മലയാളത്തിന്റെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ പൃഥ്വിരാജിന്റേത്. ജോർദ്ദാനിലെ ‘ആടുജീവിത’ത്തിന്റെ ലൊക്കേഷനിൽ നിന്നും തിരിച്ചെത്തിയ പൃഥ്വി കൊച്ചി തേവരയിലെ ഫ്ളാറ്റിൽ കുടുംബത്തോടൊപ്പം ചെലവഴിക്കുകയാണ്. ലോക്ക്ഡൗൺ കാലത്തെ വിശേഷങ്ങളൊക്കെ പൃഥ്വിയും സുപ്രിയയും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സുപ്രിയ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
മകൾ അല്ലിയേയും തോളിൽ എടുത്തു നിൽക്കുകയാണ് സുപ്രിയ. അരികിൽ വളർത്തുനായ സോറോയും ഉണ്ട്. ഡാഷ്ഹണ്ട് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ ആണ് സൊറോ.
“ഞാൻ ഒന്നാമത്തെ കുഞ്ഞിനെ എടുക്കാൻ ശ്രമിക്കുമ്പോൾ അത്ഭുതത്തോടെ നോക്കിയിരിക്കുന്ന രണ്ടാമത്തെ ബേബി. ഇതെല്ലാം പകർത്തുന്ന തിരക്കിലാണ് ദാദ,” എന്ന കുറിപ്പോടെയാണ് സുപ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. അധികം വൈകാതെ തന്നേക്കാൾ പൊക്കം വെയ്ക്കും അല്ലിയെന്നാണ് സുപ്രിയ പറയുന്നത്.
പൃഥ്വിയും സുപ്രിയയും താമസിക്കുന്ന ഇടം കണ്ടെയ്ന്മെന്റ് സോണിന്റെ പരിധിയിലാണ് ഇപ്പോൾ. അതിനാൽ തന്നെ വീടിനകത്തു തന്നെ കഴിഞ്ഞുകൂടുകയാണ് താരകുടുംബം.
Read more: വേവലാതിപ്പെടണോ അഭിമാനിക്കണോ എന്നെനിക്കറിയില്ല; അല്ലിയുടെ കുറിപ്പ് പങ്കുവച്ച് പൃഥ്വി
തനിക്കും പൃഥ്വിയ്ക്കും മകൾ വീട്ടിൽ ഏർപ്പെടുത്തിയ നിബന്ധനകളെ കുറിച്ചുള്ള അല്ലിയുടെ കുറിപ്പും കഴിഞ്ഞ ദിവസം സുപ്രിയ പങ്കുവച്ചിരുന്നു. അല്ലിയുടെ വീട്ടിൽ താമസിക്കണമെങ്കിൽ മമ്മയും ദാദയും ഈ നിയമങ്ങൾ പാലിച്ചേ പറ്റൂ എന്നാണ് കുഞ്ഞ് അല്ലി തന്റെ കുറിപ്പിൽ പറയുന്നത്.
ഫോൺ ഉപയോഗിക്കരുത്, വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരിക്കരുത് എന്നൊക്കെയാണ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളുടെ ലിസ്റ്റിൽ ഉള്ളത്. ചെയ്യേണ്ട കാര്യങ്ങളാണ് രസകരം, എന്നെത്തന്നെ നോക്കിയിരിക്കണം, എന്നെ നിർലോഭം കയ്യടിച്ച് പ്രോത്സാഹിപ്പിക്കണം എന്നൊക്കെയാണ് അല്ലി എഴുതിവച്ചിരിക്കുന്നത്.
“അല്ലിമോളുടെ നിയമങ്ങളൊക്കെ പാലിച്ച് നിന്നാൽ രണ്ടാൾക്കും വീട്ടിൽ താമസിക്കാം, അല്ലേൽ വീട്ടിൽ നിന്ന് ഇറക്കിവിടാൻ സാധ്യതയുണ്ടെന്നാണ്,” ചില രസികർ കമന്റ് ചെയ്തിരിക്കുന്നത്.