അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിനെ അനുസ്മരിച്ച് രജനീകാന്ത്. ഒക്ടോബർ 29നായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് പുനീത് അന്തരിച്ചത്. അതേസമയം, രജനീകാന്തിനെ ഒരു ശസ്ത്രക്രിയയ്ക്കായി കാവേരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അതിനാൽ തന്നെ പുനീതിന്റെ മരണം ദിവസങ്ങൾ കഴിഞ്ഞാണ് രജനികാന്തിനെ ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചത്. പുനീതിന്റെ മരണവാർത്ത താങ്ങാവുന്നതിലും അപ്പുറമായിരുന്നുവെന്ന് രജനികാന്ത് പറയുന്നു.
“ശസ്ത്രക്രിയയ്ക്ക് ശേഷം ഞാൻ സുഖം പ്രാപിക്കുന്നു. പുനീത് രാജ്കുമാർ അന്ത്യശ്വാസം വലിക്കുമ്പോൾ ഞാൻ ആശുപത്രിയിലായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് എന്നെ അവർ വിവരമറിയിച്ചത്. പുനീതിന്റെ മരണവാർത്ത കേട്ട് എന്റെ ഹൃദയം തകർന്നു. എന്റെ മുന്നിൽ വളർന്ന കുട്ടിയാണ്. അവൻ വളരെ കഴിവുള്ളവനും സ്‌നേഹസമ്പന്നനുമായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ അവൻ നമ്മളെ വിട്ടുപിരിഞ്ഞു, അതും തന്റെ വിജയകരമായ അഭിനയ ജീവിതത്തിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ. പുനീതിന്റെ വിയോഗം കന്നഡ ചലച്ചിത്രലോകത്തിന് തീരാനഷ്ടമാണ്. ആ കുടുംബത്തെ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. പുനീത് സമാധാനത്തോടെ വിശ്രമിക്കട്ടെ,” രജനികാന്ത് കുറിച്ചു.
ദീപാവലി റിലീസായി എത്തിയ ‘അണ്ണാതെ’ ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ രജനികാന്ത് ചിത്രം. സിരുതൈ ശിവ സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാര, കീർത്തി സുരേഷ്, ഖുശ്ബു സുന്ദർ, മീന സാഗർ പ്രകാശ് രാജ്, ജഗപതി ബാബു എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടുന്നത്.