മലയാള സിനിമയിലെ പവർ കപ്പിൾസ് ആണ് പൃഥ്വിരാജും സുപ്രിയയും. വിവാഹത്തോടെ ജേർണലിസം എന്ന തന്റെ കരിയർ ഉപേക്ഷിച്ചെങ്കിലും സിനിമാ നിർമാണമേഖലയിൽ സജീവമാണ് സുപ്രിയ.കഴിഞ്ഞ വർഷം ‘9’, ‘ഡ്രൈവിംഗ് ലൈസൻസ്’ തുടങ്ങിയ രണ്ടു ചിത്രങ്ങളാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ നിർമിച്ചത്. വിവാഹത്തോടെ കരിയർ ബാലൻസ് ചെയ്യുന്ന കാര്യത്തിൽ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് സുപ്രിയ.

“കല്യാണം കഴിഞ്ഞ് ഞാൻ ജോലിയിലേക്ക് തിരിച്ചു പോയിരുന്നു. ആ സമയത്ത് ഹിന്ദി സിനിമ ചെയ്യുന്ന സമയമായിരുന്നതു കൊണ്ട് പൃഥ്വിയും മുംബൈയിൽ ഉണ്ടായിരുന്നു. ആ സിനിമയ്ക്കു ശേഷം വീണ്ടും മലയാളത്തിൽ തിരക്കായപ്പോൾ പൃഥ്വി കേരളത്തിലും ‍ഞാൻ മുംബൈയിലുമായി. എല്ലാ വെള്ളിയാഴ്ചയും ഞാൻ കേരളത്തിലേക്ക് വരും, തിങ്കളാഴ്ച രാവിലെ വീണ്ടും മുംബൈയിലേക്ക്. രണ്ടുമൂന്ന് മാസം ഇതേ രീതിയിൽ പോയിക്കൊണ്ടിരുന്നപ്പോൾ എനിക്ക് വല്ലാത്ത ബുദ്ധിമുട്ടായി. അന്നൊക്കെ ഞാൻ പൃഥ്വിയോട് വഴക്കടിച്ചിരുന്നു. എല്ലാ ആഴ്ചയും ഞാൻ ലീവെടുത്ത് വരും, പൃഥ്വിക്ക് ഒന്നു മുംബൈയിലേക്ക് വന്നൂടെ എന്നു ചോദിക്കും. പക്ഷേ, ഒരു ഹീറോ ലീവെടുത്താൽ ഒരു പ്രൊഡ്യൂസർക്ക് എത്ര ബുദ്ധിമുട്ടുണ്ടാകുമെന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി. കുടുംബം വേണോ ജോലി വേണോ എന്നൊരു ഘട്ടം എത്തിയപ്പോൾ ഞാൻ കുടുംബം തന്നെ തിരഞ്ഞെടുത്തു,” സുപ്രിയ പറയുന്നു. മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുപ്രിയ.

ഭാര്യാഭർത്താന്മാർ എന്നതിനപ്പുറം നല്ല സുഹൃത്തുക്കൾ കൂടിയാണ് സുപ്രിയയും പൃഥ്വിയും. സുപ്രിയയാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് പഴയ ഒരു അഭിമുഖത്തിൽ പൃഥ്വി പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ അടുത്തിടെ സുപ്രിയ തന്നെ പങ്കുവച്ചിരുന്നു.

“ഞാൻ അധികം സുഹൃത്തുക്കളുള്ള ആളല്ല. സുപ്രിയയാണ് ഏന്റെ ഏറ്റവും അടുത്ത സുഹൃത്ത്. എന്റെ ഏറ്റവും സ്വകാര്യ ജീവിതത്തിലേക്ക് പ്രവേശനമുള്ള ഏക വ്യക്തി അവളാണ്. എന്റെ എല്ലാ വൾനറബിലിറ്റീസും അറിയാവുന്ന എന്റെ എല്ലാ ദുർബലമായ അവസ്ഥകളിലും എന്നെ കണ്ടിട്ടുള്ള ഒരേയൊരാൾ അവളാണ്. എന്റെ വീട്ടുകാർ പോലും കണ്ടിട്ടില്ല ആ അവസ്ഥയിൽ എന്നെ,” എന്നാണ് പൃഥ്വിരാജ് വീഡിയോയിൽ​ പറയുന്നത്.

കുറച്ചുകാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 ഏപ്രില്‍ 25നാണ് ഇവര്‍ വിവാഹിതരായത്. അലംകൃത എന്ന് പേരുളള മകളുമുണ്ട് ഇവര്‍ക്ക്. തെന്നിന്ത്യയിലെ തിരക്കുള്ള നായകനായ പൃഥ്വിരാജിനെയും മുംബൈയില്‍ പത്രപ്രവര്‍ത്തകയായിരുന്ന സുപ്രിയ മേനോനേയും ഒന്നിപ്പിച്ചത് പുസ്‌തകങ്ങളായിരുന്നു. ഇതേക്കുറിച്ച് ഒരിക്കല്‍ പൃഥ്വിരാജ് പറഞ്ഞതിങ്ങനെ.

Read more: അർദ്ധരാത്രി നല്ല വിശപ്പെന്ന് പൃഥ്വിരാജ്; വിശന്നാൽ നല്ല ഉറക്കം കിട്ടുമെന്ന് ട്രോളന്മാർ

“തെന്നിന്ത്യന്‍ സിനിമയെക്കുറിച്ച് ഒരു ഫീച്ചര്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് സുപ്രിയ എന്നെ ആദ്യം വിളിക്കുന്നത്. അപ്പോള്‍ ഞാന്‍ ഷാരൂഖ് ഖാന്‍ അഭിനയിച്ച ‘ഡോണ്‍’ എന്ന ചിത്രം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അടുത്ത ദിവസം ഞാന്‍ തിരിച്ചുവിളിച്ചപ്പോള്‍ സുപ്രിയയും അതേ ചിത്രം കണ്ടുകൊണ്ടിരിക്കുകയാണ് ‘തിരിച്ചു വിളിക്കാം’ എന്ന് പറഞ്ഞു. ആ സിനിമയെക്കുറിച്ച് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. പിന്നീട് സംസാരിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലായി പുസ്‌തകങ്ങളിലും ഞങ്ങളുടെ ടേസ്റ്റ് ഒരു പോലെയാണ് എന്ന്. രണ്ടുപേര്‍ക്കും ഇഷ്‌ടമുള്ള പുസ്‌തകം അയന്‍ റാന്‍ഡിന്റെ ‘The Fountainhead’ ആയിരുന്നു.”, പൃഥ്വിരാജ് ഓര്‍മ്മിച്ചു.

പുസ്‌തകങ്ങളെയും സിനിമയെയും പറ്റിയുള്ള ഇരുവരുടേയും ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവച്ച് തുടങ്ങിയ സൗഹൃദത്തെ പ്രണയത്തിലേക്ക് എത്തിക്കുന്നതും മറ്റൊരു പുസ്‌തകമാണ്. ആ സമയത്ത് വായിച്ചു കൊണ്ടിരുന്ന ‘ശാന്താറാം’ എന്ന ഗ്രിഗറി ഡേവിഡ്‌ റോബര്‍ട്ട്‌സ് പുസ്‌തകത്തില്‍ പറഞ്ഞിരിക്കുന്ന ബോംബെയുടെ വർണനയില്‍ മയങ്ങിയ പൃഥ്വിരാജ് ആ സ്ഥലങ്ങള്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും അവിടേയ്‌ക്ക് പൃഥ്വിരാജിനെ കൊണ്ടുപോകാം എന്ന് മുംബൈയില്‍ താമസിച്ചിരുന്ന സുപ്രിയ ഏല്‍ക്കുകയും ചെയ്‌തു. ഒരുമിച്ചു നടന്ന് അവര്‍ മുംബൈയിലെ ‘ഹാജി അലി’, ലിയോപോള്‍ഡ്‌’ കഫെ’ എന്നിവ കണ്ടു. അതിനിടയില്‍ എപ്പോഴോ ആണ് പ്രണയത്തിന്റെ തുടക്കം എന്നാണ് പൃഥ്വിരാജ് പിന്നീട് വെളിപ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook