വെള്ളിയാഴ്ചയുടെ ദുഖമായി വിട പറഞ്ഞ എസ് പി ബിയ്ക്ക് കണ്ണീരോടെ വിട പറയുകയാണ് അദ്ദേഹത്തിന്റെ പാട്ടുകളെ നെഞ്ചോടു ചേർത്തുപിടിച്ച ദശലക്ഷകണക്കിന് ശ്രോതാക്കൾ. എല്ലായിടത്തും എസ് പി ബി ഓർമകളും അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളും മാത്രം. എസ്‌പിബിയുടെ പാട്ടുകൾ ആവർത്തിച്ച് കേൾക്കുകയാണ് താനെന്ന് നിർമ്മാതാവും നടൻ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോൻ പറയുന്നു.

ദളപതി എന്ന ചിത്രത്തിലെ സുന്ദരി കണ്ണാൽ ഒരു സേതി എന്ന ഗാനം പങ്കുവച്ചുകൊണ് സുപ്രിയയുടെ കുറിപ്പ്. ഒരുപാട് താരങ്ങൾക്ക് വേണ്ടി എസ്പിബി ശബ്ദമായിട്ടുണ്ടെങ്കിലും രജനികാന്തിനായിരുന്നു ഏറ്റവും പെർഫെക്ഷൻ എന്നാണ് സുപ്രിയ പറയുന്നത്.

എസ്പിബിയുടെ മരണ വാർത്തയോട് വളരെ വൈകാരികമായിരുന്നു രജനികാന്തിന്റെ പ്രതികരണം. രജനിയുടെ മിക്ക സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് പിന്നിലും എസ്പിയുടെ അതിമനോഹരമായ ശബ്ദം തന്നെയായിരുന്നു.

“ബാലു സർ … കഴിഞ്ഞ കുറെ വർഷങ്ങളായി നിങ്ങളായിരുന്നു എന്റെ ശബ്ദം.അങ്ങയുടെ ശബ്ദവും ഓർമകളും എന്നോടൊപ്പം എന്നെന്നും ജീവിക്കും. ഞാനങ്ങയെ ഒരുപാട് മിസ് ചെയ്യുന്നു,” എസ്.പി ബാലസുബ്രഹ്മണ്യത്തിന് ആദരാഞ്ജലികൾ നേർന്ന് രജനികാന്ത് ട്വിറ്ററിൽ കുറിച്ചു. ഒരു വീഡിയോയ്ക്കൊപ്പമായിരുന്നു താരത്തിന്റെ ഹൃദയ സ്പർശിയായ വാക്കുകൾ.

Read More: മകന്റെ ഷര്‍ട്ട്‌ ചോദിച്ചെത്തിയ കൂട്ടുകാരനെ സിനിമയില്‍ എത്തിച്ച എസ്‌പിബി; ‘തല’യുടെ സിനിമാ വഴികള്‍ ഇതാണ്

ദളപതി, അണ്ണാമലൈ, ബാഷ, പടയപ്പ, അരുണാചലം, ശിവജി തുടങ്ങി പേട്ടയും ദര്‍ബാറും ഉൾപ്പെടെ വലിയൊരു ലിസ്റ്റ് തന്നെയുണ്ട് രജനി-എസ്പിബി കൂട്ടുകെട്ടിൽ പിറന്ന ഹിറ്റുകളുടെ കണക്കെടുപ്പിൽ

രജനിയുടെ മാത്രമല്ല കമൽഹാസൻ ചിത്രങ്ങളിലും ശബ്ദമായിരുന്നത് എസ്പിബി തന്നെയായിരുന്നു, പ്രിയ അണ്ണയ്യയുടെ ശബ്ദത്തിന് ചുണ്ടനക്കാൻ കഴിഞ്ഞ ഭാ​ഗ്യമായിട്ടാണ് ഉലക നായകൻ കരുതുന്നത്. “ജീവിതകാലത്ത് സ്വന്തം കഴിവുകളെ ഉചിതമായി ആഘോഷിക്കുന്ന, അംഗീകാരങ്ങളും പ്രശസ്തിയും ലഭിക്കുന്ന വളരെ മികച്ച ചില കലാകാരന്മാരുണ്ട്. എസ്.പി ബാലസുബ്രഹ്മണ്യം അക്കൂട്ടത്തിൽ ഒരാളായിരുന്നു. അദ്ദേഹം പാടിയ നിരവധി ​ഗാനങ്ങൾക്ക് വെള്ളിത്തിരയിൽ അഭിനയിക്കാനുള്ള ഭാ​ഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. ഒരുപാട് ഭാഷകളിൽ, നാല് തലമുകളിലെ നായകന്മാരുടെ ശബ്ദമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പാരമ്പര്യം ഇനി വരുന്ന ഏഴു തലമുറകളാലും ഓർമ്മിക്കപ്പെടും,” എന്നായിരുന്നു കമൽഹാസൻ പറഞ്ഞത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook