കോവിഡും തുടർന്നുള്ള അടച്ചുപൂട്ടലും എല്ലാവരേയും വീടിനുള്ളിലാക്കി. ജീവിതം കീഴ്മേൽ മാറ്റിമറിച്ചു. ഓഫീസ് വീട്ടിനുള്ളിലായി. സ്കൂളുകൾ ഓൺലൈനായി. മുതിർന്നവരെക്കാൾ ഒരുപക്ഷെ ഈ വീട്ടിലിരിപ്പ് ഏറ്റവുമധികം ബാധിച്ചിട്ടുണ്ടാകുക കുട്ടികളെയാണ്. പൃഥ്വിരാജിന്റെ മകൾ അല്ലി എന്ന അലംകൃതയും വ്യത്യസ്തയല്ല. അല്ലിയുടെ കോവിഡ് കാല കുറിപ്പുകളാണ് അമ്മ സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
Read More: അച്ഛന്റെ സങ്കടങ്ങൾ മാറ്റാൻ അല്ലി നൽകിയ സമ്മാനം
“അല്ലിയുടെ നോട്ട് ബുക്കുകൾ വെറുതേ മറിച്ചു നോക്കുമ്പോഴാണ് അവളുടെ ഈ കോവിഡ് കുറിപ്പ് കണ്ടത്. കോവിഡിനെ കുറിച്ചും അതുമായുള്ള പൊരുത്തപ്പെടലുകളെ കുറിച്ചുമുള്ള ഞങ്ങളുടെ സംഭാഷണം അവൾ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു. മാർച്ച് മാസം മുതൽ വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ കാലം ഏറെ പ്രയാസം നിറഞ്ഞതായിരിക്കും. സ്കൂളുകളിൽ നിന്നും മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ നിന്നും കൂട്ടുകാരിൽ നിന്നും കളിസ്ഥലങ്ങളിൽ നിന്നുമൊക്കെയാണ് അവർ ഏറെ പഠിക്കുന്നത്. അതൊന്നും ഇപ്പോൾ സാധ്യമല്ല. ഇവിടെ അല്ലി കോവിഡിന്റെ ആരംഭത്തെ കുറിച്ചും അതിൽ നിന്നുള്ള മോചനത്തെ കുറിഞ്ഞും പുതിയ സാധാരണ നിലയെ കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നത്.”
സുപ്രിയ പങ്കുവച്ച അഞ്ച് വയസുകാരി മകളുടെ നോട്ട് ബുക്കിലെ കുറിപ്പിൽ നിറയെ വീണ്ടും ജീവിതം സാധാരണ നിലയിലാകുന്ന പ്രതീക്ഷകളാണ്.
ആടുജീവിതം എന്ന ബ്ലെസി ചിത്രത്തിനായി ജോർദാനിൽ പോയ പൃഥ്വിരാജ് കോവിഡ് വ്യാപനത്തെ തുടർന്ന് തിരിച്ചുവരാനാകാതെ ഒരു മാസത്തിലധികം അവിടെ കുടുങ്ങിക്കിടന്നതും അല്ലിയെ ഏറെ പ്രയാസപ്പെടുത്തിയിരുന്നു. ഡാഡ എപ്പോൾ വരുമെന്ന് അല്ലി എന്നും ചോദിക്കാറുണ്ടായിരുന്നു എന്ന് സുപ്രിയ അന്ന് പറഞ്ഞിരുന്നു.
വീടും കുടുംബവും വിട്ട് ഏറെനാൾ ജോർദ്ദാനിലെ ലോക്ക്ഡൗൺ ജീവിതം, തിരിച്ചെത്തി ആരോഗ്യം വീണ്ടെടുക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി എത്തിയ സുഹൃത്തും സഹോദരതുല്യനുമായ സച്ചിയുടെ മരണം… ഏറെ വിഷമങ്ങൾ നിറഞ്ഞ ഒരു ഘട്ടത്തിലൂടെയായിരുന്നു പൃഥ്വിരാജ് കടന്നു പോയിരുന്നത്. അച്ഛന്റെ വിഷമങ്ങൾ കണ്ട അല്ലി പൃഥ്വിരാജിനു കൊടുത്ത ഒരു ഫാദേഴ്സ് ഡേ സമ്മാനം അദ്ദേഹം പങ്കുവച്ചിരുന്നു.
സ്വന്തം കൈപ്പടയിൽ കുഞ്ഞ് അല്ലി ഒരുക്കിയ ഒരു ആശംസാ കാർഡായിരുന്നു അത്. “കുറച്ചു ദിവസങ്ങളായി അവളെന്നെ മോശം അവസ്ഥയിൽ കാണുന്നു, എനിക്കൊരു സമ്മാനം നൽകാനായി ഫാദേഴ്സ് ഡേയ്ക്കായി കാത്തിരിക്കുകയാണ് എന്നു പറഞ്ഞു,” എന്ന കുറിപ്പോടെയായിരുന്നു പൃഥ്വി അത് പങ്കുവച്ചത്.