/indian-express-malayalam/media/media_files/uploads/2019/03/Five-Reasons-to-watch-Fahad-Faasil-Vijay-Sethupathi-Starrer-Super-Deluxe-1.jpg)
Five Reasons to watch Fahad Faasil Vijay Sethupathi Starrer Super Deluxe: കഴിഞ്ഞ ദിവസമാണ് ഫഹദ് ഫാസിലും മലയാളികളുടേയും പ്രിയങ്കരനായ വിജയ് സേതുപതിയും ആദ്യമായി ഒരുമിച്ച ചിത്രമായ 'സൂപ്പര്‍ ഡീലക്‌സ്' എന്ന തമിഴ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ആശയത്തിലും അവതരണത്തിലും ചിത്രം സ്വീകരിച്ചിരിക്കുന്ന വ്യത്യസ്ഥതയും അത് പ്രേക്ഷകര്‍ക്ക് നല്‍കുന്ന അനുഭവവും, 'സൂപ്പര്‍ ഡീലക്സി'നെ സമകാലിക ഇന്ത്യന്‍ സിനിമയിലെ മികച്ചൊരു സിനിമകളില്‍ ഒന്നാക്കി മാറ്റുന്നു.
'സൂപ്പര്‍ ഡീലക്സ്' നിര്‍ബന്ധമായും കാണണം എന്ന് പറയാന്‍ കാരണങ്ങള്‍ ഏറെയുണ്ട്. അതില്‍ പ്രധാനപ്പെട്ട അഞ്ചെണ്ണം എടുത്തു വിവരിക്കുകയാണ് അബിന്‍ പൊന്നപ്പന്‍.
ത്യാഗരാജന്‍ കുമാരരാജ എന്ന സംവിധായകന്റെ തിരിച്ചു വരവ്
'ആരണ്യകാണ്ഡം' എന്ന 'പാത്ത് ബ്രേക്കിങ്' സിനിമയ്ക്ക് ശേഷം എട്ട് വര്‍ഷം കഴിഞ്ഞിട്ടാണ് ത്യാഗരാജന്‍ പുതിയൊരു സിനിമയുമായെത്തുന്നത്. ഇത് മാത്രം മതി സിനിമാ മോഹികളെ തിയ്യറ്ററുകളിലേക്ക് എത്താന്‍. ഈ വര്‍ഷങ്ങളില്‍ സിനിമ ലോകത്തും നമുക്ക് ചുറ്റുമുള്ള സമൂഹവും ഒരുപാട് മാറി. എന്നാല്‍ 'ആരണ്യകാണ്ഡം; എവിടെ നിര്‍ത്തിയോ അവിടെ നിന്നുമാണ് ത്യാഗരാജന്‍ 'സൂപ്പര്‍ ഡീലക്‌സ്' തുടങ്ങുന്നത് തന്നെ. അന്ന് തുടങ്ങി വെച്ച പൊളിച്ചെഴുത്ത് പൂര്‍ത്തിയാക്കുകയാണ് 'സൂപ്പര്‍ ഡീലക്‌സി'ല്‍ അദ്ദേഹം ചെയ്യുന്നത്. മെയ്ക്കിങിലെ പുതുമ കൊണ്ട് തന്റെ വലിയ ഇടവേളയെ സംവിധായകന്‍ അനായാസം മറി കടക്കുന്നുണ്ട്. നാല് കഥകള്‍ ഒരുമിച്ച് പറയുന്നത് ഇതിന് മുമ്പുമുണ്ടായിട്ടുണ്ടെങ്കിലും അവയുടെ രീതികള്‍ ഒന്നും 'സൂപ്പര്‍ ഡീലക്‌സി'ല്‍ കാണാനാവില്ല. തിരക്കഥയിലും ക്യാമറ ആംഗിളുകളിലും പോലും അസാമാന്യ പുതുമ.
ഒരേ സമയം അഞ്ച് സിനിമ കണ്ട അനുഭവം
നാല് കഥകളിലൂടെയാണ് ത്യാഗരാജന്‍ 'സൂപ്പര്‍ ഡീലക്‌സ്' പറയുന്നത്. നാല് വ്യത്യസ്ത ചിത്രങ്ങളായി നിലനില്‍ക്കുമ്പോഴും അവ തമ്മില്‍ ബന്ധപ്പെടുന്ന രീതിയും അത് ചെന്നുത്തുന്ന അര്‍ത്ഥവും പകരുന്നത് വേറെ തന്നെ ഒരു അനുഭവമാണ്. ആ അര്‍ത്ഥത്തില്‍ ഒരേ സമയം അഞ്ച് സിനിമകള്‍ കണ്ടൊരു തോന്നലാകും 'സൂപ്പര്‍ ഡീലക്‌സ്' പകരുക. നാല് കഥകള്‍ ഒരേ സമയം പറയുമ്പോഴും ഒന്നിനു പോലും അമിത പ്രധാന്യമില്ല. ഒരു ചിത്രവും മറ്റൊന്നിന്റെ പിന്നിലുമല്ല. ഓവര്‍ ലാപ്പ് ചെയ്യാതെ കൃത്യമായി നാല് കഥകളും പ്ലെയ്‌സ് ചെയ്തിരിക്കുന്നു. അവ പരസ്പരം കണക്ട് ചെയ്യുന്ന രീതിയിലും ഒട്ടും അസ്വാഭാവികതയില്ല. ഓരോ ചിത്രങ്ങളും ഓരോ ജീവിതാര്‍ത്ഥങ്ങള്‍ പറയുമ്പോള്‍ 'സൂപ്പര്‍ ഡീലക്‌സ്' എന്ന വലിയ ചിത്രം ആ നാലും ചേരുന്ന മറ്റൊരു അര്‍ത്ഥം പറഞ്ഞു വെക്കുന്നു.
Read More: Super Deluxe Review: സിനിമയല്ല ജീവിതമാണ് 'സൂപ്പര്‍ ഡീലക്‌സ്'
മത്സരിച്ച് അഭിനയിക്കുന്ന താരങ്ങള്‍
ഒരു സിനിമയുടെ കാസ്റ്റില്‍ വിജയ് സേതുപതി, ഫഹദ് ഫാസില്‍, രമ്യ കൃഷ്ണന്‍, സാമന്ത എന്നിങ്ങനെയുള്ള വമ്പന്‍ താരങ്ങളുടെ പേരുകള്‍ കാണുമ്പോള്‍ എന്താണോ പ്രതീക്ഷിക്കുന്നത് അതിലും ഒരുപാട് മുകളിലാണ് 'സൂപ്പര്‍ ഡീലക്‌സി'ലെ അഭിനയ മുഹൂര്‍ത്തങ്ങള്‍. വിജയ് സേതുപതിയുടെ ശില്‍പ്പ എന്ന് ട്രാന്‍സ് വുമണ്‍ വേഷത്തെ കുറിച്ച് ചിത്രമിറങ്ങും മുമ്പു തന്നെ ഒരുപാട് കേട്ടിരുന്നു. എന്നാല്‍ അതൊരു ട്രെയിലര്‍ മാത്രമായിരുന്നു. ചെറിയ വേഷങ്ങള്‍ ചെയ്തവരും താരതമ്യേനെ ചെറിയ താരങ്ങളായ അഭിനേതാക്കള്‍ പോലും 'സൂപ്പര്‍ ഡീലക്‌സി'ല്‍ മത്സരിച്ച് അഭിനയിച്ചിരിക്കുന്നു.
വിജയ് സേതുപതിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ റോളായിരിക്കും ശില്‍പ്പ. സ്‌ക്രീനില്‍ സേതുപതിയെ കാണുമ്പോള്‍ അദ്ദേഹത്തിന്റെ മുന്‍ കഥാപാത്രങ്ങളെ മാത്രമല്ല മുന്നില്‍ നില്‍ക്കുന്നത് ഒരു പുരുഷനാണെന്നു പോലും മറന്നു പോകും. ശില്‍പ്പയെന്ന ട്രാന്‍സ്‌വുമണിനെ അത്ര കണ്ടു മനോഹരമാക്കുന്നുണ്ട് സേതുപതി. മലയാള സിനിമാ നടന്മാരില്‍ തന്റെ സമകാലികരേക്കാള്‍ എത്രയോ മുന്നിലുള്ള നടനാണ് ഫഹദ് ഫാസില്‍. തന്റെ മുന്‍ കഥാപാത്രങ്ങളെയൊന്നും ഓര്‍മ്മിപ്പിക്കാതെ മുകില്‍ എന്ന കഥാപാത്രത്തെ ഫഹദ് അവതരിപ്പിച്ചിരിക്കുന്നു. സാധാരണ പ്രേക്ഷകന് ഏറ്റവും എളുപ്പം കണക്ട് ചെയ്യാന്‍ കഴിയും ഫഹദിന്റെ മുകലിനെ.
