പൃഥ്വിരാജിന്റെ മകൾ അലംകൃതയോടും പത്നി സുപ്രിയയോടും താരത്തിനോടെന്ന പോലെ സ്നേഹമാണ് ആരാധകർക്ക്. അലംകൃതയുടെ വിശേഷങ്ങൾ ഇടയ്ക്കിടെ സുപ്രിയയും പൃഥ്വിയും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അല്ലിയെന്നാണ് ഇരുവരും മകളെ വിളിക്കുന്നത്.
ഇപ്പോഴിതാ, ക്രിസ്മസ് ദിനത്തിൽ മകൾക്ക് നൽകിയ സമ്മാനം ആരാധകരുമായി പങ്കുവെക്കുകയാണ് സുപ്രിയ. എഴുത്തിൽ മിടുക്കിയായ അല്ലി എഴുതിയ കവിതകൾ പുസ്തക രൂപത്തിലാക്കി,അതാണ് സുപ്രിയ സമ്മാനമായി നൽകിയിരിക്കുന്നത്. അല്ലിയുടെ ചിത്രവും കവിതയ്ക്കൊത്ത വരകളും ചേർത്ത് മനോഹരമാക്കിയ പുസ്തകത്തിന്റെ വീഡിയോയും ഫൊട്ടോയും സുപ്രിയ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഷെയർ ചെയ്തിരിക്കുന്നത്.
“ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്ന ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. അച്ഛനില്ലാത്ത എന്റെ ആദ്യത്തെ ക്രിസ്മസ് ആണിത്. അതിനാൽ എനിക്ക് ഇത് ഒരുപോലെയല്ല. എന്നിരുന്നാലും, ഞാൻ കഴിഞ്ഞ രണ്ട് മാസമായി ഒരു പ്രോജക്റ്റിലായിരുന്നു, ഒടുവിൽ ഇന്ന് എനിക്ക് അത് എന്റെ മകൾ അല്ലിക്ക് ക്രിസ്മസ് സമ്മാനമായി നൽകാം! ഞാൻ അവളുടെ എല്ലാ കവിതകളും/ഗാനങ്ങളും ഒരു ചെറിയ പുസ്തകമാക്കി, ഗോവിന്ദിനും ഞങ്ങളുടെ ഏറ്റവും നല്ല ചിത്രകാരൻ രാജിയ്ക്കും നന്ദി! അവൾ ആവേശത്തിലാണ്! ഞാനും അങ്ങനെ തന്നെ! എല്ലാവർക്കും ക്രിസ്മസ് ആശംസകൾ! ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ!” സുപ്രിയ കുറിച്ചു.
പുസ്തകം വിൽപ്പനയ്ക്കില്ല. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി കുറച്ചു കോപ്പികൾ മാത്രമാണ് എടുത്തിരിക്കുന്നതെന്നും സുപ്രിയ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് സുപ്രിയയുടെ അച്ഛൻ വിജയ് കുമാര്‍ മേനോന് കാന്‍സറിനു കീഴടങ്ങിയത്. അതിനു ശേഷം സുപ്രിയ സോഷ്യൽ മീഡിയയിൽ അത്ര സജീവമായിരുന്നില്ല. അച്ഛന്റെ മരണത്തിലേക്ക് നയിച്ച അസുഖത്തെക്കുറിച്ചും കുടുംബം അതിനെ നേരിട്ടതിനെക്കുറിച്ചും ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ പെട്ടെന്ന് മാഞ്ഞു പോയതിന്റെ വിഷമത്തെക്കുറിച്ചും, അച്ഛന് തനിക്കും മകള്‍ അല്ലിക്കും പകര്‍ന്നു തന്ന മൂല്യങ്ങളെക്കുറിച്ചുമൊക്കെ ഓര്‍ത്ത് സുപ്രിയ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടിയിരുന്നു.