തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ് നല്ല നടനല്ലെന്ന് പറഞ്ഞ നടന്‍ സിദ്ദിഖിന് ആരാധകരുടെ പൊങ്കാല. സിദ്ദിഖിന്റെ പേരിലുള്ള ഫെയ്‌സ്ബുക്ക് പേജിലാണ് ആളുകള്‍ രോഷപ്രകടനവുമായി എത്തിയിരിക്കുന്നത്. ഇനി സിദ്ദിഖ് അഭിനയിക്കുന്ന സിനിമകള്‍ കാണില്ല എന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റുകള്‍ക്കു കീഴെയുണ്ട്.

‘മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാറുകളും സൂപ്പര്‍ നടന്മാരുമാണ്. എന്നാല്‍ തമിഴ് നടന്‍ വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ല..’ എന്നായിരുന്നു അടുത്തിടെ ഒരു അഭിമുഖത്തില്‍ സിദ്ദിഖ് പറഞ്ഞത്.

Read More: 15 years of Vijay’s ‘Ghilli’: സിനിമാ പ്രേമികളുടെ ‘ചെല്ല’മായി വിജയ്‌യുടെ ‘ഗില്ലി’

മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലെയുള്ള രണ്ട് സൂപ്പര്‍ താരങ്ങളെ ലഭിച്ചത് മലയാളം സിനിമാ മേഖലയുടെ ഭാഗ്യമാണെന്ന് സിദ്ദിഖ് പറഞ്ഞിരുന്നു. രണ്ടുപേരും ഒരുപോലെ കഴിവുറ്റ നടന്‍മാരാണ്. അവര്‍ നമ്മെ മധുരരാജയും ലൂസിഫറും പോലുള്ള സിനിമകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്നു. എല്ലാ സിനിമാ മേഖലകളും നിലനില്‍ക്കുന്നത് സൂപ്പര്‍സ്റ്റാറുകള്‍ മൂലമാണ്. ഞങ്ങളെ പോലുള്ള സഹതാരങ്ങള്‍ അവരുള്ളതുകൊണ്ടാണ് നിലനില്‍ക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.

പിന്നീടാണ് വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും നല്ല നടനല്ല എന്ന പരാമര്‍ശം സിദ്ദിഖ് നടത്തിയത്. താരമൂല്യമാണ് വിജയ്‌നെ സിനിമയില്‍ പിടിച്ച് നിര്‍ത്തുന്നതെന്നും, എന്നാല്‍ കമല്‍ ഹാസന്‍ നല്ല നടനും സൂപ്പര്‍ സ്റ്റാറുമാണെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.

ഇതിന് മറുപടിയുമായി നടന്‍ ഹരീഷ് പേരടിയും രംഗത്ത് എത്തിയിരുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് ഹരീഷ് വിയോജിപ്പ് അറിയിച്ചത്. വിജയ് സൂപ്പര്‍ നടനുമാണ്, സൂപ്പര്‍ താരവുമാണ്, സഹജീവികളോട് കരുണയുള്ള ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പര്‍ മനുഷ്യനുമാണ് ഹരീഷ് പേരടി കുറിച്ചു. കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

‘ഒരുപാട് കാലം കപ്പയും ചോറും മാത്രം കഴിച്ച് ശീലിച്ചവര്‍ ഇഡിലീയും സാമ്പാറും, ബിരിയാണിയും ഒക്കെ സുപ്പര്‍ ഭക്ഷണങ്ങളാണ് പക്ഷെ നല്ല ഭക്ഷണങ്ങളല്ലാ എന്ന് പറയുന്നത് ഭക്ഷണങ്ങളുടെ പ്രശനമല്ലാ.. അവനവന്റെ ആസ്വാദനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്… സ്വന്തം അനുഭവത്തില്‍ പറയട്ടെ ഈ മനുഷ്യന്‍… സൂപ്പര്‍ നടനുമാണ്, സൂപ്പര്‍ താരവുമാണ്, സഹജീവികളോട് കരുണയുള്ള ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പര്‍ മനുഷ്യനുമാണ്,’ ഹരീഷ് പേരടി കുറിച്ചു.

വിജയ് നായകനായ മെര്‍സല്‍ എന്ന ചിത്രത്തില്‍ ഹരീഷ് പേരടി അഭിനയിച്ചിട്ടുണ്ട്. ഡോക്ടര്‍ അര്‍ജുന്‍ സക്കറിയ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഹരീഷ് പേരടി കൈകാര്യം ചെയ്ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook