എന്തെങ്കിലും ശരിയായി ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു,” എന്നാണ് കുറിപ്പിനെ കുറിച്ച് സുപ്രിയ കുറിക്കുന്നത്.