ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടു ജീവിതം’ സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് പൃഥ്വിരാജ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി താരം ഇപ്പോൾ ഇന്ത്യയ്ക്ക് പുറത്താണ്. പൃഥ്വിരാജിനെ മിസ് ചെയ്യുകയാണെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പറയുകയാണ് ഭാര്യ സുപ്രിയ മേനോൻ. വിവാഹശേഷമുള്ളൊരു ചിത്രവും സുപ്രിയ പങ്കുവച്ചിട്ടുണ്ട്.
”2011 ൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷമെടുത്ത ചിത്രമാണിത്. ദുബായിൽ നടന്നൊരു അവാർഡ് ഷോയിൽനിന്നുളള ചിത്രമാണ്. എന്നെ സ്റ്റേജിലേക്ക് വിളിച്ചപ്പോൾ ഞാൻ ഭയങ്കര ടെൻഷനിലായി. പക്ഷേ പൃഥ്വി എന്റെ കൈപിടിച്ച് എന്നെ സമാധാനിപ്പിച്ചു” സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കുറച്ചുകാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 ഏപ്രില്‍ 25നാണ് പൃഥ്വിരാജും സുപ്രിയയും വിവാഹിതരായത്. തെന്നിന്ത്യയിലെ തിരക്കുള്ള നായകനായ പൃഥ്വിരാജിനെയും മുംബൈയില്‍ പത്രപ്രവര്‍ത്തകയായിരുന്ന സുപ്രിയ മേനോനേയും ഒന്നിപ്പിച്ചത് പുസ്തകങ്ങളായിരുന്നു. ഇതേക്കുറിച്ച് ഒരിക്കല്‍ പൃഥ്വിരാജ് പറഞ്ഞതിങ്ങനെ.
Read Also: അന്നൊക്കെ ഞാന്‍ പൃഥ്വിയോട് വഴക്കടിച്ചിരുന്നു: സുപ്രിയ
“തെന്നിന്ത്യന്‍ സിനിമയെക്കുറിച്ച് ഒരു ഫീച്ചര്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് സുപ്രിയ എന്നെ ആദ്യം വിളിക്കുന്നത്. അപ്പോള്‍ ഞാന്‍ ഷാരൂഖ് ഖാന് അഭിനയിച്ച ‘ഡോണ്‍’ എന്ന ചിത്രം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അടുത്ത ദിവസം ഞാന്‍ തിരിച്ചുവിളിച്ചപ്പോള്‍ സുപ്രിയയും അതേ ചിത്രം കണ്ടുകൊണ്ടിരിക്കുകയാണ് ‘തിരിച്ചു വിളിക്കാം’ എന്ന് പറഞ്ഞു. ആ സിനിമയെക്കുറിച്ച് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. പിന്നീട് സംസാരിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലായി പുസ്തകങ്ങളിലും ഞങ്ങളുടെ ടേസ്റ്റ് ഒരു പോലെയാണ് എന്ന്. രണ്ടുപേര്‍ക്കും ഇഷ്ടമുള്ള പുസ്തകം അയന് റാന്‍ഡിന്റെ ‘The Fountainhead’ ആയിരുന്നു.”, പൃഥ്വിരാജ് ഓർമിച്ചു.
വിവാഹത്തോടെ ജേർണലിസം എന്ന തന്റെ കരിയർ ഉപേക്ഷിച്ചെങ്കിലും സിനിമാ നിർമാണമേഖലയിൽ സജീവമാണ് സുപ്രിയ.കഴിഞ്ഞ വർഷം ‘9’, ‘ഡ്രൈവിങ് ലൈസൻസ്’ തുടങ്ങിയ രണ്ടു ചിത്രങ്ങളാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ നിർമിച്ചത്.