കൈനിറയെ പുസ്തകങ്ങളുമായി എത്തിയ നടൻ സണ്ണി വെയ്നിനെ സ്നേഹത്തോടെയും സന്തോഷത്തോടെയും സ്വാഗതം ചെയ്യുന്ന കുട്ടികൾ. കുട്ടികൾക്കൊപ്പമുള്ള നിമിഷങ്ങളുടെ വീഡിയോ തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുകയാണ് സണ്ണി വെയ്ൻ.

“വായനാശീലമുള്ള ഒരു കുട്ടി വളരുമ്പോൾ ചിന്തിക്കുന്ന ഒരു വ്യക്തിയായിരിക്കും. പുസ്തകങ്ങളാണ് കുട്ടികൾക്ക് കൊടുക്കാവുന്ന ഏറ്റവും മികച്ച സമ്മാനം. ഒരു സ്കൂളിന് മൊത്തം തന്നെ പുസ്തകങ്ങൾ നൽകാനുള്ള ഭാഗ്യമെനിക്കുണ്ടായി. സാമൂതിരി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് പുസ്തകങ്ങൾ സമ്മാനിക്കാനും അവരുടെ ‘മൈ ക്ലാസ്സ്റൂം ലൈബ്രറി’ എന്ന പദ്ധതിയ്ക്ക് തുടക്കം കുറിക്കാനും സാധിച്ചു,” എന്ന കുറിപ്പോടെയാണ് കുട്ടികൾക്കൊപ്പമുള്ള വീഡിയോ സണ്ണി വെയ്ൻ പങ്കുവച്ചിരിക്കുന്നത്.

“സാഹിത്യരചന നടത്തുകയും ആസ്വദിക്കുകയും ചെയ്യുന്ന ഏക ജീവി മനുഷ്യനാണ്. അപ്പോൾ നമ്മൾ പൂർണമായും മനുഷ്യരാണെന്ന് പറയണമെങ്കിൽ ഏറ്റവും ചുരുങ്ങിയത് പുസ്തകങ്ങൾ വായിക്കുന്നവരെങ്കിലും ആവണം. പുസ്തകങ്ങൾ വായിക്കുമ്പോൾ നമ്മൾ ഒരു അത്ഭുതലോകത്ത് എത്തിപ്പെടുകയാണ് ചെയ്യുന്നത്. സ്വപ്നങ്ങൾ നിറഞ്ഞ ഒരു ലോകം. നല്ല സ്വപ്നങ്ങൾ കാണുന്ന കുട്ടികളാണ് ഒരു നാടിന്റെ ഏറ്റവും വലിയ സമ്പത്ത്. ഇ-ബുക്കുകളിലേക്കും കിന്റലിലേക്കും സോഷ്യൽ മീഡിയയിലേക്കുമെല്ലാം വായന വളർന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ ഇവയൊന്നും പുസ്തകങ്ങളുടെ പ്രാധാന്യം കുറയ്ക്കുന്നില്ല. ഇളം മഞ്ഞ കടലാസിലെ കുനുകുനെയുള്ള അക്ഷരങ്ങളെയും പുത്തൻപുസ്തകത്തിന്റെ മനം നിറയ്ക്കുന്ന മണവും ആസ്വദിച്ച് വേണം കുട്ടികൾ വളരാൻ. നിങ്ങളെപ്പോലുള്ള കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് തരാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനം ഇതുതന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു,” സണ്ണി വെയ്ൻ കൂട്ടിച്ചേർക്കുന്നു.

Read more: അവനൊരു ചാൻസ് കൊടുത്തതിനു നന്ദി കുഞ്ചൂ; സണ്ണി വെയ്നിന്റെ ഭാര്യയോട് ദുൽഖർ

‘അനുഗ്രഹീതൻ ആന്റണി’ എന്ന ചിത്രമാണ് സണ്ണി വെയ്നിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ’96’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി ജി കിഷൻ ഈ ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കുകയാണ്. പ്രിൻസ് ജോയ് ആണ് ചിത്രത്തിന്റെ സംവിധായകൻ. നവീൻ ടി മണിലാൽ തിരക്കഥയെഴുതിയ ചിത്രം നിർമ്മിക്കുന്നത് എസ് തുഷാറാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook