തൊണ്ണൂറുകളിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ കാലത്തും മലയാള സിനിമയെ സമ്പന്നമാക്കിയത് നായകനും നായികയും മാത്രമല്ല, സഹകഥാപാത്രങ്ങളും അവരുടെ പ്രകടനവും കൂടിയാണ്. തിക്കുറിശ്ശി, ശങ്കരാടി, ജഗതി ശ്രീകുമാര്‍, മാമുക്കോയ, കുതിരവട്ടം പപ്പു, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, ലാലു അലക്‌സ്, ഹരിശ്രീ അശോകന്‍, നെടുമുടി വേണു, അശോകന്‍, ജഗദീഷ്, വിജയരാഘവന്‍ തുടങ്ങി വലിയൊരു താരനിര ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്നു. പല സിനിമകളെയും വിജയത്തിലേക്കെത്തിച്ചതില്‍ ഇവര്‍ക്ക് വലിയൊരു പങ്കുമുണ്ട്.

ന്യൂജനറേഷന്‍ കാലമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ കാലത്തും സഹ നടന്മാര്‍ക്ക് മലയാള സിനിമയില്‍ കുറവുണ്ടായിട്ടില്ല. ഹാസ്യ കഥാപാത്രങ്ങളായും സ്വഭാവ നടന്മാരായും സഹനടന്മാരായും തിളങ്ങുന്ന സുധീര്‍ കരമന, ജോയ് മാത്യു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, സാജു നവോദയ, ചെമ്പന്‍ വിനോദ്, നീരജ് മാധവ്, ഹരീഷ് പെരുമന, ധര്‍മജന്‍, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, കലാഭവന്‍ ഷാജോണ്‍, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ മലയാള സിനിമയ്ക്ക് കഴിവുള്ള താരനിര ഒരിക്കലും അന്യംനിന്നു പോകില്ലെന്ന് ഉറപ്പു നല്‍കുന്നു.

‘കാലം മാറുമ്പോള്‍ അതിനനുസരിച്ച് കഥാപാത്രങ്ങളും അവരുടെ ശൈലികളും മാറുന്നു. അത്തരം കഥാപാത്രങ്ങള്‍ ചിലര്‍ ചെയ്താല്‍ നന്നാകുന്നു. ചിലര്‍ ചെയ്താല്‍ ശരിയായില്ലെന്നും വരാം. കഥ എഴുതുന്നവര്‍ക്ക് ഒരു കഥാപാത്രം ആരു ചെയ്താല്‍ നന്നാവുമെന്ന ധാരണയുണ്ടാകും. അതിനനുസരിച്ചുള്ള കഥാപാത്രങ്ങളാണ് നല്‍കുക. പക്ഷേ പണ്ട് ജഗതിയും ശങ്കരാടിയുമെല്ലാം ചെയ്ത കഥാപാത്രങ്ങള്‍ക്ക് പകരം വയ്ക്കാന്‍ ആരുമില്ല. ആര്‍ക്കും ആരുടേയും പകരക്കാരനാകാനും സാധിക്കില്ല’, സുധീര്‍ കരമന പറയുന്നു.

സ്റ്റേജ് ആര്‍ട്ടിസ്റ്റുകളായി സിനിമയില്‍ വന്നവരാണ് ഞങ്ങളില്‍ പലരും. കോമഡി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ അംഗീകരിക്കുന്നതുകൊണ്ടാണ് അത്തരം വേഷങ്ങള്‍ സംവിധായകര്‍ വീണ്ടും നല്‍കുന്നത്. പക്ഷേ സിനിമയില്‍ എന്നും ഒരേ ശൈലി പിന്തുടരാന്‍ പറ്റില്ല. കഥാപാത്രത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തണം. നമ്മുടെ കഴിവും കൂടി ചേര്‍ന്നാലേ കഥാപാത്രത്തിന് പൂര്‍ണത കൈവരികയുള്ളൂ. കാലാനുസൃതമായുള്ള മാറ്റങ്ങള്‍ കഥാപാത്രങ്ങള്‍ക്കും ഉണ്ടാകും. അത് ജനങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. ഇക്കയും (മാമുക്കോയ) സലീം ചേട്ടനും (സലീം കുമാര്‍) പോലുള്ളവര്‍ ഇന്നും തിളങ്ങുന്നത് അത്തരം മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനാലാണെന്നു സാജു നവോദയ അഭിപ്രായപ്പെട്ടു.

