സിനിമയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ ആരംഭിക്കുക എന്നത് സിനിമാ താരങ്ങള്‍ക്ക് ഒരു പതിവാണ്. എന്നാല്‍ വ്യത്യസ്തമായ ഒരു ഉദ്യമവുമായി ഇറങ്ങുകയാണ് മലയാളത്തിന്റെ പ്രിയതാരം സണ്ണി വെയ്ന്‍. നാടക നിര്‍മാണ രംഗത്തേക്കാണ് നടന്റെ പുതിയ കാല്‍വയ്‌പ്.
കണ്ണൂര്‍ സ്വദേശിയായ ലിജു കൃഷ്ണ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത ‘മോമാന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്’ എന്ന നാടകവുമായാണ് സണ്ണി വെയ്ന്‍ പ്രൊഡക്ഷന്റെ രംഗപ്രവേശം. ദേശീയ-രാജ്യാന്തര നാടകമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള നാടകത്തിന് ധാരാളം പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
കുറച്ച് നാളുകളായി ഉള്ള ഒരാഗ്രഹമായിരുന്നു ഒരു നാടക നിര്‍മാണ കമ്പനി എന്ന് പറഞ്ഞ സണ്ണി വെയ്ന്‍ ഭാവിയില്‍ ഇഷ്ടമുള്ള സിനിമകളും നിര്‍മിക്കുമെന്ന സൂചനയും നല്‍കുന്നു.
ലിജു കൃഷ്ണയുടെ രചന, സംവിധാനം നിര്‍വഹിക്കുന്ന മനോജ് ഒമെൻ, ശരൺ മോഹൻ, സിദ്ധാര്‍ത് വര്‍മ തുടങ്ങിയവരാണ് അഭിനേതാക്കള്‍. ബിജിബാല്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ജൂണ്‍ 10ന് കൊച്ചി ജെറ്റിപാകിലെ തിയേറ്ററിലാകും നാടകത്തിന്റെ സ്പെഷ്യല്‍ ഷോ നടക്കുക.