അഭിനയം കൊണ്ട് ഞെട്ടിച്ചത് പക്ഷേ മറ്റ് ചിലരാണെന്നതാണ് വാസ്തവം. വില്ലന്‍ വേഷത്തിലെത്തിയ ഭഗവതി പെരുമാളാണ് അതില്‍ ആദ്യം. ചിത്രത്തില്‍ ഏതെങ്കിലും കഥാപാത്രത്തോട് വെറുപ്പ് അനുഭവപ്പെടുന്നുണ്ടേല്‍ അത് ഭഗവതിയുടെ ബെര്‍ലിന്‍ എന്ന പൊലീസ് ഓഫീസറോടാകും. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാകും രമ്യ കൃഷ്ണന്റേത്. സാമന്തയുടേയും മികച്ച വേഷമാണ് വെമ്പു.
/indian-express-malayalam/media/media_files/uploads/2019/03/Five-Reasons-to-watch-Fahad-Faasil-Vijay-Sethupathi-Starrer-Super-Deluxe-1-1-1024x784.jpg)
ഡാര്‍ക്ക് ഹ്യൂമര്‍
'ഡാര്‍ക്ക് ഹ്യൂമര്‍' എന്ന ഴോണറില്‍ മാത്രം ഒതുങ്ങി നിര്‍ത്താന്‍ കഴിയുന്നതല്ല 'സൂപ്പര്‍ ഡീലക്‌സ്' എന്നതാണ് വാസ്തവം. ഒരേ സമയം പല ഴോണറുകളിലൂടെ കടന്നു പോകുന്ന ചിത്രം. ഒരു പൊട്ടിച്ചിരി കൊണ്ട് അവസാനിക്കാതെ, ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു 'സൂപ്പര്‍ ഡീലക്‌സ്'. ചിരിച്ചു തീരുന്നിടത്ത് ആ ചിരിയ്ക്ക് പിന്നിലെ കാരണം തേടി പോകും. നാല് കഥകളും, അതിലെ കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന, കടന്നു പോകുന്ന പ്രതിസന്ധികളെ കുറിച്ചാണ് പറയുന്നത്. പക്ഷേ അത് കാണുന്നവരെ ചിരിപ്പിക്കുന്നതായി മാറുന്നു. ചിരിയോടൊപ്പം പറയുന്ന ശക്തമായ രാഷ്ട്രീയവും 'സൂപ്പര്‍ ഡീലക്‌സി'ന്റെ പ്രത്യേകതയാണ്. ഒരു ഡയലോഗും വെറുതെയല്ല, ഫ്രെയിമിനുള്ളിലെ ഒരോ വസ്തുവിനും ഓരോ അര്‍ത്ഥങ്ങളുണ്ട്.
ചിത്രം മുന്നോട്ട് വയ്ക്കുന്ന കാഴ്ച്ചപ്പാടുകള്‍
നാല് കഥകളും അതിലെ കഥാപാത്രങ്ങളിലുണ്ടാക്കുന്ന മാറ്റത്തിലാണ് ചിത്രം അവസാനിക്കുന്നത്. ആ നാലു സംഘത്തിനുമുണ്ടാകുന്ന മാറ്റം ചിത്രം കാണുന്ന ഓരോരുത്തരിലും സൃഷ്ടിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നും പ്രേക്ഷകനിലേക്ക് അടിച്ചേല്‍പ്പിക്കപ്പെടുന്നില്ല. കാണുന്നവര്‍ക്ക് മുന്നിലേക്ക് ഒരു ചിന്തയുടെ നാളം ഇട്ടു തരികയും അതിലൂടെ അവരെ അവരുടേതായി ഉത്തരത്തിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. ജീവിതം, ദൈവം, കാമം, പ്രപഞ്ചം തുടങ്ങി ഒരുപാട് വിഷയങ്ങളില്‍ ചിത്രം പുതിയ കാഴ്ചപ്പാടുകള്‍ പകരുന്നു. കണ്ടിറങ്ങിയ ശേഷം പിന്നിലേക്ക് നോക്കുമ്പോള്‍ ഓരോ ഫ്രെയിമുകള്‍ക്കും കളര്‍ ടോണുകള്‍ക്കും ഓരോ അര്‍ത്ഥങ്ങളും വ്യഖ്യാനങ്ങളും ഉണ്ടെന്ന് വ്യക്തമാകും. ഇനിയൊരു വട്ടം കൂടി കാണുമ്പോള്‍ നേരത്തെ കണ്ടതിനേക്കാള്‍ വ്യത്യസ്തമായൊരു ചിത്രമായിരിക്കും 'സൂപ്പര്‍ ഡീലക്‌സ്'.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.