മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകന്‍ കമല്‍ ഒരുക്കിയ ‘ആമി’ എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കാനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിനാണെന്നും അതു കൊണ്ട് സിനിമ തടയുന്നില്ലെന്നുമാണ് കോടതി അറിയിച്ചിരിക്കുന്നത്.

ആമിയുടെ തിരക്കഥയുടെ ബ്ലൂപ്രിന്റ് ഹൈക്കോടതി പരിശോധിക്കണമെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ എന്തെങ്കിലും രംഗങ്ങള്‍ ചിത്രത്തിലുണ്ടെങ്കില്‍ അത് നീക്കം ചെയ്യണമെന്നും അതുവരെ ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള കഥയാണെന്ന് പറയുന്നുണ്ടെങ്കിലും അവരുടെ യഥാര്‍ത്ഥ ജീവിതത്തിലെ പല വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കഥാകാരിയുടെ ജീവിതത്തിലെ സംഭവങ്ങള്‍ മറച്ചുവയ്ക്കാനോ, വളച്ചൊടിക്കാനോ സംവിധായകന് യാതൊരുവിധ അധികാരവുമില്ലെന്ന് എറണാകുളം ഇടപ്പള്ളി സ്വദേശി കെ.പി രാമചന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നുണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് ആമിയുടെ റിലീസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook