പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ മനു വാര്യർ സംവിധാനം ചെയ്ത ചിത്രമാണ് ‘കുരുതി’. കഴിഞ്ഞ വാരം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രത്തിനു സമ്മിശ്രപ്രതികരണങ്ങളാണ് ലഭിക്കുന്നത്. അതിനിടയിൽ കുരുതി സിനിമയിലേക്ക് എത്തിയ സന്ദർഭം പറയുകയാണ് പൃഥ്വിരാജിന്റെ ഭാര്യയും സിനിമയുടെ നിർമാതാവ് കൂടിയായ സുപ്രിയ മേനോൻ.
പൃഥ്വിരാജ് കോവിഡ് ബാധിതനായി ക്വാറന്റൈനിൽ കഴിഞ്ഞിരുന്നപ്പോഴാണ് സ്ക്രിപ്റ്റ് വായിക്കുന്നത് എന്ന് സുപ്രിയ പറഞ്ഞു. സ്ക്രിപ്റ്റ് വായിച്ച ശേഷം പൃഥ്വിരാജ് അത് വായിക്കാനായി അയച്ചപ്പോൾ താൻ ആദ്യം “കോവിഡ് ആയിട്ട് കുറച്ചു ദിവസം വെറുതെ ഇരുന്ന് കൂടെ” എന്നാതായിരുന്നു തന്റെ ആദ്യ പ്രതികരണം എന്നും സുപ്രിയ പറയുന്നു. ‘ദി ക്വിന്റി’നു നൽകിയ അഭിമുഖത്തിലാണ് സുപ്രിയയുടെ വെളിപ്പെടുത്തൽ.
“കുരുതി ഞങ്ങളിലേക്ക് എത്തിയത് ഒരു പ്രത്യേക സമയത്തായിരുന്നു. പൃഥ്വിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഒരേ ഫ്ളാറ്റിലെ രണ്ടു ഫ്ലോറുകളിൽ ആയിരുന്നു ഞങ്ങൾ. ഞങ്ങൾക്ക് കാണാൻ കഴിയുമായിരുന്നില്ല അതുകൊണ്ട് നല്ലൊരു സ്ക്രിപ്റ്റ് വായിച്ചു എന്ന് പറഞ്ഞ് പൃഥ്വിരാജ് സ്ക്രിപ്റ്റ് മെസ്സേജ് ചെയ്യുകയായിരുന്നു. അപ്പോൾ എന്റെ ആദ്യ പ്രതികരണം, കോവിഡ് ആയിട്ട് സ്ക്രിപ്റ്റ് വായിക്കാതെ കുറച്ചു ദിവസം വെറുതെ ഇരുന്ന് കൂടെ എന്നതായിരുന്നു. അത് ഭാര്യ എന്ന നിലയിൽ ഉള്ളതായിരിന്നു. പക്ഷേ അപ്പോൾ എന്തായാലും ഇത് വായിക്കണം എന്ന് പൃഥ്വി നിർബന്ധിച്ചു. അങ്ങനെ ഞാൻ വായിച്ചു ഞാനും അമ്പരന്നു. അതോടെ ഈ കോവിഡ് കാലത്ത് തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണെന്ന് തിരിച്ചറിഞ്ഞു ചെയ്യുകയായിരുന്നു,” സുപ്രിയ പറഞ്ഞു.
Also read: Kuruthi Review: ധീരമായ പരീക്ഷണം; കുരുതി റിവ്യൂ
കുരുതിയിൽ പൃഥ്വിരാജിന് പുറമെ പൃഥ്വിരാജ്, റോഷന്‍ മാത്യു, മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, സ്രിന്ദ, മാമുക്കോയ, മണികണ്ഠന്‍ രാജന്‍, നവാസ് വള്ളിക്കുന്ന്, സാഗര്‍ സൂര്യ, നാസ്‌ലെന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനീഷ് പള്ള്യാൽ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിക്കുന്നത്.