ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘പി.എം നരേന്ദ്രമോദി’ എന്ന ചിത്രത്തിന്റെ റിലീസിനെതിരെ കോൺഗ്രസ് പ്രവർത്തകൻ അമൻ പൻവാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കണമെന്നും ചിത്രം തിരഞ്ഞെടുപ്പ് ചട്ടങ്ങളെ ലംഘിക്കുന്നുവെന്നും ചൂണ്ടികാണിച്ചായിരുന്നു അമൻ പൻവാർ ഹർജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗെ തലവനായ ബെഞ്ചാണ് റിലീസ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളിയത്.
രണ്ടു മിനിറ്റ് ദൈർഘ്യം മാത്രമുള്ള ഒരു പ്രെമോ കണ്ട് സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് പറയാനാവില്ലെന്നും തിരഞ്ഞെടുപ്പ് ചട്ടലംഘനമാണോ എന്ന കാര്യം ഇലക്ഷൻ കമ്മീഷനാണ് തീരുമാനിക്കേണ്ടതാണെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി. ഇത്തരം അപക്വമായ ഹർജികൾ കോടതിയുടെ സമയം കളയുകയാണെന്നും ചീഫ് ജസ്റ്റിംഗ് കുറ്റപ്പെടുത്തി.
Read more: പി.എം.നരേന്ദ്ര മോദി’ ഏപ്രില്‍ 11 ന് തിയറ്ററുകളിലെത്തും
തിരഞ്ഞെടുപ്പ് ആരംഭിക്കും മുന്‍പ് ‘പിഎം നരേന്ദ്രമോദി’ തിയേറ്ററുകളിലെത്തിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ നീക്കം. എന്നാല്‍, തിരഞ്ഞെടുപ്പ് കഴിയും വരെ റിലീസ് വേണ്ടെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് ചിത്രം വിവാദത്തിലായത്. ചിത്രം റിലീസ് ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് ഇലക്ഷൻ കമ്മീഷൻ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
വിവേക് ഒബ്റോയി മോദിയായെത്തുന്ന ചിത്രത്തിൽ ബോമൻ ഇറാനി, മനോജ് ജോഷ്, സറീന വഹാബ്, ബർഖ ബിഷ്ട്, ദർശൻ റവാൽ, അക്ഷദ് ആർ സലൂജ, സുരേഷ് ഒബ്റോയ്, അഞ്ചൻ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യതിൻ കാര്യേക്കർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. “വളരെ പ്രത്യേകതകൾ ഉള്ള ഒരു ചിത്രമാണിത്, പറയപ്പെടേണ്ട ഒരു കഥയും. വിശ്വാസത്തിന്റെ ഈ കഥ പ്രേക്ഷകരെ പ്രചോദിപ്പിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. 130 കോടി ജനങ്ങളിലേക്ക് ഈ കഥ എത്തിക്കാൻ കഴിയുന്നതിൽ സന്തോഷവും ആവേശവുമുണ്ട്,” ചിത്രത്തിന്റെ നിർമ്മാതാവ് സന്ദീപ് സിംഗ് പറഞ്ഞു.
Read more: ദേശസ്നേഹിയായ മോദി; ‘പി എം നരേന്ദ്രമോദി’യുടെ ട്രെയിലറെത്തി
ഈ ചിത്രത്തിനായി കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി അണിയറയില്‍ ശ്രമങ്ങൾ നടക്കുകയായിരുന്നു. പരേഷ് റാവലായിരിക്കും ചിത്രത്തില്‍ മോദിയെ അവതരിപ്പിക്കുകയെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒടുവിൽ നറുക്ക് വീണത് വിവേക് ഒബ്രോയിക്ക് ആണ്. ഈ കഥാപാത്രം തന്നെ തേടിയെത്തിയത് ഭാഗ്യമായി കരുതുന്നു എന്നാണ് വിവേക് ഒബ്റോയി കഥാപാത്രത്തെ കുറിച്ച് പ്രതികരിച്ചത്. “ഞാനേറെ ഭാഗ്യം ചെയ്ത വ്യക്തിയാണ്. ഇപ്പോൾ എനിക്ക് 16 വർഷം മുൻപുള്ള എന്റെ ‘കമ്പനി’ ചിത്രത്തിന്റെ ദിവസങ്ങളാണ് ഓർമ്മ വരുന്നത്. അതേ ആവേശമാണ് ഈ കഥാപാത്രവും എനിക്ക് സമ്മാനിക്കുന്നത്. കാരണം ഇതൊരു നടന് ജീവിതകാലത്തിലൊരിക്കൽ മാത്രം കിട്ടുന്ന വേഷമാണ്. ഈ യാത്രയുടെ അവസാനം ഞാൻ കൂടുതൽ മികച്ച നടനും മികച്ച മനുഷ്യനുമായി തീരണമേയെന്നാണ് എന്റെ പ്രാർത്ഥന. നരേന്ദ്രമോദി ലോകമൊട്ടാകെ അറിയപ്പെടുന്ന വ്യക്തിത്വവും മികച്ച നേതാവുമാണ്, ആ വ്യക്തിത്വവും ഗുണങ്ങളും സ്ക്രീനിൽ കൊണ്ടുവരുക എന്നത് എന്നെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഈ അവിസ്മരണീയമായ യാത്ര പൂർണമാക്കുവാൻ എനിക്ക് എല്ലാവരുടെയും അനുഗ്രഹം വേണം,” എന്നാണ് പോസ്റ്റർ ലോഞ്ചിനിടെ വിവേക് ഒബ്റോയി പറഞ്ഞത്.