താരങ്ങൾക്ക് പലപ്പോഴും സിനിമാഷൂട്ടിംഗിനും മറ്റുമായി മാസങ്ങളോളം കുടുംബത്തിൽ നിന്നും വിട്ടുനിൽക്കേണ്ടി വരാറുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ വിരഹകാലമാണ് ഈ കടന്നുപോവുന്നത് എന്നാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ പറയുന്നത്. ‘ആടുജീവിത’ത്തിന്റെ ഷൂട്ടിങ്ങിനായി ജോർദാനിലേക്ക് പോയ നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയുമടങ്ങുന്ന സംഘം കൊറോണയുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാനാവാതെ അവിടെ പെട്ടിരിക്കുകയാണ്. പ്രിയപ്പെട്ടവൻ മടങ്ങിയെത്താനായി കാത്തിരിക്കുകയാണ് സുപ്രിയ. ഇന്നേക്ക് 77 ദിവസമായി പൃഥ്വി പോയിട്ടെന്നും തമ്മിൽ കാണാതെ ഇത്രയും ദിവസം അകന്നിരിക്കുന്നത് ആദ്യമായിട്ടാണെന്നും സുപ്രിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.

എട്ടു വർഷം മുൻപ് പൃഥ്വിയ്ക്ക് ഒപ്പമുള്ളൊരു ചിത്രവും സുപ്രിയ പങ്കുവച്ചിട്ടുണ്ട്. ‘മോളിയാന്റി റോക്ക്സ്’ എന്ന ചിത്രത്തിന്റെ പാലക്കാട്ടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ളതാണ് ചിത്രം.

വേനൽമഴയിൽ അപ്രതീക്ഷിതമായി എത്തിയ മഴവില്ലിന്റെ ചിത്രവും അടുത്തിടെ സുപ്രിയ പങ്കുവച്ചിരുന്നു. “മരണത്തെയും രോഗത്തെയും കുറിച്ചുള്ള വാർത്തകൾ കേട്ടുകൊണ്ടിരിക്കുന്ന ഈ അസ്വസ്ഥമായ കാലത്ത്, പുറത്തുവിരിഞ്ഞ ഇരട്ട മഴവില്ല് വരാനിരിക്കുന്നത് മികച്ച സമയങ്ങളാണെന്ന പ്രതീക്ഷയുടെ ഒരു തിളക്കം എനിക്ക് നൽകുകയാണ്. ഇത് മുകളിൽ നിന്നുള്ള അടയാളമാണോ?,” എന്നായിരുന്നു സുപ്രിയയുടെ ചോദ്യം. #WaitingForPrithviToReturn എന്ന ഹാഷ് ടാഗോടെയായിരുന്നു സുപ്രിയ ചിത്രം പങ്കുവച്ചത്.

മലയാള ചലച്ചിത്രം ‘ആടുജീവിത’വുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജ്, സംവിധായകന്‍ ബ്ലസി എന്നിവര്‍ അടങ്ങുന്ന 58 അംഗങ്ങള്‍ ഉള്ള യൂണിറ്റ് ജോര്‍ദാനിലെ മരുഭൂമിയില്‍ ഒറ്റപ്പെട്ടിട്ടു ദിവസങ്ങളായി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഷൂട്ടിങ് നിര്‍ത്തലാക്കിയെങ്കിലും അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ആവാത്ത സാഹചര്യമാണ്.

“ഞങ്ങളുടെ ടീമിൽ ഒരു ഡോക്ടർ ഉണ്ട്, അവർ ഓരോ 72 മണിക്കൂറിലും ഓരോ ക്രൂ അംഗത്തിനും വൈദ്യപരിശോധന നടത്തുന്നു, കൂടാതെ സർക്കാർ നിയോഗിച്ച ജോർദാനിയൻ ഡോക്ടർ ഇടയ്ക്കിടെ പരിശോധനകൾ നടത്തുന്നു. ലോകമെമ്പാടുമുള്ള സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, 58 അംഗങ്ങളുള്ള ഞങ്ങളുടെ ടീമിന്റെ മടങ്ങി വരവ് അധികാരികളുടെ പ്രയോരിറ്റി ആവാന്‍ സാധ്യതയില്ലെന്നത് ഞങ്ങൾ പൂർണ്ണമായും മനസ്സിലാക്കുന്നു. എന്നാൽ ബന്ധപ്പെട്ട എല്ലാവരേയും ഈ സാഹചര്യത്തെക്കുറിച്ച് അറിയിക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യേണ്ടത് ഞങ്ങളുടെ കടമയാണെന്നും തോന്നി.”

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നു, ഉചിതമായ സമയവും അവസരവും എത്തുമ്പോൾ ഞങ്ങൾക്ക് ഇന്ത്യയിലേക്ക് മടങ്ങാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അതുവരെ, നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു, ഒപ്പം ജീവിതം ഉടൻ സാധാരണ നിലയിലാകുമെന്ന് കൂട്ടായി പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം,” ഇതുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് പറഞ്ഞതിങ്ങനെ.

Read more: ദാദ ഇന്ന് വരുമോ? ആകാംക്ഷയോടെ അല്ലിമോൾ കാത്തിരിക്കുന്നു, ഞാനും: സുപ്രിയ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook