ഇന്ന് മെയ് ഒന്ന് തമിഴ് സൂപ്പർസ്റ്റാർ അജിത്തിന്റെ 52-ാം പിറന്നാൾ ദിവസം. സിനിമാ മേഖലയിൽ ഏറ്റവുമധികം ഫാൻസ് അസ്സോസ്സിയേഷനുകളുള്ള താരങ്ങളിലൊരാളായ അജിത്തിനെ ആരാധകരും സിനിമാസ്വാദകരും സ്നേഹപൂർവ്വം വിളിക്കുന്ന ‘തല’ യെന്നാണ്.
യാതൊരു വിധത്തിലുള്ള സിനിമ ബന്ധങ്ങളുമില്ലാതെ സ്വന്തം കഠിനാധ്വാനത്തിലൂടെ വിജയിച്ചു കയറി വന്ന താരത്തിന്റെ പിറന്നാളിന് ഇത്ര അനുയോജ്യമായൊരു ദിവസമില്ലെന്നാണ് ആരാധകർ പറയുന്നത്. തൊഴിലാളി ദിനത്തിൽ സാധാരണക്കാരിൽ നിന്ന് സൂപ്പർസ്റ്റാർ പദ്ധതിവിയിലേക്ക് ഉയർന്നു തലയുടെ പിറന്നാൾ അവർ ഗംഭീരമായി കൊണ്ടാടുന്നു. ആരാധകർക്ക് വിനയത്തിന്റെയും എളിമയുടെയും പര്യായമാണ് അജിത്ത്. മേയ് ഒന്നിന് തമിഴ്നാട്ടിൽ അജിത്ത് ആരാധകർ ഒരു ഉത്സവപ്രതീതി തന്നെ സൃഷ്ടിക്കാറുണ്ട്.

1971 മേയ് ഒന്നിനാണ് അജിത്തിന്റെ ജനനം. പിതാവ് പി സുബ്രഹ്മണ്യൻ പാലക്കാട് സ്വദേശിയാണ്. അമ്മ മോഹിനി സിന്ധി സ്വദേശിയും. 1990ൽ പുറത്തിറങ്ങിയ ‘എൻ വീട് എൻ കണവർ’ എന്ന ചിത്രത്തിലെ ചെറിയ റോളിലൂടെയാണ് അജിത്ത് സിനിമാലോകത്തെത്തുന്നത്. ‘കാതൽ കോട്ടയ്’ എന്ന ചിത്രത്തിലൂടെ നായകനായി അജിത്ത് പ്രേക്ഷകർക്ക് മുന്നിലെത്തി. പിന്നീട് കാതൽ മന്നൻ, അമർക്കളം, വാലി, വരലര്, ബില്ല, മങ്കാത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ സൂപ്പർസ്റ്റാർ പദവിയിലേക്ക് കുതിച്ചു.
തമിഴകത്തും കേരളത്തിലും ഒരുപോലെ ആരാധകരുള്ള, പ്രേക്ഷകരുടെ ഇഷ്ടം കവർന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് തല. മലയാളികളുടെ സ്വന്തം മാമാട്ടിക്കുട്ടി ശാലിനിയെ ജീവിതസഖിയായി കൂടെ കൂട്ടിയതോടെ ആ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
1999 ൽ ‘അമര്‍ക്കളം’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. ആ പ്രണയം വിവാഹത്തില്‍ എത്തിയത് 2000 ഏപ്രില്‍ മാസത്തിലാണ്. നായികയായിരുന്ന ശാലിനിയുടെ നേര്‍ക്ക് കത്തി വീശുന്ന ഒരു ഷോട്ടില്‍, അജിത് അറിയാതെ ശാലിനിയുടെ കൈ മുറിച്ചതു മുതലാണ് ഇവരുടെ പ്രണയം തുടങ്ങുന്നത്. മുറിവ് ശാലിനി കാര്യമാക്കിയില്ലെങ്കിലും അജിത്തിന് അത് വലിയ മനഃപ്രയാസമുണ്ടാക്കി. മുറുവുണങ്ങുന്ന സമയം കൊണ്ട് അജിത് എന്ന മനുഷ്യന്റെ സ്നേഹവും കരുണയും എന്താണ് എന്ന് താൻ മനസ്സിലാക്കിയെന്നാണ് അജിത്തുമായി പ്രണയം തുടങ്ങിയതിനെ കുറിച്ച് ശാലിനി പറഞ്ഞത്.സോഷ്യൽ മീഡിയയിൽ താരം ഒട്ടും തന്നെ സജീവമല്ലാത്തതും കൊണ്ട് അജിത്ത് ആരാധകരുടെ ആകെ ആശ്വാസം ഭാര്യ ശാലിനിയുടെ ഇൻസ്റ്റഗ്രാം ഹാൻഡിലാണ്.

എച്ച് വിനോദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘തുനിവ്’ ആണ് അവസാനമായി റിലീസിനെത്തിയ അജിത്ത് ചിത്രം. പൊങ്കൽ റിലീസായി എത്തിയ ചിത്രം 250 കോടിയ്ക്ക് അടുത്ത് കളക്ഷൻ നേടി. അഭിനയത്തിൽ മാത്രമല്ല ബൈക്ക് റൈഡിങ്ങിലും യാത്ര ചെയ്യാനും ഏറെ താത്പര്യമുള്ള താരമാണ് അജിത്ത്.