പുതു തലമുറയിലെ സഹനടന്മാര്‍

സുധീര്‍ കരമന

sudheer karamana, malayalam films

നടന്‍ കരമന ജനാര്‍ദനന്‍ നായരുടെ മകനാണ് സുധീര്‍ കരമന. 2006ല്‍ പുറത്തിറങ്ങിയ വാസ്തവം എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തി. വില്ലനായും സ്വഭാവ നടനായും ഹാസ്യ താരമായുമെല്ലാം തിളങ്ങി നില്‍ക്കുന്ന സുധീറിന്റെ നൂറ്റിയൊന്നാം ചിത്രമാണ് മേജര്‍ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്.

ജോയ് മാത്യു

joy mathew, malayalam film

1986ല്‍ ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ ജോയ് പിന്നീട് നാടകനടന്‍, തിരക്കഥാകൃത്ത്, നടന്‍ എന്നീ നിലകളിലെല്ലാം പേരെടുത്തു. ഷട്ടര്‍ എന്ന സിനിമയിലൂടെ സംവിധാന രംഗത്തുമെത്തി. 2013 മുതല്‍ നിരവധി ചിത്രങ്ങളില്‍ സഹനടനായി അഭിനയിക്കുന്നു.

അജു വര്‍ഗീസ്

aju varghese

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ സിനിമാ ലോകത്തേക്ക്. സഹനടനായും ഹാസ്യ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചും നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍. സഹസംവിധായകനായും നടനായും 2010 മുതല്‍ ചലച്ചിത്ര ലോകത്ത് സജീവം.

സുരാജ് വെഞ്ഞാറമൂട്

suraj venjaramoodu

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയ സാന്നിധ്യം. 2001 മുതല്‍ സിനിമയില്‍ സജീവം. നൂറിലധികം മലയാളം ചിത്രങ്ങളില്‍ വേഷമിട്ടു കഴിഞ്ഞു. സ്വഭാവ നടനായും കഴിവ് തെളിയിച്ചിട്ടുള്ള സുരാജിനു പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു.

സാജു നവോദയ

pashanam shaji, saju navodaya

പാഷാണം ഷാജി എന്ന പേരില്‍ സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായിരുന്ന സാജു നവോദയ സിനിമയിലെത്തിയത് 2014ല്‍ ആണ്. ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവരുന്ന പ്രകടനമായിരുന്നു സാജുവിന്റേത്. കൊച്ചിന്‍ നവോദയ എന്ന ട്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്നതുകൊണ്ടാണ് പി.ടി.സാജുവിന് സാജു നവോദയ എന്ന പേര് വീണത്.

ചെമ്പന്‍ വിനോദ്

chemban vinod jose

ഫിസിയോതെറാപ്പിസ്റ്റ് ആയിരുന്ന ചെമ്പന്‍ വിനോദ് ജോസ് 2010ല്‍ നായകന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ആമേന്‍, സപ്തമശ്രീ തസ്‌കരാഹ എന്നീ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയ വേഷം അവതരിപ്പിച്ച ചെമ്പന്‍ വിനോദ്, ഹാസ്യ നടനായും സ്വഭാവ നടനായും വില്ലനായുമെല്ലാം മലയാള സിനിമയില്‍ ഇപ്പോഴും തിളങ്ങി നില്‍ക്കുന്നു.

നീരജ് മാധവ്

neeraj madhav, actor neeraj, choreographer neeraj, dancer neeraj

ബഡ്ഡി എന്ന 2013ലെ ചിത്രത്തിലൂടെ സിനിമാ പ്രവേശം. നര്‍ത്തകന്‍ കൂടിയായ നീരജിന്റെ ദൃശ്യം, സപ്തമശ്രീ തസ്‌കരാഹ എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമായി. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ സിനിമയില്‍ കൊറിയോഗ്രാഫറുമായി.

ഹരീഷ് പെരുമന

കോമഡി ഫെസ്റ്റിവലിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ ഹരീഷ് പെരുമന ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് പ്രശസ്തനായത്. കുഞ്ഞിരാമായണം, ടു കണ്‍ട്രീസ്, സാള്‍ട്ട് മാംഗോ ട്രീ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

ധര്‍മജന്‍ ബോള്‍ഗാട്ടി

dharmajan bolgatty

ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ ധര്‍മജന്‍ ബോള്‍ഗാട്ടി സ്‌റ്റേജ് ആര്‍ട്ടിസ്റ്റായും അവതാരകനായും ഹാസ്യതാരമായും തിളങ്ങിയാണ് സിനിമയിലേക്കെത്തിയത്. 2010ല്‍ പാപ്പി അപ്പച്ചാ എന്ന സിനിമയിലൂടെത്തിയ ധര്‍മജന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ക്കുന്നു.

ജോജു ജോര്‍ജ്

joju george

1991ല്‍ സിനിമയില്‍ സഹസംവിധായകനായി തുടങ്ങിയ ജോജു 2003ല്‍ ഇറങ്ങിയ പട്ടാളം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു തുടങ്ങി. ഹാസ്യ നടനായും സഹനടനായുമെല്ലാം മികവു തെളിയിച്ച ജോജുവിന്റെ ശ്രദ്ധേയ സിനിമകളാണ് ആക്ഷന്‍ ഹീറോ ബിജു, ഒരു സെക്കന്റ് ക്ലാസ് യാത്ര, പുള്ളിപുലികളും ആട്ടിന്‍കുട്ടിയും എന്നിവ.

സൗബിന്‍ ഷാഹിര്‍

soubin shahir

മലയാളത്തിലെ പ്രമുഖ സംവിധായകര്‍ക്കൊപ്പം സഹസംവിധായകനായി 2003ല്‍ സിനിമാ ജീവിതം ആരംഭിച്ച സൗബിന്‍, അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെയാണ് നടനെന്ന നിലയില്‍ ശ്രദ്ധേയനായത്. 2013 മുതല്‍ അഭിനയരംഗത്ത് സജീവമായ സൗബിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പറവ അണിയറയില്‍ ഒരുങ്ങുന്നു.

കലാഭവന്‍ ഷാജോണ്‍

kalabhavan shajohn

കലാഭവനിലൂടെ മിമിക്രി താരമായി തുടങ്ങിയ ഷാജി ജോണ്‍ എന്ന കലാഭവന്‍ ഷാജോണ്‍ 1991 മുതല്‍ സിനിമ രംഗത്തുണ്ട്. 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഏറെ ശ്രദ്ധേയനായി. സ്വഭാവ നടനായും വില്ലനായും നിരവധി അവസരങ്ങള്‍ ഷാജോണിനെ തേടിയെത്തുന്നു.

ശ്രീനാഥ് ഭാസി

sreenath bhasi

നടനും ഗായകനും മോഡലുമായ ശ്രീനാഥ് ഭാസിയുടെ സിനിമയിലെ അരങ്ങേറ്റം 2012ല്‍ ഇറങ്ങിയ പ്രണയം എന്ന ചിത്രത്തിലൂടെയായിരുന്നു. ഡാ തടിയാ എന്ന ചിത്രത്തിലെ ശ്രീനാഥ് പാടിയ ഓ മൈ പഞ്ഞസാര ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. അനുരാഗ കരിക്കിന്‍ വെള്ളം, ഹണി ബീ, ജേക്കബിന്റെ സ്വര്‍ഗരാജ്യം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളും ശ്രദ്ധ നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook